അമ്മമാരുടെ ശ്രദ്ധയ്ക്ക് ; മുലപ്പാൽ വര്‍ധിപ്പിക്കാന്‍ ഈ ഭക്ഷണങ്ങള്‍ കഴിക്കൂ 

ഗർഭകാലത്തെപോലെ  മുലയൂട്ടുന്ന സമയത്തും ഭക്ഷണകാര്യത്തിൽ ശ്രദ്ധ വേണം.പ്രൊലാക്ടിൻ, ഓക്സിടോസിൻ എന്നീ ഹോർമോണുകളുടെ പ്രവർത്തനത്താലാണ് പാലുത്പാദനം നടക്കുന്നത്
 

ഗർഭകാലത്തെപോലെ  മുലയൂട്ടുന്ന സമയത്തും ഭക്ഷണകാര്യത്തിൽ ശ്രദ്ധ വേണം.പ്രൊലാക്ടിൻ, ഓക്സിടോസിൻ എന്നീ ഹോർമോണുകളുടെ പ്രവർത്തനത്താലാണ് പാലുത്പാദനം നടക്കുന്നത്.  പ്രസവ ശേഷം പല സ്ത്രീകളും അനുഭവിക്കുന്ന ഒരു പ്രശ്നമാണ് മുലപ്പാല്‍ കുറവ് എന്നത്. ഇതിനായി പോഷകഗുണങ്ങളുള്ള ഭക്ഷണങ്ങള്‍ അമ്മമാര്‍ കഴിക്കേണ്ടത് പ്രധാനമാണ്. 

മുലയൂട്ടുന്ന അമ്മമാർ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങൾ ഇതാ  


 പാലും പാലുല്‍പ്പന്നങ്ങളും 

പ്രോട്ടീനും കാത്സ്യവും അടങ്ങിയ പാലും പാലുല്‍പ്പന്നങ്ങളും മുലയൂട്ടുന്ന അമ്മമാര്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും  മുലപ്പാൽ വർധിക്കാൻ സഹായിക്കും.   


ഓട്സ് 

ഫൈബറും അയേണും ധാരാളം അടങ്ങിയ ഓട്സ് കഴിക്കുന്നത് മുലപ്പാലിന്റെ ഉൽപ്പാദനം കൂട്ടാൻ സഹായിക്കും. 

 പെരുംജീരകം

പെരുംജീരകവും മുലപ്പാൽ വർധിപ്പിക്കാൻ സഹായിക്കുന്ന ഭക്ഷണമാണ്. അതുപോലെ പെരുംജീരകത്തിന്റെ പതിവായ ഉപയോഗം ദഹനം സുഗമമാക്കുകയും പ്രസവശേഷം ഉണ്ടാകാവുന്ന മലബന്ധം അകറ്റാനും സഹായിക്കും. കാത്സ്യം, അയേണ്‍ തുടങ്ങിയവ അടങ്ങിയ പെരുംജീരകം ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് മുലപ്പാൽ വർദ്ധിപ്പിക്കുന്നതിന് സഹായിക്കും.

 ബദാം 

പ്രോട്ടീൻ, വിറ്റാമിനുകൾ, ധാതുക്കൾ, ആന്റിഓക്സിഡന്‍റുകള്‍ തുടങ്ങിയവയാല്‍ സമ്പുഷ്ടമാണ് ബദാം. കൂടാതെ കാത്സ്യത്തിന്‍റെ അത്ഭുതകരമായ നോൺ-ഡയറി സ്രോതസ്സായി കൂടി പറയപ്പെടുന്ന ബദാം മുലയൂട്ടുന്ന അമ്മമാർക്ക് വളരെ നല്ലതാണ്.

 പയര്‍വര്‍ഗങ്ങള്‍ 

ബീന്‍സ്, പയര്‍വര്‍ഗങ്ങള്‍ എന്നിവ പ്രോട്ടീന്‍, വിറ്റാമിനുകള്‍, ധാതുക്കള്‍, ഫൈറ്റോ ഈസ്ട്രജന്‍ എന്നിവയാല്‍ സമ്പുഷ്ടമാണ്. പ്രത്യേകിച്ച് ലാക്ടോജെനിക് പയര്‍വര്‍ഗമാണ് കടല. അതിനാല്‍ ഇവയും മുലയൂട്ടുന്ന അമ്മമാർ കഴിക്കുന്നത് നല്ലതാണ്. 

സീഡ്സ് 

വിത്തുകളില്‍ പ്രോട്ടീനും ഇരുമ്പ്, സിങ്ക്, കാത്സ്യം തുടങ്ങിയ അവശ്യ ധാതുക്കളും ആരോഗ്യകരമായ കൊഴുപ്പുകളും അടങ്ങിയിട്ടുണ്ട്. അതിനാല്‍ സൂര്യകാന്തി വിത്തുകള്‍, മത്തങ്ങ വിത്തുകള്‍, എള്ള് തുടങ്ങിയവ കഴിക്കുന്നത് മുലയൂട്ടുന്ന അമ്മമാർക്ക് നല്ലതാണ്. 

 ഉലുവ  

പ്രസവാനന്തരം മുലപ്പാലിന്റെ ഉൽപ്പാദനം കൂട്ടാൻ ഉലുവ സഹായിക്കും. ഇതിനായി തലേന്ന് ഒരു ഗ്ലാസ് വെള്ളത്തിൽ ഉലുവ കുതിർക്കുക. പിറ്റേന്ന് രാവിലെ ഈ വെള്ളം കുടിക്കുക. അല്ലെങ്കില്‍ ഉലുവ കഞ്ഞി കുടിക്കുന്നതും മുലപ്പാലിന്റെ ഉൽപ്പാദനം കൂട്ടാൻ സഹായിക്കും. 

 അയമോദകം

അയമോദകവും മുലപ്പാൽ വർധിക്കാൻ സഹായിക്കും. പാലുൽപാദനം വർധിപ്പിക്കുന്ന ഗാലക്റ്റഗോഗ്സ് എന്ന രാസവസ്തു അയമോദകത്തിലുണ്ട്.