അറിയാം വഴുതനയുടെ അത്ഭുത ഗുണങ്ങള്‍...
മിക്ക അടുക്കളത്തോട്ടങ്ങളിലും സുലഭമായി കാണുന്ന പച്ചക്കറിയാണ് വഴുതന. കാണുന്ന ഭംഗി പോലെ തന്നെ, നിരവധി ഗുണങ്ങളുള്ള പച്ചക്കറിയാണ് ഇവ. വിറ്റാമിനുകളും, പോഷകങ്ങളും ധാതുക്കളും അടങ്ങിയതാണ് വഴുതന. വിറ്റാമിൻ സി, കെ, ബി, പൊട്ടാസ്യം, കോപ്പർ, കാത്സ്യം, ഫൈബർ എന്നിവയാൽ സമ്പന്നമായ വഴുതനയുടെ ഗുണങ്ങൾ എന്തൊക്കെയെന്ന് നോക്കാം.
വഴുതനങ്ങയിലടങ്ങിയ ഫീനോളിക് സംയുക്തങ്ങൾ എല്ലുകൾക്ക് ശക്തി നൽകുന്നതിൽ നിർണായകമാണ്. ഇവ ഓസ്റ്റിയോ പോറോസിസ് വരാതിരിക്കുന്നതിൽ സഹായകരമാണ്. വഴുതനയിൽ അടങ്ങിയ ഇരുമ്പ്, കാത്സ്യം എന്നിവ എല്ലുകളുടെ ആരോഗ്യത്തിനും ശരീരശക്തിക്കും ഗുണകരമാണ്. വഴുതനങ്ങയിലടങ്ങിയ കാൽസ്യം എല്ലുകളുടെ ആരോഗ്യത്തിന് ഏറെ ഉപകാരപ്രദമാണ്
വഴുതനങ്ങ ശരീരഭാരം കുറയ്ക്കാനും സഹായിക്കും. ഇതിൽ നാരുകൾ ധാരാളം ഉണ്ട്. ഭക്ഷണം കഴിക്കുമ്പോൾ പെട്ടന്ന് തന്നെ വയർ നിറഞ്ഞു എന്ന തോന്നൽ ഉണ്ടാക്കാൻ ഈ ഫൈബറിന് സാധിക്കും. ഇത് മൂലം അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാൻ സാധിക്കും.
വഴുതനങ്ങയിലടങ്ങിയ ഭക്ഷ്യ നാരുകൾ അന്നനാളത്തിലെ വിഷഹാരികളെ നീക്കുന്നതിൽ സഹായിക്കുന്നുണ്ട്. ഇത് മലാശയ അർബുദത്തെ തടയാൻ സഹായിക്കുന്നു. വഴുതനങ്ങയിൽ അടങ്ങിയിട്ടുള്ള നിരോക്സീകാരികളായ ഘടകങ്ങൾ അർബുദ സാധ്യത വൻ തോതിൽ കുറയ്ക്കുന്നുണ്ട്.
ദഹനത്തെ സഹായിക്കുന്ന ഫൈബർ ഘടകങ്ങൾ വൻതോതിൽ വഴുതനങ്ങയിൽ അടങ്ങിയിട്ടുണ്ട്. ഉദരാരോഗ്യത്തിന് ഇത്തരം ഫൈബർ ആവശ്യമാണ്. ദഹനത്തിന് സഹായിക്കുന്ന രസങ്ങളെ ഉൽപാദിപ്പിക്കാനും വഴുതനങ്ങയിലെ ഘടകങ്ങൾ സഹായകമാണ്. ഭക്ഷണത്തിലെ പോഷകങ്ങൾ കൃത്യമായി ശരീരം ആഗിരണം ചെയ്യാനും വഴുതനങ്ങ സഹായിക്കുന്നു.
