വൃക്കരോഗികളുടെ ഭക്ഷണം എങ്ങനെ വേണം?

 

മനുഷ്യശരീരത്തിലെ മാലിന്യത്തെ പുറന്തള്ളുന്ന അവയവമാണ് വൃക്ക. പല കാരണങ്ങള്‍ കൊണ്ടും വൃക്കകള്‍ പണിമുടക്കാം. വൃക്ക രോഗത്തിന്‍റെ  പ്രാരംഭത്തിൽ സാധാരണയായി അടയാളങ്ങളോ ലക്ഷണങ്ങളോ പ്രകടമായെന്ന് വരില്ല. 

വൃക്കരോഗങ്ങളുടെ ഫലപ്രദമായ നിയന്ത്രണത്തിൽ ആഹാരക്രമത്തിന് ഒരു പ്രധാന പങ്കുണ്ട്. വൃക്കയുടെ ആരോഗ്യം സംരക്ഷിക്കാന്‍ ഭക്ഷണക്രമത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. 

ഒന്ന്...

വൃക്കയുടെ ആരോഗ്യത്തിനായി കൃത്യമായ അളവില്‍ വെള്ളം കുടിക്കുന്നത് നല്ലതാണ്. ആരോഗ്യമുള്ള ഒരു വൃക്കയ്ക്കായി ദിവസവും പരമാവധി മൂന്ന് ലിറ്റര്‍ വെള്ളം എങ്കിലും കുടിക്കണം. അതേസമയം വൃക്കയുടെ പ്രവര്‍ത്തനം തകരാറിലായവര്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രം അളവ് നിശ്ചയിക്കുക. വൃക്കയ്ക്കു താങ്ങാവുന്നതിനുമപ്പുറം വെള്ളം ശരീരത്തിൽ നിലനിൽക്കുമ്പോള്‍ നീര് വരാനുള്ള സാധ്യതയുണ്ട്. 

രണ്ട്...

ഭക്ഷണത്തില്‍ ഉപ്പിന്‍റെ അളവ് കുറയ്ക്കുക എന്നത് വളരെ പ്രധാനമാണ്. ഉപ്പിന്‍റെ അമിത ഉപയോഗം വൃക്കയില്‍ കല്ലുണ്ടാകാനുള്ള സാധ്യത കൂട്ടും. ഉപ്പിന്റെ ഉപയോഗം ദിവസം അഞ്ചുഗ്രാമിൽ കുറയ്ക്കുക.

മൂന്ന്...

ആരോഗ്യകരമായ ഭക്ഷണശീലം തെരഞ്ഞെടുക്കുന്നത് വൃക്കകളുടെ ആരോഗ്യത്തിന് നല്ലതാണ്. കോളകൾ ഉൾപ്പെടെ കൃത്രിമശീതളപാനീയങ്ങൾ കഴിയുന്നതും ഒഴിവാക്കുക. മധുരം ധാരാളം അടങ്ങിയ ഭക്ഷണങ്ങളും ഡയറ്റില്‍ നിന്നും ഒഴിവാക്കുക. 

നാല്...

പച്ചക്കറികള്‍ ഡയറ്റില്‍ ധാരാളമായി ഉള്‍പ്പെടുത്തുക. പ്രത്യേകിച്ച് കോളിഫ്ലവര്‍, കാബേജ് എന്നിവ കഴിക്കാം. ഇവ വൃക്കകളുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. 

അഞ്ച്...

മുട്ടയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പ്രത്യേകിച്ച്, മുട്ടയുടെ വെള്ള ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് വൃക്കയുടെ ആരോഗ്യത്തിന് നല്ലതാണ്. വൃക്കകൾക്ക് ദോഷം വരുത്താത്ത പ്രോട്ടീൻ മുട്ടയുടെ വെള്ളയിലുണ്ട്. അതിനാല്‍ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

ആറ്...

വൃക്കരോഗമുള്ളവർ ഒലീവ് ഓയിൽ ഉപയോഗിക്കുന്നതാണ് നല്ലത്. ആരോഗ്യകരമായ കൊഴുപ്പിന്റെ ഉറവിടമാണിത്. വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കാനും ഇവ സഹായിക്കും.

ഏഴ്...

ചുവന്ന കാപ്സിക്കം ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ചുവന്ന കാപ്സിക്കത്തില്‍ പൊട്ടാസ്യം വളരെ കുറവായതിനാൽ വൃക്കകളുടെ ആരോഗ്യത്തിന് ഇവ മികച്ചതാണ്. 

എട്ട്...

പഴങ്ങള്‍ കഴിക്കുന്നതും നല്ലതാണ്. പ്രത്യേകിച്ച്, ആപ്പിള്‍, സ്ട്രോബെറി, ബ്ലൂബെറി, പൈനാപ്പിള്‍ തുടങ്ങിയ പഴങ്ങള്‍ വൃക്കകളുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.