മാനസികാരോ​ഗ്യം ശ്രദ്ധിച്ചില്ലെങ്കിൽ ഹൃദയത്തിനും 'പണി'കിട്ടുമെന്ന് പുതിയ പഠനം

ഹൃദയ സംബന്ധമായ അസുഖങ്ങൾ കാരണം പ്രതിവർഷം 1.7 കോടി പേർ മരിക്കുന്നുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. ആ​ഗോളതലത്തിൽ ആളുകളുടെ മരണത്തിന്റെ പ്രധാന കാരണവും ഹൃദയസംബന്ധമായ രോ​ഗങ്ങളാണ്. ഇപ്പോഴിതാ, ചില മാനസികാരോഗ്യ പ്രശ്നങ്ങൾ ഹൃദ്രോഗസാധ്യത 50 മുതൽ 100% വരെ വർധിപ്പിക്കുന്നു എന്ന് പുതിയ പഠനം സൂചിപ്പിക്കുന്നു

 

ഹൃദയ സംബന്ധമായ അസുഖങ്ങൾ കാരണം പ്രതിവർഷം 1.7 കോടി പേർ മരിക്കുന്നുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. ആ​ഗോളതലത്തിൽ ആളുകളുടെ മരണത്തിന്റെ പ്രധാന കാരണവും ഹൃദയസംബന്ധമായ രോ​ഗങ്ങളാണ്. ഇപ്പോഴിതാ, ചില മാനസികാരോഗ്യ പ്രശ്നങ്ങൾ ഹൃദ്രോഗസാധ്യത 50 മുതൽ 100% വരെ വർധിപ്പിക്കുന്നു എന്ന് പുതിയ പഠനം സൂചിപ്പിക്കുന്നു. എമോറി യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ​ഗവേഷകർ നടത്തിയ പഠനം 'ദി ലാൻസെറ്റിൽ' പ്രസിദ്ധീകരിച്ചു.

ചില മാനസികാരോ​ഗ്യ പ്രശ്നങ്ങൾ ഹൃദ്രോ​ഗ സാധ്യത ​വർധിപ്പിക്കുമെന്ന് റിപ്പോർട്ട് പറയുന്നു. വിഷാദം, ഉത്കണ്ഠ, സ്കിസോഫ്രീനിയ, ബൈപോളാർ ഡിസോർഡർ, പോസ്റ്റ്-ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡർ (പി.ടി.എസ്.ഡി) തുടങ്ങിയ അവസ്ഥകൾക്ക് ഹൃദ്രോഗം വരാനുള്ള സാധ്യത 50 മുതൽ 100 ശതമാനം വരെ വർധിപ്പിക്കാൻ കഴിയും. ഇതിനകം ഹൃദയസംബന്ധമായ പ്രശ്നങ്ങളുള്ളവരിൽ, ഈ മാനസികാരോഗ്യ പ്രശ്നങ്ങൾ രോഗാവസ്ഥയെ കൂടുതൽ വഷളാക്കുകയും, അപകടസാധ്യത 60 മുതൽ 170 ശതമാനം വരെ വർധിപ്പിക്കുകയും ചെയ്യുന്നുവെന്നും പഠനം വ്യക്തമാക്കുന്നു.

റിപ്പോർട്ട് പറയുന്ന കാര്യങ്ങൾ:

    കടുത്ത വിഷാദരോഗം അപകടസാധ്യത 72% വർധിപ്പിക്കുന്നു.
    പി.ടി.എസ്.ഡി അപകടസാധ്യത വർധിപ്പിക്കുന്നു.
    ബൈപോളാർ ഡിസോർഡർ അപകടസാധ്യത 61% വർധിപ്പിക്കുന്നു.
    പാനിക് ഡിസോർഡർ അപകടസാധ്യത 50% വർധിപ്പിക്കുന്നു.
    ഫോബിക് ആൻസൈറ്റി അപകടസാധ്യത 70% വർധിപ്പിക്കുന്നു.
    സ്കിസോഫ്രീനിയ, ഞെട്ടിക്കുന്ന തരത്തിൽ, അപകടസാധ്യത ഏകദേശം 100% വർധിപ്പിക്കുന്നു.

വിഷാദരോഗം, സ്കിസോഫ്രീനിയ, പി.ടി.എസ്.ഡി, മാനസിക സമ്മർദ്ദം മൂലമുള്ള പ്രശ്നങ്ങൾ എന്നിവ ഓട്ടണമിക് നെർവസ് സിസ്റ്റം (ANS), ഹൈപ്പോതലാമിക്-പിറ്റ്യൂട്ടറി അഡ്രീനൽ ആക്സിസ് (HPA) എന്നീ സംവിധാനങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു

ഹൃദയമിടിപ്പ്, കരളിന്റെ പ്രവർത്തനം, വിയർക്കൽ, കണ്ണിന്റെ ചലനം പോലെയുള്ള ശരീരത്തിന്റെ സ്വാഭാവിക പ്രവർത്തനങ്ങളെ ANS നിയന്ത്രിക്കുന്നു. കൂടാതെ, ഇത് വീക്കത്തെയും നിയന്ത്രിക്കുന്നു. അതേസമയം, രോഗപ്രതിരോധ ശേഷിയെയും ഉപാപചയ പ്രവർത്തനങ്ങളെയും HPA ബാധിക്കുന്നു.

ഈ സംവിധാനങ്ങൾ പല അവയവങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ അവ ശരീരത്തിന്റെയും ഹൃദയത്തിന്റെയും മൊത്തത്തിലുള്ള പ്രവർത്തനത്തെ സാരമായി ബാധിക്കുന്നതായും റിപ്പോർട്ട് വ്യക്തമാക്കി.