തലച്ചോറിലെ കോശസ്തരങ്ങളെ സംരക്ഷിക്കുന്ന ഫൈറ്റോ ന്യൂട്രിയന്റുകൾ വഴുതനങ്ങയിൽ അടങ്ങിയിട്ടുണ്ട്. ഓർമശക്തി മെച്ചപ്പെടുത്താനും ഇവ സഹായക്കുന്നുണ്ട്.
വഴുതനങ്ങയിലടങ്ങിയ ക്ലോറോജനിക് ആസിഡ് ശക്തിയേറിയ ആന്റിഓക്സിഡന്റ് ഏജന്റായി പ്രവർത്തിച്ച് കൊളസ്ട്രോൾ കുറയ്ക്കുന്നു.
ഭക്ഷണ പ്രിയരായ ഏല്ലാവരും ഇപ്പോൾ ഏറെ ആകുലരാകുന്ന ഒരു രോഗമാണ് പ്രമേഹം. എന്നാൽ പ്രമേഹത്തെ ചെറുക്കാൻ വഴുതനങ്ങ സഹായിക്കുന്നു. കുറഞ്ഞ അളവിലെ അന്നജവും കൂടിയ അളവിൽ ഫൈബറും അടങ്ങിയിട്ടുള്ള പച്ചക്കറിയാണ് ഇത്. വഴുതനങ്ങയിലെ നാരുകൾ, ഭക്ഷണത്തിൽ നിന്നും ഗ്ലൂക്കോസിന്റെ ആഗിരണം നിയന്ത്രിക്കുക വഴി രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു.
ശരീരത്തിലെ ഇലക്ട്രോലൈറ്റ് ബാലൻസ് നിലനിർത്താൻ വഴുതനങ്ങയിലടങ്ങിയ പ്രധാന ധാതുവായ പൊട്ടാസ്യത്തിനു സാധിക്കുന്നു. സോഡിയത്തിന്റെ ഫലത്തെ നിർവീര്യമാക്കുക വഴിയാണ് ഇത് സാധ്യമാകുന്നത്. കൂടാതെ വഴുതനങ്ങയിൽ കൂടിയ അളവിലുള്ള ആന്തോസയാനിനുകളും രക്തസമ്മർദം കുറയ്ക്കുന്നു.
വഴുതനങ്ങയിലെ പോഷകങ്ങൾ ഹൃദയാരോഗ്യത്തിൽ നിർണായകമാണ്. വഴുതനങ്ങയിലെ നാരുകൾ, പൊട്ടാസ്യം, ജീവകം ബി 6, ഫൈറ്റോ ന്യൂട്രിയന്റുകൾ പോലെയുള്ള ഫ്ലേവനോയിഡുകൾ എന്നിവ ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു. വഴുതനങ്ങയിലെ ആന്റിഓക്സിഡന്റുകൾ ഹൃദയ ധമനികളെ ആരോഗ്യമുള്ളതാക്കുന്നു. ഇങ്ങനെ വഴുതനങ്ങ ഹൃദ്രോഗം തടയുന്നു.
ശരീരത്തിൽ വിളർച്ചയുണ്ടാവാൻ ധാരാളം കാരണമുണ്ട്. തലവേദന, ക്ഷീണം, തളർച്ച, വിഷാദം ഇവയെല്ലാം വിളർച്ച ഉണ്ടാക്കാൻ കാരണമാകുന്നു. ഇരുമ്പിന്റെ അംശം ധാരാളമുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് വിളർച്ച തടയാൻ സഹായിക്കുന്നതാണ്. വഴുതനങ്ങയിൽ ഇരുമ്പിന്റെ സാന്നിധ്യം ധാരാളമായുണ്ട് . അരുണ രക്താണുക്കൾക്കളെ ഉദ്ദീപിപ്പിക്കാൻ കോപ്പറും വഴുതനങ്ങയിൽ ഉണ്ട്. ക്ഷീണവും വിളർച്ചയും സമ്മർദ്ദവും അകറ്റാൻ വഴുതനങ്ങ ശീലമാക്കിയാൽ മതി.