ഇതിന്റെ ഗുണങ്ങൾ അറിയാമോ ?
ദിവസവും രാവിലെ വെറും വയറ്റിൽ ഒരു പിടി പിസ്ത കഴിക്കുന്നത് ദഹനവും ഹൃദയാരോഗ്യവുമെല്ലാം മെച്ചപ്പെടുത്തും എന്നാണ് പറയുന്നത്. ഇളംപച്ച നിറത്തില്‍, കാണാന്‍ വളരെ ക്യൂട്ടായ ഈ നട്ടിനെക്കുറിച്ച് കൂടുതല്‍ അറിയാം.
മറ്റ് ഡ്രൈ ഫ്രൂട്ട്‌സുമായി താരതമ്യം ചെയ്യുമ്പോൾ കുറഞ്ഞ കലോറിയും, ഉയർന്ന പോഷകഗുണവുമാണ് പിസ്തയെ വേറിട്ടു നിർത്തുന്ന ഒരു കാര്യം. ചെറിയ അളവിൽ മാത്രമേ ഇതില്‍ കലോറി അടങ്ങിയിട്ടുള്ളൂ. എന്നാൽ പ്രോട്ടീൻ, ഫൈബർ, ആന്റിഓക്സിഡന്റുകൾ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവയാൽ സമ്പുഷ്ടവുമാണ് ഇത്. രാവിലെ തന്നെ വെറുംവയറ്റില്‍ കഴിക്കുമ്പോൾ മറ്റ് ഭക്ഷണങ്ങൾ വരുന്നതിന് മുൻപ് തന്നെ ശരീരത്തിന് പോഷകങ്ങൾ കാര്യക്ഷമമായി ആഗിരണം ചെയ്യാൻ പറ്റും. ബ്രിട്ടീഷ് ജേണൽ ഓഫ് ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച്, മിതമായ കൊഴുപ്പുള്ള ഭക്ഷണത്തിൽ പിസ്ത ഉൾപ്പെടുത്തിയത് ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ സഹായിച്ചതായി കണ്ടെത്തിയിട്ടുണ്ട്.
ദഹനം കൂട്ടും
പിസ്തയിലെ പ്രോട്ടീൻ, ഫൈബർ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവ ഒന്നിക്കുമ്പോൾ ശരീരത്തിൽ തെർമോജെനിസിസ് കൂടും. അതായത്, പിസ്ത ദഹിപ്പിക്കുന്ന സമയത്ത് ശരീരം കൂടുതൽ കലോറി എരിച്ചുകളയും എന്നർത്ഥം. പിസ്തയിൽ അടങ്ങിയ വിറ്റാമിൻ B6 പോലുള്ള ബി വിറ്റാമിനുകൾ ആണ് ഇതിനു സഹായിക്കുന്നത്. ഇത് പലപ്പോഴും രാവിലെയും ഉച്ചയ്ക്ക് മുൻപും അനുഭവപ്പെടുന്ന ക്ഷീണം കുറയ്ക്കാനും ദിവസം മുഴുവൻ ഊർജ്ജസ്വലത നിലനിർത്താനും സഹായിക്കും.
ദഹനത്തിന് പുത്തൻ ഉണർവ്
പിസ്തയില്‍ ലയിക്കുന്നതും ലയിക്കാത്തതുമായ നാരുകള്‍ അടങ്ങിയിരിക്കുന്നു. രാവിലെ ആദ്യം കഴിക്കുമ്പോൾ, ഈ നാരുകൾ ദഹനനാളവുമായി നേരിട്ട് പ്രതിപ്രവർത്തിക്കുകയും കുടലിന്റെ ആരോഗ്യകരമായ ചലനത്തിന് സഹായിക്കുകയും ചെയ്യുന്നു. ലയിക്കുന്ന നാരുകൾ കുടലിലെ നല്ല ബാക്ടീരിയകളെ പോഷിപ്പിക്കുകയും വയറുവീർക്കൽ കുറയ്ക്കുകയും ചെയ്യുന്നു. ലയിക്കാത്ത നാരുകൾ മലബന്ധം തടഞ്ഞ് മലവിസർജ്ജനം നിയന്ത്രിക്കാൻ സഹായിക്കും.
ഹൃദയാരോഗ്യത്തിന്
പിസ്തയുടെ ഏറ്റവും പ്രധാനപ്പെട്ട ഗുണങ്ങളിലൊന്നാണ് ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു എന്നത്. ഇതിലടങ്ങിയ മോണോസാച്ചുറേറ്റഡ് കൊഴുപ്പുകൾ ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാനും നല്ല കൊളസ്‌ട്രോളിന്റെ അളവ് നിലനിർത്താനും സഹായിക്കും. വെറും വയറ്റിൽ കഴിക്കുമ്പോൾ ഈ കൊഴുപ്പുകളുടെ ആഗിരണം കൂടുതൽ കാര്യക്ഷമമാകുന്നു. കൂടാതെ, ലുട്ടീൻ പോലുള്ള ശക്തമായ ആന്റിഓക്സിഡന്റുകൾ ഓക്സിഡേറ്റീവ് സമ്മർദ്ദവും വീക്കവും കുറയ്ക്കുന്നു. ഇത് ഹൃദ്രോഗത്തിന് കാരണമാകുന്ന പ്രധാന ഘടകങ്ങളെ തടയുന്നു. ഇതിലെ പൊട്ടാസ്യം രക്തസമ്മർദ്ദം ആരോഗ്യകരമായി നിലനിർത്താൻ സഹായിക്കുന്നു.
രക്തത്തിലെ പഞ്ചസാര സ്ഥിരമാക്കാൻ
പിസ്തയുടെ ഗ്ലൈസെമിക് ഇൻഡക്സ് വളരെ കുറവായതിനാൽ, മറ്റ് ഭക്ഷണങ്ങൾക്ക് മുൻപ് ഇത് കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്താൻ സഹായിക്കും. ഇതിലെ ആരോഗ്യകരമായ കൊഴുപ്പുകളും നാരുകളും ഗ്ലൂക്കോസിന്റെ ആഗിരണത്തെ മന്ദഗതിയിലാക്കും. അതിനാല്‍ രക്തത്തിലെ പഞ്ചസാര പെട്ടെന്ന് കൂടില്ല.
ഭാരം നിയന്ത്രിക്കാൻ
നാരുകളും പ്രോട്ടീനും ധാരാളമായുള്ളതിനാൽ പിസ്ത സ്വാഭാവികമായും വയറു നിറഞ്ഞു എന്ന തോന്നൽ ഉണ്ടാക്കുന്നു. ആദ്യ ഭക്ഷണമായി ഇത് കഴിക്കുമ്പോൾ, കൂടുതൽ നേരം വിശപ്പില്ലാതെയിരിക്കാൻ സഹായിക്കുകയും പിന്നീട് അമിതമായി ഭക്ഷണം കഴിക്കാനുള്ള പ്രവണത കുറയ്ക്കുകയും ചെയ്യുന്നു.