ഏലയ്ക്ക വെറുമൊരു മൗത്ത് ഫ്രഷ്നർ അല്ല! ഭക്ഷണശേഷം കഴിച്ചാലുള്ള ഗുണങ്ങൾ അറിയാം
ഭക്ഷണത്തിന് ശേഷം വായുടെ ദുർഗന്ധം മാറ്റാൻ ഏലയ്ക്ക ചവയ്ക്കുന്ന ശീലം പലർക്കുമുണ്ട്. എന്നാൽ ഇത് വെറുമൊരു ശീലം മാത്രമല്ല, ആരോഗ്യത്തിന് നിരവധി അത്ഭുതകരമായ ഗുണങ്ങൾ നൽകുന്ന ഒന്നാണിത്.
ഭക്ഷണത്തിന് ശേഷം വായുടെ ദുർഗന്ധം മാറ്റാൻ ഏലയ്ക്ക ചവയ്ക്കുന്ന ശീലം പലർക്കുമുണ്ട്. എന്നാൽ ഇത് വെറുമൊരു ശീലം മാത്രമല്ല, ആരോഗ്യത്തിന് നിരവധി അത്ഭുതകരമായ ഗുണങ്ങൾ നൽകുന്ന ഒന്നാണിത്. റിസർച്ച് ജേണൽ ഓഫ് ഫാർമസി ആൻഡ് ടെക്നോളജിയുടെ പഠനപ്രകാരം, ഏലയ്ക്കയുടെ സ്വാഭാവിക ആന്റിമൈക്രോബയൽ ഗുണങ്ങൾ വായുടെ ശുചിത്വം മെച്ചപ്പെടുത്താൻ ഏറെ സഹായിക്കുന്നു. 'സുഗന്ധവ്യഞ്ജനങ്ങളുടെ രാജ്ഞി' എന്നറിയപ്പെടുന്ന ഏലയ്ക്കയുടെ മറ്റ് പ്രധാന ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
ഭക്ഷണത്തിനുശേഷം ഏലയ്ക്ക ചവയ്ക്കുന്നതിന്റെ ഗുണങ്ങൾ
സിനിയോൾ, ലിമോണീൻ, ടെർപിനീൻ, ഫ്ലേവനോയ്ഡുകൾ എന്നിവ ഏലയ്ക്കയിൽ കാണപ്പെടുന്ന ചില സജീവ സംയുക്തങ്ങളാണ്. ഈ സംയുക്തങ്ങൾ വീക്കം കുറയ്ക്കുന്നതിനും ദഹനം മെച്ചപ്പെടുത്തുന്നതിനും ശ്വസനത്തെ ശുദ്ധീകരിക്കുന്നിനും സഹായിക്കുന്നു. ഹൃദയത്തിന്റെ ആരോഗ്യത്തെ സംരക്ഷിക്കുകയും ചെയ്യുന്നു. ദഹന എൻസൈമുകളെ സജീവമാക്കുകയും ചെയ്യുന്നു.
ഭക്ഷണത്തിനുശേഷം ഏലയ്ക്ക ചവയ്ക്കുന്നത് ലിപ്പേസ്, അമൈലേസ്, പ്രോട്ടീസ് തുടങ്ങിയ പാൻക്രിയാറ്റിക് എൻസൈമുകളെ ഉത്തേജിപ്പിക്കുന്നു. ചില സന്ദർഭങ്ങളിൽ, കുടലിലെ മ്യൂക്കോസൽ എൻസൈമുകൾ ഉത്തേജിപ്പിക്കപ്പെടുന്നു. ഇത് ഭക്ഷണം വിഘടിക്കുന്നതിന് സഹായിക്കുന്നു. ഗ്യാസ്, വയറുവേദന, ദഹനക്കേട് എന്നിവ കുറയ്ക്കുകയും ചെയ്യുന്നു. നെഞ്ചെരിച്ചിൽ കുറയ്ക്കുകയും ചെയ്യുന്നു.
എങ്ങനെ, എത്രെണ്ണം കഴിക്കാം?
പച്ച നിറത്തിലുള്ള ഏലയ്ക്ക തെരഞ്ഞെടുക്കുക. കാരണം അവ കൂടുതൽ സുഗന്ധമുള്ളതും ഔഷധഗുണമുള്ളതുമാണ്. പല്ല് ഉപയോഗിച്ച് ഏലയ്ക്ക പതുക്കെ പൊട്ടിച്ചതിനുശേഷം ഉള്ളിലെ വിത്തുകൾ നന്നായി ചവയ്ക്കുക. നന്നായി ചവച്ചരച്ചതിനു ശേഷം തൊണ്ട് തുപ്പി കളയുക. ഭക്ഷണത്തിന് ശേഷം ഒന്നോ രണ്ടോ കഴിച്ചാൽ മതിയാകും.