പുരുഷന്മാരിലെ ശീഘ്രസ്ഖലനത്തിന് മരുന്നില്ലാത്ത ചികിത്സയുമായി ഡോക്ടര്‍മാര്‍

 

പുരുഷന്മാരില്‍ പൊതുവായി കാണുന്ന ഒരു ലൈംഗിക പ്രശ്നമാണ് ശീഘ്രസ്ഖലനം. യോനിയിലേക്ക് പുരുഷലിംഗം പ്രവേശിച്ച ശേഷം അതിവേഗത്തില്‍ സ്ഖലനം നടക്കുന്നതിനെയാണ് ശീഘ്രസ്ഖലനം എന്ന് പറയുന്നത്. പെട്ടെന്ന് സ്ഖലനം നടക്കുന്നത് ലൈംഗിക ബന്ധത്തിന്‍റെ ആസ്വാദ്യത നശിപ്പിക്കുകയും പങ്കാളിയെ നിരാശയാക്കുകയും ചെയ്യും. പല പുരുഷന്മാരുടെയും ലൈംഗികജീവിതംതന്നെ താറുമാറാക്കിയ ശീഘ്രസ്ഖലനത്തിന് മരുന്നില്ലാത്ത പുതിയ ചികിത്സ കണ്ടെത്തിയിരിക്കുകയാണ് ലെബനണിലെ ബെയ്റൂട്ടിലുള്ള ഒരു സംഘം ഡോക്ടര്‍മാര്‍.

പുരുഷ ലിംഗത്തില്‍ രണ്ട് ഇലക്ട്രോഡുകള്‍ ഉപയോഗിച്ച് വൈദ്യുത ഷോക്ക് നല്‍കിയാണ് ഈ ചികിത്സ നടത്തുന്നത്. ആഴ്ചയില്‍ മൂന്ന് ദിവസം അരമണിക്കൂര്‍ നേരത്തേക്ക് ലിംഗത്തിലൂടെ 20 ഹര്‍ട്സ് ഫ്രീക്വന്‍സിയുള്ള വൈദ്യുത തരംഗങ്ങള്‍ കടത്തി വിടും. ലിംഗത്തിനുള്ളിലെ ഡോര്‍സല്‍ പെനൈല്‍ ഞരമ്പിനെയാണ് ഇത് ഉത്തേജിപ്പിക്കുന്നത്. ലിംഗത്തില്‍ നിന്ന് ചലനത്തിന്‍റെയും ഉത്തേജനത്തിന്‍റെയും വിവരങ്ങള്‍ ശേഖരിക്കുന്നത് ഈ ഞരമ്പാണ്.

മറ്റ് മരുന്നുകള്‍ പരാജയപ്പെട്ട ഒരു 28കാരനിലാണ് ബെയ്റൂട്ടിലെ ഡോക്ടര്‍മാര്‍ ഈ പരീക്ഷണ ചികിത്സ നടത്തിയത്. യോനിയിലേക്ക് ലിംഗം പ്രവേശിച്ച് 40 സെക്കന്‍ഡുകള്‍ക്കുള്ളില്‍ ഈ രോഗിക്ക് ശുക്ലസ്ഖലനം  സംഭവിച്ചിരുന്നു. ഇലക്ട്രിക് ഷോക്ക് ഉപയോഗിച്ച് ആറ് മാസം നടത്തിയ ചികിത്സയ്ക്ക് ശേഷം ഇത് ശരാശരി മൂന്ന് മിനിട്ട് 54 സെക്കന്‍ഡായി വര്‍ധിച്ചതായി ഡോക്ടര്‍മാര്‍ അവകാശപ്പെടുന്നു. ഷോക്ക് ചികിത്സ നിര്‍ത്തിയതിന് ശേഷവും രോഗിയുടെ സ്ഖലനത്തിനുള്ള  സമയം വര്‍ധിച്ചതായും 14 മാസങ്ങള്‍ക്ക് ശേഷം ഇത് അഞ്ച് മിനിട്ട് ആയതായും ഏഷ്യന്‍ ജേണല്‍ ഓഫ് യൂറോളജിയില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ട് പറയുന്നു.

എന്നാല്‍ ഈ ചികിത്സ വേദനയോ ബുദ്ധിമുട്ടോ ഉണ്ടാക്കുന്നതാണോ എന്നത് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിട്ടില്ല. ശീഘ്രസ്ഖലനത്തിന് സുരക്ഷിതവും മരുന്ന് വേണ്ടാത്തതുമായ  ഒരു ബദല്‍ ചികിത്സയായി ഈ മാര്‍ഗം ഉപയോഗപ്പെടുത്താമോ എന്ന കാര്യത്തില്‍ കൂടുതല്‍ ഗവേഷണങ്ങള്‍ ആവശ്യമാണെന്ന് ബെയ്റൂട്ടിലെ ഡോക്ടര്‍മാര്‍ പറയുന്നു. പുരുഷന്മാരില്‍ 40 ശതമാനം പേര്‍ക്കും ഏതെങ്കിലുമൊക്കെ കാലഘട്ടത്തില്‍ ശീഘ്രസ്ഖലനം ഉണ്ടായിട്ടുള്ളതായി കണക്കുകൾ വ്യക്തമാക്കുന്നു.

ലൈംഗിക ബന്ധത്തിന് മുന്‍പ് സ്വയംഭോഗം ചെയ്യുന്നതും കട്ടി കൂടിയ ഗര്‍ഭനിരോധന ഉറ ഉപയോഗിക്കുന്നതും ലൈംഗിക ബന്ധത്തിനിടെ ഇടവേളകള്‍ എടുക്കുന്നതും ശീഘ്രസ്ഖലനം ഒരു പരിധി വരെ തടയാന്‍ സഹായിക്കുമെന്ന് യുകെയിലെ നാഷണല്‍ ഹെല്‍ത്ത് സര്‍വീസ് നിര്‍ദ്ദേശിക്കുന്നു. പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ പ്രശ്നങ്ങള്‍ കൊണ്ടും ചില മരുന്നുകളുടെ പാര്‍ശ്വഫലമായും സമ്മര്‍ദവും ഉത്കണ്ഠയും മൂലവും ശീഘ്രസ്ഖലനം സംഭവിക്കാം.