കൂർക്ക വൃത്തിയാക്കാൻ ഈ ട്രിക്ക് പരീക്ഷിക്കൂ

 

പോഷകങ്ങളാൽ സമ്പന്നമാണ് കൂർക്ക. നാരുകൾ, വിറ്റാമിൻ സി, കാൽസ്യം, ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവയാൽ നിറഞ്ഞ കൂർക്ക ദഹനത്തെ സഹായിക്കാനും, കൊളസ്‌ട്രോൾ നിയന്ത്രിക്കാനും, പ്രതിരോധശേഷി വർദ്ധിപ്പിക്കാനും, രക്തസമ്മർദ്ദം നിയന്ത്രിക്കാനും ഉത്തമമാണ്. എന്നാൽ, ഇത് വൃത്തിയാക്കിയെടുക്കാൻ എടുക്കുന്ന സമയവും കൈയ്യിൽ കറ പറ്റിപ്പിടിക്കുന്നതും പലരെയും മടിപ്പിക്കാറുണ്ട്. ഇനി ഈ ബുദ്ധിമുട്ടുകൾ ഇല്ലാതെ കൂർക്ക എളുപ്പത്തിൽ വൃത്തിയാക്കിയെടുക്കാം.

ഇതാ കൂർക്കയുടെ തൊലികളയാൻ സഹായിക്കുന്ന ചില എളുപ്പ വഴികൾ

കൂർക്ക വൃത്തിയായി കഴുകി മണ്ണും ചെളിയും കളഞ്ഞ ശേഷം ഒരു പ്രഷർ കുക്കറിലേക്ക് മാറ്റുക. ആവശ്യത്തിന് വെള്ളം ഒഴിച്ച് ഒന്നോ രണ്ടോ വിസിൽ വരുന്നതുവരെ മാത്രം അടച്ചുവെച്ച് വേവിക്കുക. പ്രഷർ പോയതിനു ശേഷം വെള്ളം കളഞ്ഞ് കൂർക്കയുടെ തൊലി കൈകൊണ്ട് എളുപ്പത്തിൽ ഉരിഞ്ഞു മാറ്റാൻ സാധിക്കും.

കൂർക്കയുടെ കറ കൈകളിൽ പറ്റിപ്പിടിക്കാതിരിക്കാൻ ഇത് ഉത്തമമാണ്. കൂർക്ക കട്ടിയുള്ള ഒരു പ്ലാസ്റ്റിക് കവറിലാക്കുക. ശേഷം കട്ടിയുള്ള ഒരു പ്രതലത്തിൽ വെച്ച് കൈകൾ ഉപയോഗിച്ച് ശക്തിയായി തിരുമ്മുക. ഇങ്ങനെ ചെയ്യുമ്പോൾ കൂർക്കയുടെ തൊലി വളരെ വേഗം ഉരിഞ്ഞുപോകുന്നത് കാണാം.

കൂർക്ക കുറച്ചു സമയം വെള്ളത്തിൽ കുതിർത്തെടുക്കുക. ശേഷം ഒരു ബ്രഷ് ഉപയോഗിച്ച് ഉരച്ച് കൂർക്കയുടെ തൊലി കളയാം. വെള്ളത്തിൽ കുതിർക്കുമ്പോൾ തൊലി കൂടുതൽ അയവുള്ളതാകുന്നത് വൃത്തിയാക്കൽ എളുപ്പമാക്കും.

കൂർക്ക വൃത്തിയാക്കുമ്പോൾ കറ കൈകളിൽ പറ്റിപ്പിടിക്കാതിരിക്കാൻ വൃത്തിയാക്കുന്നതിന് മുൻപ് ഒരു ഗ്ലൗസോ അല്ലെങ്കിൽ കവറോ കൈകളിൽ ധരിക്കുന്നത് ഉചിതമാണ്.