മാസ് ഡയലോഗുകളും കിടിലൻ ആക്ഷനും: വരവ് ട്രയ്ലർ ട്രെൻഡിംഗ്
തിരുവനന്തപുരം : ഷാജി കൈലാസും അഭിനയ വിസ്മയം ജോജു ജോർജും ആദ്യമായി ഒന്നിക്കുന്ന വരവിന്റെ ട്രയ്ലർ പുറത്തിറങ്ങി. പോൾസൺ എന്ന മാസ് ആക്ഷൻ ഹീറോയായി ജോജു ജോർജ് എത്തുന്ന ചിത്രം മെയ് മാസത്തിൽ തിയേറ്ററുകളിലെത്തും. ഹൈറേഞ്ച് പശ്ചാത്തലത്തിൽ പ്ലാന്റർമാർക്കിടയിലെ കുടിപ്പകയും അതിജീവനവുമാണ് ചിത്രത്തിന്റെ പ്രമേയം. ഷാജി കൈലാസിന്റെ ഹിറ്റ് ചിത്രങ്ങളായ ചിന്താമണി കൊലക്കേസ്, റെഡ് ചില്ലീസ് എന്നിവ രചിച്ച എകെ സാജനാണ് ഈ ചിത്രത്തിനും തിരക്കഥ ഒരുക്കിയത്.
ഓൾഗാ പ്രൊഡക്ഷൻസിന്റെ ബാനറിൽ നൈസി റെജിയാണ് ചിത്രം നിർമിക്കുന്നത്. ആക്ഷൻ റാണി വാണി വിശ്വനാഥിന്റെ കരുത്തുറ്റ പോലീസ് വേഷവും, കന്യാസ്ത്രീയായി എത്തുന്ന സുകന്യയുടെ തിരിച്ചു വരവുമാണ് ട്രയ്ലറിലെ പ്രധാന ആകർഷണങ്ങൾ. മുരളി ഗോപി വില്ലൻ വേഷത്തിൽ എത്തുമ്പോൾ അർജുൻ അശോകൻ, ബൈജു സന്തോഷ്, ബാബുരാജ്, വിൻസി അലോഷ്യസ് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നു. മാസ് ഡയലോഗുകൾക്കും ആക്ഷൻ രംഗങ്ങൾക്കും പുറമെ വൈകാരികമായ കുടുംബബന്ധങ്ങളും ചിത്രം ചർച്ച ചെയ്യുന്നുണ്ടെന്ന സൂചന ട്രയ്ലർ നൽകുന്നു.