കറുത്ത ഉണക്കമുന്തിരി കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ അറിയൂ...

 

വിറ്റാമിനുകളു ആന്‍റിഓക്സിഡന്‍റുകളും മറ്റും അടങ്ങിയ ഒരു ഡ്രൈഫ്രൂട്ടാണ് ഉണക്കമുന്തിരി. അയേണ്‍, പൊട്ടാസ്യം, കാത്സ്യം, മഗ്നീഷ്യം തുടങ്ങിയ പ്രധാനപ്പെട്ട ധാതുക്കളെല്ലാം ഇവയില്‍ അടങ്ങിയിട്ടുണ്ട്.  ഉണക്കമുന്തിരി തന്നെ പല നിറങ്ങളില്‍ ലഭ്യമാണ്. കറുപ്പ്, ചുവപ്പ്, പച്ച, ഗോള്‍ഡണ്‍ എന്നീ നിറങ്ങളില്‍ ഇവ കാണപ്പെടുന്നു. ഇവയെല്ലാം ആരോഗ്യത്തിന് ഏറെ നല്ലതാണ്. എങ്കിലും കറുത്ത ഉണക്ക മുന്തിരി കുതിർത്ത് കഴിക്കുന്നത് ഇവയുടെ ഗുണങ്ങളെ കൂട്ടുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.

രാവിലെ വെറും വയറ്റിൽ കുതിർത്ത ഉണക്കമുന്തിരി കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം...

ഒന്ന്...

പലര്‍ക്കുമുള്ള ഒരു പ്രശ്നമാണ് മലബന്ധം. നാരുകൾ ധാരാളം അടങ്ങിയ ഉണക്കമുന്തിരി മലബന്ധം അകറ്റാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും. പ്രത്യേകിച്ച്, വെള്ളത്തില്‍ കുതിര്‍ത്ത് കഴിക്കുമ്പോള്‍ ഇവയുടെ ഗുണങ്ങള്‍ കൂടും. അതിനാല്‍ മലബന്ധ പ്രശ്നമുള്ളവര്‍ രാവിലെ കുതിർത്ത ഉണക്കമുന്തിരി കഴിക്കുന്നത് നല്ലതാണ്.

രണ്ട്...

ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ളവര്‍ പൊട്ടാസ്യം ധാരാളം അടങ്ങിയ ഉണക്കമുന്തിരി കഴിക്കുന്നത് നല്ലതാണ്. ഹൃദയാരോഗ്യം സംരക്ഷിക്കാനും ഉണക്കമുന്തിരി കഴിക്കുന്നത് കഴിക്കാം.

മൂന്ന്...

വിളര്‍ച്ചയെ തടയാനും കുതിർത്ത ഉണക്കമുന്തിരി കഴിക്കുന്നത് നല്ലതാണ്. അയേൺ, കോപ്പർ, ബി കോംപ്ലക്സ് വിറ്റമിനുകൾ എന്നിവ അടങ്ങിയിട്ടുള്ളതിനാല്‍ പതിവായി കുതിർത്ത ഉണക്കമുന്തിരി കഴിച്ചാൽ ഇരുമ്പിന്റെ അഭാവം അകറ്റാനും വിളർച്ചയെ തടയാനും സഹായിക്കും.

നാല്...

കാത്സ്യത്തിന്‍റെ അഭാവമുള്ളവര്‍ക്കും ഇവ കഴിക്കാം. കാരണം ഉണക്ക മുന്തിരിയില്‍ കാത്സ്യം ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ എല്ലുകളുടെ ആരോഗ്യത്തിന് ഗുണം ചെയ്യും.

അഞ്ച്...

രോഗ പ്രതിരോധശേഷി ദുര്‍ബലമായവര്‍ക്കും കുതിര്‍ത്ത ഉണക്കമുന്തിരി  കഴിക്കാം. വിറ്റാമിനുകളും മറ്റ് ആന്‍റിഓക്സിഡന്‍റുകളും അടങ്ങിയ ഉണക്കമുന്തിരി കഴിക്കുന്നത് രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും.

ആറ്...

പല്ലുകളുടെ ആരോഗ്യത്തിനും ഉണക്ക മുന്തിരി കഴിക്കുന്നത് ഗുണം ചെയ്യും. പല്ലിലെ ഇനാമലിനെ സംരക്ഷിക്കാന്‍ കാത്സ്യം ധാരാളമടങ്ങിയ ഉണക്കമുന്തിരിക്കു കഴിയും.

ഏഴ്...

ഒട്ടും ഊര്‍ജ്ജമില്ലേ? ശരീരത്തിന് വേണ്ട ഊര്‍ജ്ജം വര്‍ധിപ്പിക്കുന്നതിന് ആവശ്യമായ ധാതുക്കള്‍ ഉണക്കമുന്തിരിയില്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്താം.

ശ്രദ്ധിക്കുക: ആരോഗ്യവിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.