കരുതിയിരിക്കുക സൂര്യാഘാതത്തെ; ഉടൻ ചികിത്സ ഉറപ്പാക്കണം
സംസ്ഥാനത്ത് വിവിധയിടങ്ങളായി സൂര്യാഘാതത്തിന്റെ സാഹചര്യമാണ് ഉടലെടുത്തിരിക്കുന്നത്. ശരീരം അമിതമായി ചൂടാകുന്നതാണ് സൂര്യാഘാതത്തിന്റെ അടിസ്ഥാന കാരണം. ഇങ്ങനെ അമിതമായി ശരീരം ചൂടാകുമ്പോൾ അതിന്റെ തണുപ്പിക്കൽ സംവിധാനം പരാജയപ്പെടുന്നു. ഇതോടെ ശരീരത്തിലെ സുപ്രധാന അവയവങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുന്നതിലേക്ക് വരെ കാര്യങ്ങളെത്തുന്നതോടെ സൂര്യാഘാതം ജീവനെടുക്കുന്നു.
കൊച്ചി: സംസ്ഥാനത്ത് വിവിധയിടങ്ങളായി സൂര്യാഘാതത്തിന്റെ സാഹചര്യമാണ് ഉടലെടുത്തിരിക്കുന്നത്. ശരീരം അമിതമായി ചൂടാകുന്നതാണ് സൂര്യാഘാതത്തിന്റെ അടിസ്ഥാന കാരണം. ഇങ്ങനെ അമിതമായി ശരീരം ചൂടാകുമ്പോൾ അതിന്റെ തണുപ്പിക്കൽ സംവിധാനം പരാജയപ്പെടുന്നു. ഇതോടെ ശരീരത്തിലെ സുപ്രധാന അവയവങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുന്നതിലേക്ക് വരെ കാര്യങ്ങളെത്തുന്നതോടെ സൂര്യാഘാതം ജീവനെടുക്കുന്നു.
വെയിലിൽ ദീർഘനേരം കഴിയുമ്പോൾ ശരീര താപനില ഉയർന്നു കൊണ്ടിരിക്കുന്നു. ഇത് ഏകദേശം 40 ഡിഗ്രി സെൽഷ്യസിന് മുകളിലേക്ക് എത്തുന്നതോടെ ശരീരത്തിന്റെ തണുപ്പിക്കൽ സംവിധാനങ്ങളായ വിയർക്കൽ, ചർമ്മത്തിലെ രക്തക്കുഴലുകൾ വികസിക്കൽ തുടങ്ങിയവ നിലയ്ക്കുകയാണ്. ഈ ഘട്ടത്തിലെത്തുന്നതോടെ ശരീരതാപനില വൻതോതിൽ ഉയരുന്നു. ശരീര കോശങ്ങളെ നേരിട്ട് പരിക്കേൽപ്പിക്കാൻ തുടങ്ങുന്നു. രക്തക്കുഴലുകളിൽ വീക്കം വരുന്നു. ഇതിനോട് ശരീരം പ്രതികരിക്കുക രക്തം കട്ടപിടിപ്പിച്ചാണ്. ഇതോടെ ശരീരകലകൾക്ക് കൂടുതൽ അപകടം സംഭവിക്കുന്നു.
ശരീരത്തിന്റെ കോർ താപനില വളരെ ഉയരുന്നതോടെ വിവിധ അവയവങ്ങൾ ഒരേ സമയം പരാജയപ്പെടാൻ തുടങ്ങുന്നു. സൂര്യാഘാതമേറ്റയാൾക്ക് കടുത്ത ആശയക്കുഴപ്പം, അപസ്മാരം തുടങ്ങിയവയെല്ലാം ഉണ്ടാകാനിടയുണ്ട്. രക്തസമ്മർദ്ദം കുറയുന്നത് അവയവങ്ങളിലേക്കുള്ള ഓക്സിജൻ കുറയ്ക്കുന്നു. രക്തയോട്ടത്തിൽ പ്രശ്നമുണ്ടാകുന്നത് അവയവങ്ങളുടെ പരാജയത്തിന് ആക്കം കൂട്ടുന്നു. സൂര്യാഘാതമുണ്ടായാൽ ചികിത്സ ഒട്ടും വൈകരുതെന്ന് പറയുന്നതിന് കാരണം അവയവങ്ങൾ തകരാറിലാകുന്നത് തടയാൻ കഴിയണം എന്നതു കൊണ്ടാണ്.
പകൽ 11 മുതല്‍ 3 വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക. പലർക്കും ഇത് പ്രായോഗികമല്ലെന്ന് തോന്നാം. ജോലിക്കിടയിൽ ഇടക്കിടെ തണലിലേക്ക് മാറി നിൽക്കണം. തുടർച്ചയായി വെയില് ശരീരത്തിൽ ഏൽക്കുന്നത് പരമാവധി ഒഴിവാക്കണം. ഇതിനു വേണ്ടി ജോലി ചെയ്യുന്ന എല്ലാവരും ഒരുപോലെ സഹകരിച്ച് തീരുമാനമെടുക്കണം. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക. പരമാവധി ശുദ്ധജലം കുടിക്കുക. ജോലിക്കിറങ്ങുമ്പോഴും ശേഷവും നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ തുടങ്ങിയ പാനീയങ്ങള്‍ ഒഴിവാക്കുക. അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങള്‍ ധരിക്കുക. ചൂട് വലിച്ചെടുക്കുന്ന തരത്തിലുള്ള ഇരുണ്ട വസ്ത്രങ്ങൾ ഒഴിവാക്കുക. കഴിയുന്ന സമയത്തെല്ലാം ഒരു തൊപ്പിയെടുത്ത് തലയിൽ വെക്കുക. വേനലിലുടനീളം പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ഒആർഎസ് ലായനിയുടെ പായ്ക്കറ്റുകൾ കൈയിൽ എപ്പോഴും കരുതുക. ഇടയ്ക്ക് വെള്ളത്തിൽ കലക്കി കുടിക്കുക.
സൂര്യാഘാതം ഉണ്ടായാൽ ആ വ്യക്തിയുടെ ശരീരത്തിലെ വസ്ത്രങ്ങൾ മാറ്റി പരമാവധി ആശ്വാസം നൽകുക. സാധാരണ തണുപ്പുള്ള വെള്ളം കൊണ്ട് ശരീരം നനയ്ക്കാവുന്നതാണ്. ഈ സമയത്ത് നന്നായി വീശിക്കൊടുക്കുക. കഴുത്ത്, കക്ഷം, ഞരമ്പ് എന്നിവിടങ്ങളിൽ ഐസ് പായ്ക്കോ, നനഞ്ഞ തുണികളോ വെക്കുക. ആശുപത്രിയിൽ എത്തിക്കുന്നതിനിടെ ഇതെല്ലാം ചെയ്യുന്നതാകും ഉത്തമം.