നിങ്ങളുടെ തലച്ചോറിന്റെ ആരോഗ്യത്തിന് ഇത് ഭക്ഷണത്തിൽ ഉൾപ്പെടുത്താം 

 


കോഴിമുട്ട ഭക്ഷണത്തിൽ ഉൾപെടുത്തണം എന്ന് പറയുന്നതിന് നിരവധി കാരണങ്ങളുണ്ട്. മുട്ട കഴിക്കുന്നത് നല്ലതാണോ എന്ന് ചോദിച്ചാൽ നിസ്സംശയം പറയാം 'അതെ' എന്ന്. എന്നാൽ അവരവരുടെ ആരോഗ്യത്തിനനുസരിച്ച് കഴിക്കണം എന്നു മാത്രം. അതുപോലെ കൃത്യമാഹാരം നൽകി വളർത്തുന്ന കോഴികളുടെ മുട്ടകളും ചിലപ്പോൾ ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാക്കിയേക്കാം. മുട്ട കഴിച്ചാല്‍ ശരീരത്തിന് ലഭിക്കുന്ന ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

മുട്ട പലരുടെയും ഇഷ്ട ഭക്ഷണമാണ്. എന്നാൽ കൊളസ്ട്രോൾ കൂടുമെന്ന് പേടിച്ച് പലരും മുട്ട ഒഴിവാക്കാറുമുണ്ട്. ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയ ഭക്ഷണമാണ് മുട്ട. വിറ്റാമിൻ ഡി, കോളിൻ എന്നിവയുൾപ്പെടെയുള്ള മറ്റ് പോഷകങ്ങളുടെ നല്ല ഉറവിടവുമാണ് മുട്ട.

മുട്ടയുടെ മഞ്ഞക്കരു ബി വിറ്റാമിനുകളുടെ സമ്പന്നമായ ഒരു സ്രോതസ്സാണ്. ഇത് വീക്കം കുറയ്ക്കുകയും നമ്മുടെ അവയവങ്ങൾ സുഗമമായി പ്രവർത്തിക്കാൻ സഹായിക്കുകയും ചെയ്യുന്നു. എന്നിരുന്നാലും, ബി വിറ്റാമിനുകൾ തലച്ചോറിന്റെ പ്രവർത്തനത്തെ സഹായിക്കുന്നുവെന്ന കാര്യം വളരെ കുറച്ച് ആളുകൾക്ക് മാത്രമേ അറിയാവൂ!ഇതിനർത്ഥം മുട്ട കഴിക്കുന്നത് നിങ്ങൾക്ക് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുവാനും മികച്ച ഏകാഗ്രത കൈവരിക്കുവാനും സഹായിക്കും.

മറ്റ് ഭക്ഷണങ്ങളെ അപേക്ഷിച്ച് ഒരു കലോറിയിൽ കൂടുതൽ പോഷകങ്ങൾ മുട്ടയിൽ അടങ്ങിയിട്ടുണ്ട്. ധാരാളം വിറ്റാമിൻസ്, ധാതുക്കൾ, അമിനോ ആസിഡുകൾ എന്നിവയും മുട്ടയിലുണ്ട്. വിറ്റാമിൻ ബി 12, ഒന്നിലധികം ആന്റീ ഓക്‌സിഡന്റുകൾ തുടങ്ങിയവയും മുട്ടയിൽ അടങ്ങിയിരിക്കുന്നു. ഇവയെല്ലാം രോഗപ്രതിരോധ വ്യവസ്ഥയുടെ ശരിയായ പ്രവർത്തനത്തെ സഹായിക്കുന്നു.ശരീരത്തിനാവശ്യമായ പ്രോട്ടീൻ നൽകുന്ന ഏറ്റവും മികച്ച ഭക്ഷണമാണ് മുട്ട. മുട്ടയുടെ വെള്ളയിൽ ഫാറ്റ് കുറവാണ്. ആറ് ഗ്രാം പ്രോട്ടീൻ, 55 മില്ലി ഗ്രാം സോഡിയം എന്നിവ അതിൽ അടങ്ങിയിട്ടുണ്ട്. ശരീരത്തിന്റെ ദൈനംദിന പ്രവർത്തനങ്ങളില്‍ ഏറ്റവും ആവശ്യമുള്ള ഒന്നാണിത്. കൂടാതെ അത്യാവശ്യമുള്ള 9 അമിനോ ആസിഡുകളും ഇതിൽ അടങ്ങിയിട്ടുണ്ട്.

