കേരളത്തിലാദ്യം; ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ രോഗിയിൽ ഹാർമണി വാൽവ് ഇമ്പ്ലാന്റേഷൻ വിജയകരമായി പൂർത്തിയാക്കി ആസ്റ്റർ മെഡ്‌സിറ്റി

 

കൊച്ചി : ജന്മനാ ഗുരുതരഹൃദ്രോഗം ബാധിച്ച പതിനാറുകാരന് അതീവസങ്കീർണമായ തുടർചികിത്സയിലൂടെ ജീവിതം തിരികെ നൽകി ആസ്റ്റർ മെഡ്‌സിറ്റി. ടെട്രോളജി ഓഫ് ഫാലറ്റ് എന്ന സങ്കീർണമായ രോഗവുമായിട്ടാണ് കോട്ടയം സ്വദേശികളായ ദമ്പതികൾക്ക് മകൻ ജനിച്ചത്. ശുദ്ധരക്തവും അശുദ്ധരക്തവും കലരുന്ന അവസ്ഥയും ഹൃദയത്തിൽ നിന്ന് ശ്വാസകോശത്തിലേക്ക് രക്തമെത്തിക്കുന്ന ധമനിയിൽ തടസവുമായിരുന്നു പ്രധാന പ്രശ്നങ്ങൾ. ശരീരത്തിൽ ആവശ്യത്തിന് ഓക്സിജൻ ഇല്ലാത്തത് കാരണം കുഞ്ഞ് നീലനിറത്തിൽ കാണപ്പെടുന്ന ബ്ലൂ ബേബി സിൻഡ്രോം ഇതിന്റെ ലക്ഷണമാണ്. കുഞ്ഞ് ജനിച്ചയുടൻ അടിയന്തര ശസ്ത്രക്രിയ വേണ്ട രോഗമാണിത്. 16 വർഷങ്ങൾക്ക് മുൻപ് ഈ കൗമാരക്കാരനും ആ ശസ്ത്രക്രിയക്ക് വിധേയനായിരുന്നു.

പക്ഷേ ഈ ശസ്ത്രക്രിയക്ക് വിധേയരായ കുട്ടികളിൽ ശ്വാസകോശത്തിലേക്ക് രക്തമെത്തിക്കുന്ന വാൽവിൽ ഒരു ചോർച്ച അവശേഷിക്കാറുണ്ട്. തുടർച്ചയായ സമ്മർദ്ദം കാരണം അവരുടെ ഹൃദയത്തിലെ വലത്തേ അറയിൽ വീക്കമുണ്ടാകുന്നു. കുഞ്ഞ് വളർന്നപ്പോൾ ഇതൊരു ഗുരുതര പ്രശ്നമായി മാറി. ഈ ഘട്ടത്തിൽ വാൽവ് മാറ്റിവെക്കൽ മാത്രമാണ് പോംവഴി. സാധാരണഗതിയിൽ ഹൃദയം തുറന്നുള്ള ശസ്ത്രക്രിയ വഴിയാണ് ഈ രോഗം ചികിത്സിക്കാറുള്ളത്. അതീവ ദുർഘടമായ ശസ്ത്രക്രിയയാണത്. എന്നാൽ ഇവിടെ ശരീരത്തിൽ ഒരു താക്കോൽദ്വാരം മാത്രമിട്ട് അതിലൂടെ ട്രാൻസ്‌കത്തീറ്റർ കടത്തിവിട്ട് ആവശ്യമായ ഭാഗത്ത് കൃത്യമായി വാൽവ് ഘടിപ്പിക്കുകയാണ് ആസ്റ്റർ മെഡ്സിറ്റിയിലെ വിദഗ്ധ ഡോക്ടർമാർ വിജയകരമായി പൂർത്തിയാക്കിയത്. കേരളത്തിലാദ്യമായാണ് ഈ നൂതന രീതിയിലുള്ള വാൽവ് പരീക്ഷിച്ച് വിജയിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ രോഗിയിൽ ഹാർമണി വാൽവ് ഇമ്പ്ലാന്റേഷൻ വിജയിപ്പിച്ചതിന്റെ ഖ്യാതിയും ഇനി ആസ്റ്റർ മെഡ്സിറ്റിക്ക് സ്വന്തം.

ഇന്ത്യയിൽ ഒരിടത്തും നിലവിൽ ഇത്രയും വലിയ അറയ്ക്കുള്ള പ്രത്യേക വാൽവുകൾ നിർമിക്കുന്നില്ല. ഈ കുട്ടിക്ക് വേണ്ടി ആസ്റ്റർ മെഡ്‌സിറ്റി അമേരിക്കയിൽ നിന്നാണ് പ്രത്യേക വാൽവ് നിർമിച്ച് ഇന്ത്യയിലെത്തിച്ചത്. ഒരൊറ്റ ദിവസം മാത്രം ആശുപത്രിയിൽ കഴിഞ്ഞ ശേഷം രോഗിക്ക് സാധാരണ ജീവിതത്തിലേക്ക് മടങ്ങാം എന്നതാണ് ഇതിന്റെ പ്രത്യേകത. ഭാവിയിലും ഓരോ രോഗിയിലും അവർക്കാവശ്യമായ കൃത്രിമവാൽവ് ഇതുപോലെ കേരളത്തിലെത്തിക്കാനാകും. സംസ്ഥാനത്തെ ഹൃദ്രോഗികൾക്ക് വലിയ ആത്മവിശ്വാസം നൽകുന്ന വാർത്തയാണിത്.

അമേരിക്കയിൽ നിന്നുള്ള പ്രത്യേക ഡോക്ടർമാരുടെ ഒരു സംഘം തന്നെ ആസ്റ്റർ മെഡ്സിറ്റിയിൽ എത്തിയിരുന്നു. ആസ്റ്റർ മെഡ്‌സിറ്റി പീഡിയാട്രിക് കാർഡിയോളജി വിഭാഗം ഡയറക്ടറും സീനിയർ കൺസൽട്ടന്റുമായ ഡോ. എഡ്വിൻ ഫ്രാൻസിസാണ് തുടക്കം മുതൽ നടപടിക്രമങ്ങൾക്ക് നേതൃത്വം നൽകിയത്. ഹൃദയം തുറന്ന് വാൽവുകൾ മാറ്റിവയ്ക്കുന്ന സങ്കീർണമായ ശസ്ത്രക്രിയകളെ അപേക്ഷിച്ച് കൂടുതൽ സുരക്ഷിതവും എളുപ്പവുമാണ് ഈ രീതിയെന്ന് അദ്ദേഹം പറഞ്ഞു.