സോഫ്റ്റ് മിൽക്ക് ബ്രഡ് നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കാം
ഇളം ചൂടു പാലിൽ യീസ്റ്റും ഒരു ടേബിൾസ്പൂൺ പഞ്ചസാരയും ചേർത്ത് ഇളക്കി 10 മിനിറ്റ് മൂടിവയ്ക്കാം.(ഇൻസ്റ്റൻറ് യീസ്റ്റ് ആണ് ഉപയോഗിക്കുന്നതെങ്കിൽ നേരിട്ട് മാവിലേക്ക് ചേർക്കാവുന്നതാണ്. പാലിൽ കലക്കി വെക്കണം എന്നില്ല). ഒരു പാത്രത്തിൽ മൈദ, 2 ടേബിൾസ്പൂൺ പഞ്ചസാര, ഉപ്പ് എന്നിവ ചേർത്ത് ഇളക്കി അതിലേക്ക് യീസ്റ്റ് മിശ്രിതവും മുട്ടയും 1 ടേബിൾസ്പൂൺ ബട്ടറും ചേർത്ത ശേഷം ഒരു മരത്തവി കൊണ്ട് ഇളക്കി യോജിപ്പിക്കുക.
വേണ്ട ചേരുവകൾ
ഇളം ചൂടു പാൽ 1 കപ്പ്
യീസ്റ്റ് 1 1/2 ടീസ്പൂൺ
പഞ്ചസാര 3 ടേബിൾസ്പൂൺ
മൈദ 3 കപ്പ്
ഉപ്പ് 3/4 ടീസ്പൂൺ
മുട്ട 1 എണ്ണം
ബട്ടർ 2 ടേബിൾ സ്പൂൺ
തയ്യാറാക്കുന്ന വിധം
ഇളം ചൂടു പാലിൽ യീസ്റ്റും ഒരു ടേബിൾസ്പൂൺ പഞ്ചസാരയും ചേർത്ത് ഇളക്കി 10 മിനിറ്റ് മൂടിവയ്ക്കാം.(ഇൻസ്റ്റൻറ് യീസ്റ്റ് ആണ് ഉപയോഗിക്കുന്നതെങ്കിൽ നേരിട്ട് മാവിലേക്ക് ചേർക്കാവുന്നതാണ്. പാലിൽ കലക്കി വെക്കണം എന്നില്ല). ഒരു പാത്രത്തിൽ മൈദ, 2 ടേബിൾസ്പൂൺ പഞ്ചസാര, ഉപ്പ് എന്നിവ ചേർത്ത് ഇളക്കി അതിലേക്ക് യീസ്റ്റ് മിശ്രിതവും മുട്ടയും 1 ടേബിൾസ്പൂൺ ബട്ടറും ചേർത്ത ശേഷം ഒരു മരത്തവി കൊണ്ട് ഇളക്കി യോജിപ്പിക്കുക.
വൃത്തിയുള്ള ഒരു പ്രതലത്തിൽ മൈദ പൊടി വിതറിയ ശേഷം മാവ് അവിടേക്ക് മാറ്റി സോഫ്റ്റ് ആവുന്നത് വരെ കൈകൊണ്ട് നല്ലതുപോലെ കുഴച്ചെടുക്കാം. ബാക്കിയുള്ള ഒരു ടേബിൾസ്പൂൺ ബട്ടറും കൂടി ചേർത്ത് കുഴയ്ക്കണം. മാവ് ഒട്ടുന്ന പരുവമാണെങ്കിൽ കുറച്ചു മൈദ പൊടി കൂടി ചേർത്ത് കുഴച്ചെടുക്കാം. ഇനി വെണ്ണ തടവിയ ഒരു വലിയ പാത്രത്തിലേക്ക് മാവ് മാറ്റിയശേഷം രണ്ടു മണിക്കൂർ മൂടിവയ്ക്കാം.
ഇനി പൊങ്ങി വന്ന മാവ് കൈകൊണ്ട് ഒന്ന് അമർത്തി വായു കളഞ്ഞ ശേഷം മൈദ പൊടി വിതറിയ വൃത്തിയുള്ള പ്രതലത്തിലേക്ക് വീണ്ടും മാറ്റി കാൽ ഇഞ്ച് കനത്തിൽ മാവ് പരത്തി എടുക്കാം. ഇനി ഇത് ഒരു സിലിണ്ടർ രൂപത്തിൽ ചുരുട്ടി, അരികുകൾ എല്ലാം ഒന്ന് അമർത്തി വെച്ചശേഷം വെണ്ണ തടവിയ ലോഫ് ടിന്നിലേക്ക് മാറ്റാം(അരികുകൾ ഒട്ടിച്ച വശം താഴേക്ക് വരുന്ന വിധത്തിൽ വേണം ടിന്നിലേക്ക് വയ്ക്കാൻ). ഇനി ചെറുതായി നനവുള്ള വൃത്തിയുള്ള ഒരു തുണി കൊണ്ട് ഇത് മൂടി അരമണിക്കൂർ മാറ്റിവെക്കാം.
മാവ് പൊങ്ങി വന്നു കഴിഞ്ഞാൽ മുകളിൽ ബട്ടർ പതുക്കെ ബ്രഷ് ചെയ്തു കൊടുക്കാം. ഇത് ഇനി 180 ഡിഗ്രി ചൂടിൽ പ്രീഹീറ്റ് ചെയ്ത ഓവനിൽ വെച്ച് 25 മുതൽ 30 മിനിറ്റ് വരെ ബേക്ക് ചെയ്തെടുക്കാം. ബേക്കിംഗ് കഴിഞ്ഞ് പുറത്തേക്ക് എടുത്ത ഉടനെ തന്നെ മുകളിൽ വീണ്ടും ബട്ടർ തടവി കൊടുക്കണം. ഇനിയൊരു രണ്ടുമൂന്നു മിനിറ്റ് കഴിഞ്ഞാൽ ടിന്നിൽ നിന്ന് ബ്രഡ് പുറത്തേക്കെടുക്കാം. സ്വാദിഷ്ടമായ മിൽക്ക് ബ്രെഡ് തയ്യാറായിക്കഴിഞ്ഞു. നല്ലതുപോലെ ചൂടാറിയശേഷം മുറിച്ച് കഴിക്കാവുന്നതാണ്.