പ്രായമാകുമ്പോൾ ഏറ്റവും കൂടുതൽ ബാധിക്കുന്ന അവയവമാണ് നമ്മുടെ കണ്ണുകളെന്ന വസ്തുത ആർക്കും നിഷേധിക്കാനാവില്ല. പ്രായമാകുന്തോറും തിമിരത്തിന്റെയും മാക്യുലർ ഡീജനറേഷന്റെയും സാധ്യത വർദ്ധിക്കുന്നു. ഈ അപകടസാധ്യത കുറയ്ക്കാനും നമ്മുടെ കണ്ണുകളെ സംരക്ഷിക്കാനും കഴിയുന്ന രണ്ട് ആന്റിഓക്‌സിഡന്റുകൾ മുട്ടകളിൽ അടങ്ങിയിട്ടുണ്ട്.മുട്ടയിൽ കാണപ്പെടുന്ന ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നിവ കണ്ണിന്റെ റെറ്റിനയെ സ്വാധീനിക്കുന്നു, അതിനാൽ കണ്ണിന്റെ ആരോഗ്യം നിലനിർത്താൻ ഇത് സഹായിക്കുന്നു. വാസ്തവത്തിൽ, ക്ലിനിക്ക്‌സ് ഇൻ ഡെർമറ്റോളജി എന്ന ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനം ഇത് സ്ഥിരീകരിക്കുന്നുമുണ്ട്!

മുട്ടയിൽ ഉയർന്ന അളവിൽ പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. അതിനർത്ഥം അവ കഴിക്കുന്നത് നമ്മുടെ വിശപ്പ് വേഗത്തിൽ ശമിപ്പിക്കുമെന്നും, കുറച്ചധികം നേരം വിശപ്പ് അനുഭവപ്പെടാതെ നിലനിർത്തുവാൻ സഹായിക്കുമെന്നും അർത്ഥമാക്കുന്നു. ഇത് ഭക്ഷണം അമിതമായി കഴിക്കുന്നത് കുറയ്ക്കുകയും കലോറി കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു. അതിനാൽ, ശരീരഭാരം കുറയ്ക്കാനുള്ള ശ്രമത്തിൽ ഏർപ്പെടുന്നവർക്ക് മുട്ട ഒരു മികച്ച ഭക്ഷണമാണ്.പുഴുങ്ങിയോ ചിക്കിപ്പൊരിച്ചോ, അങ്ങിനെ നിങ്ങൾക്ക് ഇഷ്ടപ്പെടുന്ന രൂപത്തിൽ, ആരോഗ്യകരമായ അളവിൽ മുട്ട കഴിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക!

ജനകീയ വിശ്വാസത്തിന് വിരുദ്ധമായി, എച്ച്ഡിഎല്ലിന്റെ (ഉയർന്ന സാന്ദ്രതയുള്ള ലിപ്പോപ്രോട്ടീൻ) സമ്പന്നമായ ഉറവിടമാണ് മുട്ട, ഇത് ഒരുതരം നല്ല കൊളസ്ട്രോൾ ആണ്. ഉയർന്ന അളവിൽ എച്ച്ഡിഎൽ ഉള്ളവർക്ക് ഹൃദ്രോഗ സാധ്യത കുറവായിരിക്കും. എന്നിരുന്നാലും, നിങ്ങൾ മുട്ട നിങ്ങൾ ധാരാളമായി കഴിക്കണം എന്ന് ഇതിനർത്ഥമില്ല. ആഴ്ചയിൽ മിതമായ എണ്ണം മുട്ടകൾ (രണ്ട് മുതൽ ആറ് വരെ) കഴിക്കുന്നത് നിങ്ങളുടെ ശരീരത്തിൽ അത്ഭുതകരമായ ഫലങ്ങൾ സൃഷ്ടിക്കും.