രാവിലെ ഒരു കപ്പ് ഓട്സ്, ദിവസവും ഒരു ഗ്ലാസ് തക്കാളി ജ്യൂസ്; കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന ശീലങ്ങൾ!
പ്രായം കൂടുന്നതിനനുസരിച്ച് കൊളസ്ട്രോൾ നില ഉയരുന്നത് സ്വാഭാവികമാണെന്ന ധാരണ പലർക്കുമുണ്ട്. ഇതിന്റെ ഭാഗമായി ഹൃദയാരോഗ്യം സംരക്ഷിക്കാനും കൊളസ്ട്രോൾ നിയന്ത്രിക്കാനുമായി നിരവധി പേർ സ്റ്റാറ്റിൻ ഉൾപ്പെടെയുള്ള മരുന്നുകളെ ആശ്രയിക്കുന്നു.
പ്രായം കൂടുന്നതിനനുസരിച്ച് കൊളസ്ട്രോൾ നില ഉയരുന്നത് സ്വാഭാവികമാണെന്ന ധാരണ പലർക്കുമുണ്ട്. ഇതിന്റെ ഭാഗമായി ഹൃദയാരോഗ്യം സംരക്ഷിക്കാനും കൊളസ്ട്രോൾ നിയന്ത്രിക്കാനുമായി നിരവധി പേർ സ്റ്റാറ്റിൻ ഉൾപ്പെടെയുള്ള മരുന്നുകളെ ആശ്രയിക്കുന്നു. എന്നാൽ കൊളസ്ട്രോൾ ശരീരത്തിന് ദോഷകരമായ ഒന്നുമാത്രമല്ല. കോശങ്ങളുടെ വളർച്ചയ്ക്കും വൈറ്റമിൻ ഡി ഉത്പാദനത്തിനും ഈസ്ട്രജൻ, ടെസ്റ്റോസ്റ്റിറോൺ തുടങ്ങിയ ഹോർമോണുകളുടെ നിർമ്മാണത്തിനും കൊളസ്ട്രോൾ അനിവാര്യമാണ്. അതിനാൽ കൊളസ്ട്രോളിന്റെ അളവ് മാത്രമല്ല, അതിന്റെ സന്തുലിതാവസ്ഥയും പ്രധാനമാണ്. ഭക്ഷണക്രമത്തിലും ജീവിതശൈലിയിലും ചില മാറ്റങ്ങൾ വരുത്തുന്നതിലൂടെ കൊളസ്ട്രോൾ നിയന്ത്രിക്കാൻ സഹായിക്കാനാകും.
പ്രശ്നം ഉണ്ടാകുന്നത് ഇവയുടെ സന്തുലിതാവസ്ഥ തെറ്റുമ്പോഴാണ്. നല്ല കൊളസ്ട്രോൾ എന്നറിയപ്പെടുന്ന എച്ച്ഡിഎൽ അളവിനേക്കാൾ ചീത്ത കൊളസ്ട്രോൾ എന്നറിയപ്പെടുന്ന എൽഡിഎൽ വർധിക്കുമ്പോൾ രക്തധമനികളിൽ കൊഴുപ്പ് അടിഞ്ഞുകൂടുകയും ഹൃദ്രോഗം, സ്ട്രോക്ക് എന്നിവയ്ക്കുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യുന്നു. എൻഎച്ച്എസ് മാർഗനിർദേശങ്ങൾ അനുസരിച്ച് ആകെ കൊളസ്ട്രോൾ 5 mmol/L-ൽ താഴെയായിരിക്കണം. എന്നാൽ മരുന്നുകൾ മാത്രമല്ല കൊളസ്ട്രോൾ നിയന്ത്രിക്കാനുള്ള ഏക വഴി.
