മുലയൂട്ടുന്ന അമ്മമാര്‍ വ്യായാമം ചെയ്യാൻ മറക്കല്ലേ..; ഗുണം നിങ്ങൾക്ക് മാത്രമല്ല, കുഞ്ഞിനും കിട്ടും.. 

വ്യായാമം ചെയ്യുന്നത് മുലയൂട്ടുന്ന സ്ത്രീകളിൽ ശരീരഭാരം കുറയ്ക്കാനും കൊഴുപ്പ് കുറയാനും കാരണമാകുമെന്ന് പഠനങ്ങൾ നേരത്തെ തെളിയിച്ചിട്ടുള്ളതാണ്. എന്നാലിപ്പോഴിതാ അമ്മമാർ വ്യായാമം ചെയ്യുന്നതിന്റെ ഗുണം കുഞ്ഞുങ്ങൾക്കും കിട്ടുമെന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്.
 

വ്യായാമം ചെയ്യുന്നത് മുലയൂട്ടുന്ന സ്ത്രീകളിൽ ശരീരഭാരം കുറയ്ക്കാനും കൊഴുപ്പ് കുറയാനും കാരണമാകുമെന്ന് പഠനങ്ങൾ നേരത്തെ തെളിയിച്ചിട്ടുള്ളതാണ്. എന്നാലിപ്പോഴിതാ അമ്മമാർ വ്യായാമം ചെയ്യുന്നതിന്റെ ഗുണം കുഞ്ഞുങ്ങൾക്കും കിട്ടുമെന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്. മുലയൂട്ടുന്ന അമ്മ ചെയ്യുന്ന വ്യായാമം കുഞ്ഞുങ്ങളിലെ വലിയ ആരോഗ്യപ്രശ്‌നമായി വളരുന്ന അമിതവണ്ണം കുറയ്ക്കുമെന്നും പഠനം പറയുന്നു.

ലോകാരോഗ്യസംഘടന 2020-ല്‍ നടത്തിയ കണക്കെടുപ്പ് പ്രകാരം ലോകത്താകെ നാലു കോടിയോളം കുട്ടികള്‍ അമിതവണ്ണത്തിന്റെ ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നവരാണ്. അടിയന്തരപരിഹാരം വേണമെന്ന് അന്നുതന്നെ സംഘടന ഗവേഷകലോകത്തോട് ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യത്തിനു ചുവടുപിടിച്ചാണ് നോര്‍വീജിയന്‍ സാങ്കേതിക സര്‍വകലാശാലയിലെ ഗവേഷകയായ ട്രൈന്‍ ടെഗ്ഡാന്‍ മഹോള്‍ട്ട് പഠനം നടത്തിയത്.

ആറുമുതല്‍ 12 ആഴ്ച വരെ പ്രായമുള്ള കുട്ടികളെ മുലയൂട്ടുന്ന 20 അമ്മമാരില്‍ ആയിരുന്നു ഇവരുടെ പരീക്ഷണം. വ്യായാമത്തിനു മുന്‍പും പിന്‍പും ഇടവേള നിശ്ചയിച്ചായിരുന്നു 240 സാമ്പിളുകളുടെ ശേഖരണം. വിശകലനത്തില്‍ അഡിപോനെക്ടിന്‍ എന്ന ഹോര്‍മോണിന്റെ അളവ് വ്യത്യാസപ്പെടുന്നതായാണ് കണ്ടെത്തിയത്. 

കഠിനമായ വ്യായാമം നടത്തിയവരില്‍ ഹോര്‍മോണിന്റെ അംശം കൂടുതലായിക്കണ്ടു. വ്യായാമത്തിന്റെ തോത് കുറയുമ്പോള്‍ ഹോര്‍മോണിന്റെ അളവില്‍ കുറവ് വരുന്നതായും കണ്ടെത്തി. അഡിപോനെക്ടിന്‍ ഹോര്‍മോണിന് കുഞ്ഞുങ്ങളുടെ ശരീരത്തിലെ ഗ്ലൂക്കോസിലും കൊഴുപ്പിലും ഗുണകരമായ സ്വാധീനം ചെലുത്തി അവയെ നിയന്ത്രിക്കാന്‍ കഴിയുമെന്നാണ് പഠനങ്ങൾ പറയുന്നത്.

മനുഷ്യരുടെ മുലപ്പാലില്‍ ഈ ഹോര്‍മോണിന്റെ സാന്നിധ്യം പണ്ടേ കണ്ടെത്തിയിട്ടുള്ളതുമാണ്. മുലപ്പാലിലൂടെ ഹോര്‍മോണ്‍ കുട്ടിയിലേക്ക് എത്തുകയും ഗുണകരമായ വിധത്തില്‍ സ്വാധീനിക്കുകയും ചെയ്യുമെന്നാണ് ഇവര്‍ കണ്ടെത്തിയിരിക്കുന്നത്. ഗവേഷണത്തിന്റെ ഫലം പ്രമുഖ ജേണലായ ഫ്രണ്ടിയേഴ്സില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ കുഞ്ഞുങ്ങളുടെ ആരോഗ്യത്തിനായി മടിയെല്ലാം മാറ്റിവച്ച് അമ്മമാരെ.. വ്യായാമം ചെയ്യാൻ തുടങ്ങിക്കോള്ളൂ..