കൊള്ളിയും മുതിരയും ഇങ്ങനെ കഴിച്ചിട്ടുണ്ടോ?

ആദ്യം മുതിര നന്നായി കഴുകി വൃത്തിയാക്കി ഒരു കപ്പ് വെള്ളവും ഉപ്പും മഞ്ഞൾ പൊടിയും ചേർത്ത് കുക്കറിൽ വേവിക്കാൻ വയ്ക്കുക. മുക്കാൽ വേവ് ആകുന്നത് വരെ വെച്ചാൽ മതി.
 

ആവശ്യമായവ

കൊള്ളി/ കപ്പ - ഒരു വലിയ കഷണം
മുതിര - അരക്കപ്പ്  
ചെറിയ ഉള്ളി - 5-6 എണ്ണം
വെളുത്തുള്ളി - 5-6 എണ്ണം
ഉള്ളി - 1 മീഡിയം സൈസ്
തേങ്ങ - കാൽ കപ്പ്
ചതച്ച ചുവന്ന മുളക് - ആവശ്യത്തിന്
വെളിച്ചെണ്ണ
ഉപ്പ്
മഞ്ഞൾപൊടി
കറിവേപ്പില
വെള്ളം

 തയ്യാറാക്കുന്ന വിധം

ആദ്യം മുതിര നന്നായി കഴുകി വൃത്തിയാക്കി ഒരു കപ്പ് വെള്ളവും ഉപ്പും മഞ്ഞൾ പൊടിയും ചേർത്ത് കുക്കറിൽ വേവിക്കാൻ വയ്ക്കുക. മുക്കാൽ വേവ് ആകുന്നത് വരെ വെച്ചാൽ മതി. അതേസമയം ചെറിയ കഷണങ്ങളാക്കിയ കപ്പ കുറച്ച് വെള്ളം ഒഴിച്ച് ഒന്ന് തിളപ്പിച്ച് എടുക്കുക. വെള്ളം കളഞ്ഞെടുത്ത കപ്പ മുതിരയിൽ ചേർത്ത് ഒരു വിസിൽ വരുന്നത് വരെ ഒന്നുകൂടി വേവിക്കുക. 

ഇനി ഒരു പാനിൽ അല്പം എണ്ണയൊഴിച്ച് ചൂടാകുമ്പോൾ അതിലേക്ക് വെളുത്തുള്ളിയും ചുവന്നുള്ളിയും ചതച്ച ചുവന്ന മുളകും ചേർത്ത് നന്നായി യോജിപ്പിക്കുക. ഇത് മൂത്തു വരുമ്പോൾ അതിലേക്ക് ചെറുതായി അരിഞ്ഞ സവാളയും ചേർത്ത് നന്നായി വഴറ്റുക. 

ഇതിലേക്ക് കറിവേപ്പിലയും ചേർത്ത് നന്നായി യോജിപ്പിക്കുക ശേഷം വേവിച്ചുവെച്ച മുതിരയും കപ്പയും ചേർത്ത് ഇളക്കി അല്പനേരം അടച്ചു വയ്ക്കുക.  തേങ്ങ ഒന്ന് മിക്സിയിൽ ഒതുക്കിയെടുത്ത ശേഷം ഇതിലേക്ക് ചേർക്കാം. നന്നായി യോജിപ്പിച്ച ശേഷം ഉപ്പ് ആവശ്യമെങ്കിൽ ഈ സമയം ചേർക്കാം. വീണ്ടും ഇളക്കി യോജിപ്പിച്ച ശേഷം ഇറക്കി വയ്ക്കാം.. അടിപൊളി ഉപ്പേരി റെഡി.