നോൺവെജ് വിഭവങ്ങളിൽ നാരങ്ങാനീര് പിഴിഞ്ഞൊഴിക്കുന്നത് രുചിക്ക് വേണ്ടി മാത്രമല്ല
ഹോട്ടലുകളിലോ റെസ്റ്റോറന്റുകളിലോ ഭക്ഷണം കഴിക്കാൻ പോകുമ്പോൾ മാത്രമല്ല, വീട്ടിലും നോൺവെജ് ഉണ്ടാക്കി കഴിക്കാനിരിക്കുമ്പോൾ ഒരു നാരങ്ങാ പിഴിഞ്ഞ് അതിന് മുകളിലൊഴിച്ച് കഴിക്കാൻ ഇഷ്ടമുള്ളവർ കുറവല്ല. നാരങ്ങാനീര് ഒഴിച്ചാൽ കിട്ടുന്ന രുചി തന്നെയാണ് പലരും ഈ രീതി പരീക്ഷിക്കാന്‍ കാരണം. എന്നാൽ രുചി മാത്രമല്ല ഇതിലൂടെ ലഭിക്കുന്നത്. മറ്റ് ചില ഗുണങ്ങളും ഈ രീതി പിന്തുടരുന്നതിന് പിന്നിലുണ്ട്.
വിഭവങ്ങളുടെ ഫ്‌ളേവർ കൂട്ടാനും രുചി പെരുമയ്ക്കും നാരങ്ങാനീര് നോൺവെജിൽ ഒഴിക്കുന്നത് നല്ലതാണ്. എന്നാൽ പ്രധാന ഗുണം നാരങ്ങാനീര് ഒഴിക്കുന്നതിലൂടെ ദഹനം സുഗമമാകും എന്നതാണ്. മാംസാഹരങ്ങൾ വയറ്റിലെത്തിയാല്‍ ദഹിക്കാൻ കുറച്ച് പാടാണെന്ന കാര്യം അറിയാമല്ലോ, ഈ സമയം ദഹനത്തെ ബൂസ്റ്റ് ചെയ്യാൻ ബെസ്റ്റാണ് നാരാങ്ങാനീര്. തീർന്നില്ല വൈറ്റമിൻ സി നിറഞ്ഞ നാരങ്ങ പ്രതിരോധ ശേഷി വർധിപ്പിക്കാനും മികച്ചതാണ്. നിർജ്ജലീകരണവും തടയും.
നാരങ്ങാനീര് ദഹനത്തെ സഹായിക്കുന്ന എൻസൈമുകളെ ഉത്തേജിപ്പിക്കുന്ന പോഷകങ്ങളുടെ ആഗീരണം സുഗമമാക്കും. നാരാങ്ങാനീരിലെ അസിഡിറ്റി ആമാശയത്തിലെ ആസിഡിനെ സന്തുലിതമാക്കുകയും ചെയ്യും. ഇതോടെ ദഹനക്കേട് ഉൾപ്പെടെയുള്ള പ്രശ്‌നങ്ങൾ നമ്മെ നോണ്‍വെജ് കഴിക്കുമ്പോള്‍ അലട്ടുകയുമില്ല.