പഞ്ഞി പോലുള്ള പുട്ട് തയ്യാറാക്കാം ഇങ്ങനെ

 

 ചേരുവകൾ

    ഗോതമ്പ് പൊടി- 2 കപ്പ്
    ഉപ്പ്- 1/4 ടീസ്പൂൺ
    ചിരകിയ തേങ്ങ- 1/2 കപ്പ്
    വെള്ളം- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം

    ഗോതമ്പ് പുട്ട് സോഫ്റ്റ് ആകാനുള്ള പ്രധാന രഹസ്യം പൊടി നന്നായി വറുക്കുന്നതിലാണ്. ഒരു പാനിൽ രണ്ട് കപ്പ് ഗോതമ്പ് പൊടി ഇട്ട് ഇടത്തരം തീയിൽ  7-8 മിനിറ്റ് വറുക്കാം. പൊടിക്ക് നേരിയ തവിട്ട് നിറം വരികയും നല്ല മണം വരികയും ചെയ്യുമ്പോൾ തീ അണച്ച് തണുക്കാൻ വെക്കാം.
    തണുത്ത പൊടിയിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർക്കാം. ശേഷം വെള്ളം അല്പാല്പമായി തളിച്ച് പൊടി നനയ്ക്കാം. കൈകൊണ്ട് അമർത്തി പിടിച്ചാൽ പന്തുപോലെ ഉരുളുകയും തട്ടിയാൽ ഉടൻ പൊടിഞ്ഞു പോവുകയും ചെയ്യുന്നതാണ് ഇതിന്റെ ശരിയായ പാകം. മാവിൽ കട്ടകൾ ഉണ്ടെങ്കിൽ മിക്സിയിൽ ഒന്ന് കറക്കി എടുക്കുന്നത് പുട്ട് കൂടുതൽ സോഫ്റ്റ് ആക്കാൻ സഹായിക്കും.
    പുട്ടുക്കുറ്റിക്ക് പകരം ഇഡ്ഡലി പാത്രത്തിന്റെ തട്ടിൽ നനഞ്ഞ ഒരു കോട്ടൺ തുണി വിരിക്കാം. ആദ്യം അല്പം തേങ്ങ ചേർക്കാം, അതിനു മുകളിൽ നനച്ചു വെച്ച ഗോതമ്പ് പൊടിയും ചേർക്കാം. വീണ്ടും മുകളിൽ അല്പം തേങ്ങ കൂടി ചേർക്കാം. 
    6 മുതൽ 8 മിനിറ്റ് വരെ ആവിയിൽ വേവിക്കാം. ആവി നന്നായി വന്നു തുടങ്ങിയാൽ തീ അണയ്ക്കാം.
    ഒരു മിനിറ്റിനു ശേഷം പാത്രത്തിൽ നിന്നും മാറ്റി ഒരു ഫോർക്ക് ഉപയോഗിച്ച് ചെറുതായി ഇളക്കി കൊടുക്കാം. ഇതാ പഞ്ഞിപോലെയുള്ള ഗോതമ്പ് പുട്ട് തയ്യാർ