1. ലോ-ഫാറ്റ് ഉൽപ്പന്നങ്ങൾക്ക് പകരം നല്ല കൊഴുപ്പുകൾ തിരഞ്ഞെടുക്കുക
ബട്ടർ, സംസ്കരിച്ച ഇറച്ചി, കുക്കികൾ തുടങ്ങിയവയിലെ പൂരിത കൊഴുപ്പുകൾ കുറയ്ക്കേണ്ടത് അത്യന്താപേക്ഷിതമാണ്. എന്നാൽ ഇവയ്ക്ക് പകരം 'ലോ ഫാറ്റ്' എന്ന് ലേബൽ ചെയ്ത സംസ്കരിച്ച ഉൽപ്പന്നങ്ങൾ വാങ്ങുന്നതിന് പകരം പ്രകൃതിദത്തമായ അപൂരിത കൊഴുപ്പുകൾ അടങ്ങിയ ഭക്ഷണം കഴിക്കുക. മത്തി, അയല തുടങ്ങിയ കൊഴുപ്പുള്ള മീനുകൾ, നട്സുകൾ, വിത്തുകൾ, ഒലിവ്, അവോക്കാഡോ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഹൃദയാരോഗ്യത്തിന് ഉത്തമമാണ്.
2. ദിവസവും ഒരു ഗ്ലാസ് തക്കാളി ജ്യൂസ്
തക്കാളി അടങ്ങിയ ഭക്ഷണക്രമം എൽഡിഎൽ കുറയ്ക്കാനും എച്ച്ഡിഎൽ വർധിപ്പിക്കാനും സഹായിക്കുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. തക്കാളിയിലടങ്ങിയിരിക്കുന്ന 'ലൈക്കോപീൻ' എന്ന ശക്തമായ ആന്റിഓക്സിഡന്റാണ് ഇതിന് സഹായിക്കുന്നത്. ഉപ്പ് ചേർക്കാത്ത തക്കാളി ജ്യൂസ് ദിവസവും കുടിക്കുന്നത് രക്തസമ്മർദവും കൊളസ്ട്രോളും കുറയ്ക്കാൻ ഫലപ്രദമാണ്.
3. പ്രഭാതഭക്ഷണത്തിന് ഓട്സ് കഴിക്കാം
ഓട്സിൽ അടങ്ങിയിരിക്കുന്ന ബീറ്റാ-ഗ്ലൂക്കൻ എന്ന ലയിക്കുന്ന നാരുകൾ ദഹനവ്യവസ്ഥയിൽ വച്ച് കൊളസ്ട്രോളിനെ വലിച്ചെടുക്കുകയും രക്തത്തിലേക്ക് കലരുന്നത് തടയുകയും ചെയ്യുന്നു. രാവിലെ ഓട്സ് കഴിക്കുന്നത് ഏതാനും ആഴ്ചകൾക്കുള്ളിൽ എൽഡിഎൽ അളവ് കുറയ്ക്കാൻ സഹായിക്കും.
4. പ്രകൃതിദത്ത സസ്യ സ്റ്റീറോളുകൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക
സസ്യങ്ങളിൽ കാണപ്പെടുന്ന സ്റ്റീറോളുകളും സ്റ്റാനോളുകളും ഘടനയിൽ കൊളസ്ട്രോളിന് സമാനമാണ്. ഇവ കഴിക്കുമ്പോൾ, കുടലിൽ വച്ച് യഥാർത്ഥ കൊളസ്ട്രോൾ രക്തത്തിലേക്ക് ആഗിരണം ചെയ്യപ്പെടുന്നത് തടയപ്പെടുന്നു. ബ്രോക്കോളി, കോളിഫ്ലവർ, അവോക്കാഡോ എന്നിവയിൽ സ്റ്റീറോളുകളും നിലക്കടല, ബദാം, സൂര്യകാന്തി വിത്തുകൾ എന്നിവയിൽ സ്റ്റാനോളുകളും ധാരാളമായി അടങ്ങിയിട്ടുണ്ട്.
5. പയറുവർഗങ്ങൾ കൂടുതൽ ഉപയോഗിക്കുക
വെള്ള അപ്പം, പാസ്ത, പഞ്ചസാര അടങ്ങിയ സിറിയലുകൾ തുടങ്ങിയ ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റുകൾ രക്തത്തിലെ പഞ്ചസാരയുടെ അളവും എൽഡിഎല്ലും വർധിപ്പിക്കും. ഇവയ്ക്ക് പകരം ചെറുപയർ, കടല, പരിപ്പുവർഗങ്ങൾ എന്നിവ ഭക്ഷണത്തിന്റെ ഭാഗമാക്കുക. ഇവയിലെ ലയിക്കുന്ന നാരുകൾ കൊളസ്ട്രോളിനെ ശരീരത്തിൽ നിന്ന് പുറന്തള്ളാൻ സഹായിക്കുന്നു.