കുടുംബത്തിനെ സഹായിക്കാനെന്ന പേരില്‍ പ്രദീപ് വരാറുണ്ട്', മകള്‍ക്ക് എന്ത് സംഭവിച്ചെന്ന് കണ്ടുപിടിക്കണം ; കാസര്‍ഗോഡ് മരിച്ച പെണ്‍കുട്ടിയുടെ അമ്മ

പൈവളിഗെയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ പെണ്‍കുട്ടിയുടെയും 42കാരന്റെയും പോസ്റ്റുമോര്‍ട്ടം ഇന്ന് . ഡി.എന്‍.എ പരിശോധനയ്ക്കുള്ള നടപടികളും പൂര്‍ത്തിയാക്കും.

 

കാസര്‍ഗോഡ് : പൈവളിഗെയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ പെണ്‍കുട്ടിയുടെയും 42കാരന്റെയും പോസ്റ്റുമോര്‍ട്ടം ഇന്ന് . ഡി.എന്‍.എ പരിശോധനയ്ക്കുള്ള നടപടികളും പൂര്‍ത്തിയാക്കും. മകള്‍ക്ക് എന്ത് സംഭവിച്ചെന്ന് കണ്ടുപിടിക്കണമെന്ന് അമ്മ ആവശ്യപ്പെട്ടു. കുടുംബത്തിനെ സഹായിക്കാനെന്ന പേരില്‍ പ്രദീപ് വരാറുണ്ടെന്നും, രണ്ട് വര്‍ഷം മുമ്പ് പ്രദീപിനെതിരെ സ്‌കൂള്‍ അധികൃതര്‍ ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കിയിരുന്നുവെന്നും അമ്മ പറഞ്ഞു.

പരിയാരം ഗവ മെഡിക്കല്‍ കോളജിലാണ് പൊലീസ് സര്‍ജന്റെ നേതൃത്വത്തില്‍ പോസ്റ്റുമോര്‍ട്ടം നടക്കുക. മൃതദേഹങ്ങളുടെ കാലപ്പഴക്കവും മരണ കാരണവും പോസ്റ്റ്‌മോര്‍ട്ടത്തിലൂടെ കണ്ടെത്താനാകും. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹത്തിന് സമീപത്ത് നിന്ന് ലഭിച്ച ഇരുവരുടേയും മൊബൈല്‍ ഫോണുകള്‍ സൈബര്‍ വിഭാഗത്തിന് കൈമാറി. സുഹൃത്തുക്കളായിരുന്ന ഇരുവരും ജീവനൊടുക്കിയതിനുള്ള കാരണം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

ഫെബ്രുവരി 12ന് പുലര്‍ച്ചെയാണ് പെണ്‍കുട്ടിയെ കാണാതായത്. അയല്‍വാസിയായ 42 കാരന്‍ പ്രദീപിനെയും അന്നുതന്നെ കാണാതായി. ഇരുവരുടെയും മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ ലഭിച്ചത് വീടിന് ഒരു കിലോ മീറ്റര്‍ പരിധിയിലാണ്. ഡ്രോണ്‍, ഡോഗ് സ്‌ക്വാഡ് എന്നീ സംവിധാനങ്ങള്‍ ഉപയോഗിച്ച് പൊലീസ് പല ഘട്ടങ്ങളിലായി തിരച്ചില്‍ നടത്തിയെങ്കിലും സൂചനകള്‍ ഒന്നും ലഭിച്ചില്ല. സിസിടിവികള്‍ കേന്ദ്രീകരിച്ചുള്ള തിരച്ചിലും എങ്ങുമെത്തിയില്ല. പൊലീസിന്റെ അന്വേഷണം ഊര്‍ജിതമല്ലെന്ന് പെണ്‍കുട്ടിയുടെ കുടുംബം ആരോപിക്കുകയും ചെയ്തു. കാണാതായി 26 ദിവസത്തിന് ശേഷമാണ് ഇരുവരെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.