പ്രമേഹവും കൊളസ്ട്രോളും തമ്മിലുള്ള ബന്ധം അറിയാമോ ?

 

പ്രമേഹം ഒരു രോഗം എന്നതിനെക്കാള്‍ ജീവിതശൈലിയുടെ ഭാഗമായി വരുന്ന അനാരോഗ്യകരമായ അവസ്ഥയാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി ഉയർന്നു നിൽക്കുന്ന അവസ്ഥയാണ് പ്രമേഹം. മിക്കവരിലും ഇന്ന് കണ്ടുവരുന്നത് 'ടൈപ്പ് 2' പ്രമേഹമാണ്.

ശരീരത്തിലെ ഇൻസുലിൻ കൂടിയാൽ രക്തത്തിലെ കൊളസ്ട്രോൾ കണികകളെ ദോഷകരമായി ബാധിക്കും. ഇത് നല്ല കൊളസ്ട്രോൾ അഥവാ എച്ച്ഡിഎൽ കൊളസ്ട്രോളിനെ കുറയ്ക്കും.  ചീത്ത കൊളസ്ട്രോളിന്റെയും ട്രൈഗ്ലിസറൈഡിന്റെയും നിരക്ക് ഉയർത്തുകയും ചെയ്യും. കൂടാതെ പ്രമേഹത്തിൽ അധികമുണ്ടാവുന്ന ഗ്ലൂക്കോസ് എൽഡിഎൽ കൊളസ്ട്രോളുമായി ചേർന്ന് കരളിൽ അതു നീക്കം ചെയ്യുന്ന പ്രക്രിയയ്ക്ക് തടസ്സമാവുന്നു. ശരീരത്തില്‍ കൊളസ്‌ട്രോളിന്‍റെ അളവ് അധികമായാല്‍ അത് രക്തധമനികളില്‍ അടിഞ്ഞു കൂടും. ഹൃദയാഘാതം, പക്ഷാഘാതം ഉള്‍പ്പെടെ മരണകാരണമായേക്കാവുന്ന പല രോഗങ്ങളിലേക്ക് നയിക്കുന്ന പ്രശ്നമാണ് രക്തത്തിലെ ഉയര്‍ന്ന കൊളസ്ട്രോള്‍ തോത്.

നെഞ്ചുവേദന, തലകറക്കം, മനംമറിച്ചില്‍, മരവിപ്പ്, അമിതമായ ക്ഷീണം, ശ്വാസംമുട്ടല്‍, നെഞ്ചിന് കനം, രക്തസമ്മര്‍ദ്ദം ഉയരുക, അവ്യക്തമായ സംസാരം, കാലിന്‍റെ കീഴ്ഭാഗത്ത് വേദന എന്നിവയെല്ലാം ഉയര്‍ന്ന കൊളസ്ട്രോളിന്‍റെ ലക്ഷണങ്ങളാണ്. പ്രമേഹത്തെ നിയന്ത്രിക്കുകയും ഭക്ഷണത്തിലും ജീവിതശൈലിയിലും ചില മാറ്റങ്ങള്‍ വരുത്തുന്നതിലൂടെയും ചീത്ത കൊളസ്ട്രോള്‍ അഥവാ എല്‍ഡിഎല്‍ തോത് കുറയ്ക്കാന്‍ സാധിക്കും.

അമേരിക്കൻ ഡയബറ്റിസ് അസോസിയേഷന്റെ നിർദേശമനുസരിച്ച്, പ്രമേഹത്തോടൊപ്പം ഹൃദയധമനീ രോഗവുമുള്ളവരിൽ എൽഡിഎൽ 70 മി.ഗ്രാമിൽ താഴെയാകണം. പ്രമേഹമുള്ള കൊളസ്ട്രോൾ രോഗികളിൽ ഹൃദ്രോഗസാധ്യത കൂടുതലാണെന്നും പഠനങ്ങള്‍ പറയുന്നു.  പ്രമേഹവും കൊളസ്ട്രോളിന്റെ ആധിക്യവും ഉള്ളവരിൽ രക്താതിസമ്മർദ്ദവും അമിത വണ്ണവും കൂടുതലായി കാണപ്പെടുന്നതും ഹൃദ്രോഗസാധ്യത പല മടങ്ങായി വർധിപ്പിക്കുന്നു. അതിനാല്‍ പ്രമേഹരോഗികൾ തുടക്കത്തിലും പിന്നീട് ആറ് മാസത്തിലോ, വർഷത്തിൽ ഒരിക്കലെങ്കിലുമോ കൊളസ്ട്രോള്‍ ടെസ്റ്റ് ചെയ്യണം. ഒപ്പം ഹൃദയാരോഗ്യം പരിശോധിക്കണം.