ഗോതമ്പ് പഫ്‌സ് തയ്യാറാക്കാം

 

ആദ്യം ഒരു ബൗളിലേക്ക് ഒരു കപ്പ് ഗോതമ്പു പൊടിയും, അല്പം ഉപ്പും, രണ്ടു സ്പൂൺ ഓയിലും ചേർത്ത് മിക്സ് ചെയ്ത് വെള്ളം അല്പാല്പമായി ഒഴിച്ച് നന്നായി കുഴച്ച് സോഫ്റ്റ് മാവാക്കി മാറ്റിയെടുക്കാം, അതിനുശേഷം അല്പം എണ്ണ പുരട്ടി മാറ്റിവെക്കുക. മസാല തയ്യാറാക്കാനായി ഒരു പാനിൽ എണ്ണ ഒഴിച്ച് ചൂടാക്കുക, ഇതിലേക്ക് അൽപം ഇഞ്ചി വെളുത്തുള്ളി ചതച്ചതും, പച്ചമുളകും ചേർത്ത് വഴറ്റുക, ശേഷം സവാള ചേർത്ത് കൊടുത്തു മിക്സ് ചെയ്യുക, സോഫ്റ്റ് ആയി വന്നാൽ ക്യാരറ്റും ഉരുളക്കിഴങ്ങും പൊടിയായി അരിഞ്ഞത് ചേർക്കാം.

 കൂടെ ഉപ്പും കൂടി ചേർത്ത് നന്നായി മിക്സ് ചെയ്യണം, നന്നായി വെന്തു വന്നാൽ ഒരു ടീസ്പൂൺ മീറ്റ് മസാല ചേർത്തു കൊടുക്കാം, മസാലയുടെ പച്ച മണം മാറി കഴിഞ്ഞാൽ ഇതിലേക്ക് മല്ലിയില കൂടി ചേർത്ത് മിക്സ് ചെയ്ത് തീ ഓഫ് ചെയ്യുക. കുഴച്ചുവെച്ച ഗോതമ്പ് മാവെടുത്ത് ഒന്നുകൂടി കുഴച്ചതിനു ശേഷം ചെറിയ കഷണങ്ങളായി മുറിച്ചു മാറ്റുക, ഒരു ബൗളിൽ നാല് ടേബിൾ സ്പൂൺ കോൺ ഫ്ലോർ, 6 ടേബിൾസ്പൂൺ ഓയിൽ ചേർത്ത് നന്നായി മിക്സ് ചെയ്ത് മാറ്റി വെക്കുക.ഗോതമ്പ് കഷണങ്ങൾ ഓരോന്നും എടുത്ത് നന്നായി പരത്തി എടുത്തുമാറ്റാം, ശേഷം ചപ്പാത്തി പലകക്ക് മുകളിലേക്ക് ഒരെണ്ണം വച്ചു കൊടുക്കുക ഇതിനു മുകളിലായി കോൺഫ്ലോർ മിക്സ് തേച്ചു പിടിപ്പിക്കണം.

 അതിനു മുകളിലായി അടുത്ത ചപ്പാത്തി വയ്ക്കാം, ഈ രീതിയിൽ എല്ലാം വെച്ചു കൊടുക്കുക ശേഷം ഒരു സൈഡിൽ നിന്നും റോൾ ചെയ്തു വീണ്ടും ചെറിയ കഷണങ്ങളായി മുറിക്കാം, വീണ്ടുമോരോന്നെടുത്ത് പരത്തി സ്ക്വയർ ഷേപ്പ് ആക്കി നടുവിൽ ഫില്ലിങ് വെച്ചതിനുശേഷം ത്രികോണാകൃതിയിൽ മടക്കിയെടുത്ത് ചൂടായ എണ്ണയിലിട്ട് ഫ്രൈ ചെയ്തെടുക്കണം.