ഇത് നിങ്ങൾക്ക് തീർച്ചയായും ഇഷ്ടമാകും ...
ആവശ്യമുള്ള സാധനങ്ങള്‍
ഏത്തപ്പഴം- നാലു എണ്ണം നന്നായി വേവിച്ചു ഉടച്ച് എടുത്തത്
അണ്ടിപരിപ്പ്- അമ്പതു ഗ്രാം( ചെറുതായി നുറുക്കിയത്)
ഉണക്ക മുന്തിരി- അമ്പതു ഗ്രാം
മുട്ട- ഒരെണ്ണം
റൊട്ടിപ്പൊടി- ആവശ്യത്തിന്
തേങ്ങ ചിരവിയത്- അമ്പതു ഗ്രാം
പഞ്ചസാര- ആവശ്യത്തിന്
നെയ്യ്- അഞ്ചു സ്പൂണ്‍
ഏലക്ക പൊടിച്ചത്- അര സ്പൂണ്‍
എണ്ണ- വറുത്തു കോരി എടുക്കാന്‍
തയാറാക്കുന്ന വിധം
ഒരു ഫ്രയിങ് പാന്‍ ചൂടാക്കി നെയ്യൊഴിച്ച് അതിലേക്ക് അണ്ടിപ്പരിപ്പ് മുന്തിരി എന്നിവ ഇട്ട് ബ്രൌണ്‍ നിറമാവുന്നത് വരെ വഴറ്റുക . ഇതിലേക്ക് ചിരവിയ തേങ്ങ ഇട്ട് കോരി എടുക്കുക.
മുട്ട പഞ്ചസാരയും ഏലയ്ക്ക പൊടിയും ചേര്‍ത്ത് നന്നായി പതപ്പിക്കുക. എന്നിട് ചൂടുള്ള പാനിലേക്കൊഴിച്ചു നന്നായി ഇളക്കി തോരന്‍ പോലെ ഉടച്ചെടുക്കുക. ഇത് വറുത്തുവച്ച അണ്ടിപരിപ്പിലേക്കിട്ട് യോജിപ്പിക്കുക.ഏത്തപ്പഴം നന്നായി കൈകൊണ്ട് ഉടച്ചെടുത്തു ചെറിയ ഉരുളകളാക്കി വക്കുക.രണ്ടു കയ്യിലും അല്പം നെയ്യോ എണ്ണയോ ആക്കണം. ഒരു കയ്യില്‍ ഈ ഉരുള വച്ച് പരത്തുക. (നെയ്യ് കയ്യിലാക്കിയില്ലെങ്കില്‍ ഒട്ടിപിടിക്കും. പരക്കില്ല) .
ഇനി ഒരു സ്പൂണ്‍ കൂട്ടെടുത്തു കയ്യില്‍ പരത്തി വച്ച ഏത്തപ്പഴത്തിന്‍റെ നടുക്ക് വക്കുക. ഇനി കൈകൊണ്ട് പതുക്കെ രണ്ടറ്റവും യോജിപ്പിക്കുക. ഇപ്പോൾ ഒരു സിലിണ്ടര്‍ പോലെ ആയിട്ടുണ്ടാവും.ഇനി ഇത് ഒരു ഉന്നക്കായയുടെ പോലെ ഉരുട്ടി എടുക്കുക.ഇത് കോഴിമുട്ടയുടെ വെള്ളയില്‍ മുക്കി റൊട്ടിപ്പൊടിയില്‍ പൊതിഞ്ഞ് എണ്ണയില്‍ വറുത്ത് കോരുക. ചൂടോടെ കഴിക്കാം.