പച്ച ചക്കയുടെ ഗുണങ്ങള്‍...

 

വീടുകളില്‍ സുലഭമായി ലഭിക്കുന്ന ഒന്നാണ് ചക്ക. പച്ച ചക്ക കൊണ്ട് പല വിഭവങ്ങളും തയ്യാറാക്കുന്നവരുണ്ട്. പ്രോട്ടീന്‍, ഫൈബര്‍, വിറ്റാമിന്‍ എ, വിറ്റാമിന്‍ സി, പൊട്ടാസ്യം, മഗ്നീഷ്യം, സിങ്ക്, കോപ്പര്‍, മാംഗനീസ് എന്നിങ്ങനെ ശരീരത്തിന് വിവിധാവശ്യങ്ങള്‍ക്കായി വേണ്ടി വരുന്ന പല ഘടകങ്ങളും ചക്കയില്‍ അടങ്ങിയിട്ടുണ്ട്. ചക്കയില്‍ അടങ്ങിയിരിക്കുന്ന ഇത്തരം ആന്‍റി ഓക്സിഡന്‍‌റുകള്‍ ക്യാന്‍സര്‍, ഹൃദ്രോഗം മുതലായ പല രോഗങ്ങളേയും ചെറുത്തു നില്‍ക്കാന്‍ സഹായിക്കുന്നതാണ് എന്നാണ് ന്യൂട്രീഷ്യന്മാര്‍ പറയുന്നത്.

ടൈപ്പ്- 2 പ്രമേഹത്തെ നേരിടാനും ചക്കയ്ക്ക് ആകുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.  പച്ച ചക്കയിലടങ്ങിയിരിക്കുന്ന ഘടകങ്ങള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിക്കുന്നത് തടയാൻ സഹായിക്കുമത്രേ.

അറിയാം പച്ച ചക്ക കഴിക്കുന്നതു കൊണ്ടുള്ള ആരോഗ്യ ഗുണങ്ങള്‍...

ഒന്ന്...

ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും പച്ച ചക്ക കഴിക്കുന്നത് നല്ലതാണ്. ചക്കയിലടങ്ങിയിരിക്കുന്ന പൊട്ടാസ്യം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും. അതിനാല്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഉള്ളവര്‍ പച്ച ചക്ക പതിവായി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.

രണ്ട്...

ചക്കയില്‍ ആന്റിഓക്‌സിഡന്റുകളും വിറ്റാമിൻ സിയും അടങ്ങിയിട്ടുള്ളതിനാല്‍ ഇവ നമ്മുടെ രോഗപ്രതിരോധ ശേഷി വർധിപ്പിക്കാന്‍ സഹായിക്കും. ചക്കയിലും ചക്കക്കുരുവിലും പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ശരീരത്തിന് ആവശ്യമായ പ്രോട്ടീന്‍ നേടാന്‍ ധൈര്യമായി ചക്ക കഴിക്കാം.

മൂന്ന്...

ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ചക്ക ക്യാന്‍സര്‍, ഹൃദ്രോഗം മുതലായ പല രോഗങ്ങളേയും ചെറുക്കാനാന്‍ സഹായിക്കും.

നാല്...

ദഹന ബന്ധമായ പ്രശ്‌നങ്ങള്‍ക്കും ചക്ക സഹായകമാണെന്നാണ് ന്യൂട്രീഷ്യനിസ്റ്റുകള്‍ പറയുന്നത്. ഇത് മലബന്ധം അല്ലെങ്കിൽ വയർ വീർക്കുന്നത് പോലുള്ള ദഹനസംബന്ധമായ പ്രശ്നങ്ങൾ തടയുകയും നമ്മുടെ ദഹനത്തെ മെച്ചപ്പെടുത്തുകയും വയറ്റിലെ അൾസർ തടയാൻ സഹായിക്കുകയും ചെയ്യും. എന്നാല്‍ അമിതമായി ചക്ക കഴിക്കാന്‍ ശ്രമിക്കരുത്.

അഞ്ച്...

എല്ലുകൾക്കും പേശികൾക്കും ആവശ്യമായ മഗ്നീഷ്യം, കാത്സ്യം തുടങ്ങിയ ധാതുക്കളുടെ സമ്പന്നമായ ഉറവിടമാണ് ചക്ക. അതിനാല്‍ ചക്ക കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തിനും നല്ലതാണ്.