മധുരം മാത്രമല്ല വില്ലൻ! വൈകിയുള്ള ഭക്ഷണവും മറ്റ് ദൈനംദിന ശീലങ്ങളും ബ്ലഡ് ഷുഗറിനെ ബാധിക്കാം
രക്തത്തിലെ പഞ്ചസാരയുടെ അളവിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകുന്നതിന് പിന്നിൽ പല കാരണങ്ങളുണ്ടാകാം. നമ്മൾ നിസാരമെന്ന് കരുതുന്ന പല ദൈനംദിന ശീലങ്ങളും ഇതിൽ വലിയ പങ്കുവഹിക്കുന്നുണ്ട്. ഭക്ഷണം കഴിക്കാൻ വൈകുന്നത്, മധുരപലഹാരങ്ങൾ കഴിക്കുന്നത്, മരുന്നുകൾ കഴിക്കുന്ന സമയത്തിലുണ്ടാകുന്ന മാറ്റങ്ങൾ എന്നിവയെല്ലാം ശരീരം ഗ്ലൂക്കോസിനെ നിയന്ത്രിക്കുന്ന രീതിയെ സ്വാധീനിക്കും. ആരോഗ്യം നിലനിർത്തുന്നതിനും പഞ്ചസാരയുടെ അളവിലുണ്ടാകുന്ന വ്യതിയാനങ്ങൾ കൃത്യസമയത്ത് തിരിച്ചറിഞ്ഞ് ചികിത്സ തേടുന്നതിനും ഈ ഘടകങ്ങളെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്.

ഭക്ഷണം കഴിക്കുന്ന സമയത്തിന്റെ കാര്യത്തിൽ ആളുകൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്; പ്രത്യേകിച്ച് ഇൻസുലിൻ എടുക്കുന്നവരും ഇൻസുലിൻ ഉൽപ്പാദനത്തെ ഉത്തേജിപ്പിക്കുന്ന മരുന്നുകൾ കഴിക്കുന്നവരും. ഇത്തരം മരുന്നുകൾ കഴിച്ച ശേഷം ഭക്ഷണം വൈകുകയോ ഒഴിവാക്കുകയോ ചെയ്യുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് അപകടകരമാംവിധം കുറയുന്നതിന് കാരണമാകും. അമിതമായി വിയർക്കുക, വിറയൽ, അമിതമായ വിശപ്പ്, തലകറക്കം, ആശയക്കുഴപ്പം, പെട്ടെന്നുള്ള തളർച്ച എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങൾ.
മറുവശത്ത്, ദീർഘനേരം ഭക്ഷണം കഴിക്കാതിരിക്കുന്നത് അമിതമായ വിശപ്പിന് കാരണമാവുകയും, പിന്നീട് സാധാരണയേക്കാൾ കൂടുതൽ അളവിൽ ഭക്ഷണം കഴിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യും. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കുതിച്ചുയരാൻ ഇടയാക്കും. ഓരോ വ്യക്തിയുടെയും ചികിത്സാരീതി, ഭക്ഷണക്രമം, പ്രമേഹ നിയന്ത്രണം എന്നിവയെ ആശ്രയിച്ച് ഇതിന്റെ ആഘാതത്തിൽ മാറ്റങ്ങൾ വരാം.
മധുരപലഹാരങ്ങളിലും ഡെസേർട്ടുകളിലും പഞ്ചസാര, മൈദ തുടങ്ങിയവയിൽ നിന്നുള്ള കാർബോഹൈഡ്രേറ്റുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവ ശരീരത്തിൽ വെച്ച് ഗ്ലൂക്കോസായി വിഘടിച്ച് രക്തത്തിൽ കലരുകയും പഞ്ചസാരയുടെ അളവ് വർധിപ്പിക്കുകയും ചെയ്യുന്നു.
പ്രമേഹമുള്ളവർ എല്ലാ മധുരപലഹാരങ്ങളും പൂർണമായി ഉപേക്ഷിക്കണമെന്നില്ല. എന്നാൽ കഴിക്കുന്നതിന്റെ അളവ്, അതിലടങ്ങിയിരിക്കുന്ന കാർബോഹൈഡ്രേറ്റിന്റെ തോത്, ഇവ അവരുടെ മൊത്തത്തിലുള്ള ഭക്ഷണക്രമത്തിൽ എങ്ങനെ ഉൾക്കൊള്ളിക്കാം എന്നിവയെക്കുറിച്ച് കൃത്യമായ ബോധ്യമുണ്ടായിരിക്കണം. ചെറിയൊരു കഷ്ണം മധുരപലഹാരത്തെക്കാൾ, വലിയ അളവിൽ മധുരപലഹാരങ്ങളോ മധുരപാനീയങ്ങളോ കഴിക്കുന്നത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് പെട്ടെന്ന് ഉയരാൻ കാരണമാകും.
കഴിക്കുന്ന മധുരത്തിന്റെ അളവ്, കൂടെ കഴിക്കുന്ന മറ്റ് ഭക്ഷണങ്ങൾ, ശാരീരിക അദ്ധ്വാനം, പ്രമേഹം എത്രത്തോളം നിയന്ത്രണവിധേയമാണ് എന്നിങ്ങനെ പല ഘടകങ്ങളെ ആശ്രയിച്ചാണ് മധുരപലഹാരങ്ങൾ ശരീരത്തെ ബാധിക്കുന്നത്. അളവ് കൃത്യമായി നിശ്ചയിച്ചും അറിവോടെയുള്ള ഭക്ഷണരീതികൾ തിരഞ്ഞെടുത്തും രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുന്നതിനൊപ്പം വല്ലപ്പോഴുമുള്ള ആഘോഷങ്ങളിൽ മധുരം ആസ്വദിക്കാൻ സാധിക്കും.
പ്രമേഹം കൂടുതൽ കൃത്യതയോടെ നിയന്ത്രിക്കാൻ സഹായിക്കുന്ന ചില ദൈനംദിന ശീലങ്ങൾ
ഭക്ഷണസമയം കൃത്യമായി പാലിക്കുക: കൃത്യമായ ഇടവേളകളിൽ ഭക്ഷണം കഴിക്കേണ്ട മരുന്നുകളാണ് നിങ്ങൾ ഉപയോഗിക്കുന്നതെങ്കിൽ, എല്ലാ ദിവസവും ഒരേ സമയത്ത് ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കുക.
ഭക്ഷണം ഒഴിവാക്കാതിരിക്കുക: നിങ്ങളുടെ ഭക്ഷണക്രമത്തെക്കുറിച്ച് ഡോക്ടറുമായോ ഡയറ്റീഷ്യനുമായോ സംസാരിക്കുക; പ്രത്യേകിച്ച് ഇൻസുലിനോ ഷുഗർ കുറയാൻ സാധ്യതയുള്ള മരുന്നുകളോ കഴിക്കുന്നവർ ഒരു നേരത്തെ ഭക്ഷണം പോലും ഒഴിവാക്കരുത്.
അളവിൽ ശ്രദ്ധ വേണം: മധുരപലഹാരങ്ങൾ, ഡെസേർട്ടുകൾ, മധുരപാനീയങ്ങൾ എന്നിവ കഴിക്കുമ്പോൾ അവയുടെ അളവിലും കാർബോഹൈഡ്രേറ്റിന്റെ തോതിലും പ്രത്യേകം ശ്രദ്ധിക്കുക.