വെജ് കട്‍ലറ്റ് ഇങ്ങനെ തയ്യാറാക്കി നോക്കൂ

 

തയ്യാറാക്കുന്ന വിധം

ഉരുളക്കിഴങ്ങ്, ഉള്ളി, പച്ചമുളക്, ഇഞ്ചി, ക്യാരറ്റ്, ഗ്രീൻ പീസ്, ബീൻസ്, സാധാരണഗതിയില്‍ നമ്മള്‍ ഉപയോഗിക്കുന്ന മസാലക്കൂട്ടുകള്‍ എന്നിവയെല്ലാമാണ് ഇതിന് വേണ്ടി വരുന്നത്.

ഇവയ്ക്ക് പുറമെ ചീസ് അല്ലെങ്കില്‍ പനീര്‍, സേമിയം, ബ്രഡ് പൊടിച്ചത് എന്നിവ കൂടി ചേര്‍ക്കണം.

വളരെ എളുപ്പത്തില്‍ ഇത് തയ്യാറാക്കാവുന്നതേയുള്ളൂ. ആദ്യം ഉരുളക്കിഴങ്ങ് വേവിച്ച് മാറ്റിവയ്ക്കാം. ഇതിലേക്ക് അല്‍പം ക്യാരറ്റ്, ഗ്രീൻ പീസ്, ബീൻസ് എന്നിവ ചെറുതായി വഴറ്റിയെടുത്ത ശേഷമോ ആവി കയറ്റിയ ശേഷമോ ചേര്‍ക്കുക. ചീസോ പനീറോ ചേര്‍ക്കുന്നുണ്ടെങ്കില്‍ അതും ചേര്‍ക്കുക. ആവശ്യത്തിന് ഉപ്പും ഇതില്‍ ഉറപ്പാക്കുക.

ഒരു പാനില്‍ അല്‍പം നെയ് ചൂടാക്കി ഉള്ളി കൊത്തിയരിഞ്ഞത്, പച്ചമുളക്- ഇഞ്ചി എന്നിവ ചെറുതായി അരിഞ്ഞത് ചേര്‍ത്ത് റോസ്റ്റ് ചെയ്ത് വെജിറ്റബിള്‍ കൂട്ടും ആവശ്യമായ മസാലയും ചേര്‍ത്ത് ബ്രഡ് പൊടിച്ചതും ചേര്‍ത്ത് നല്ലതുപോലെ യോജിപ്പിച്ച് വാങ്ങിവയ്ക്കാം. ഇനിയത് ഇഷ്ടാനുസരണം ഷേയ്പ്പില്‍ പരത്തിയെടുത്ത ശേഷം മാവില്‍ മുക്കണം.

ഇതിനായി മൈദയോ, കോണ്‍ഫ്ളവറോ, വെള്ളവും പാലുമോ എല്ലാം ഉപയോഗിക്കാവുന്നതാണ്. മാവില്‍ മുക്കിയ ശേഷം ബ്രഡ് പൊടിച്ചതിന് പകരം സേമിയത്തിലാണ് നമ്മള്‍ കട്‍ലറ്റ് റോള്‍ ചെയ്തെടുക്കുന്നത്. ഇതിനായി സേമിയം ഒന്ന് വറുത്ത് ഒരു മൂന്ന് മിനുറ്റ് നേരം വേവിച്ച് ഊറ്റിയെടുത്ത് മാറ്റിവച്ചിരിക്കണം. ഇതിലാണ് കട്‍ലറ്റ് മുക്കിയെടുക്കേണ്ടത്. ശേഷം ചൂടായ എണ്ണയില്‍ ഡീപ് ഫ്രൈ ചെയ്തെടുക്കാം. രുചികരവും ക്രിസ്പിയുമായ വെജ്-ചീസ്/പനീര്‍ കട്‍ലറ്റ് തയ്യാര്‍.