അറിയാം പീച്ചിന്‍റെ ആരോഗ്യ ഗുണങ്ങള്‍...

 

 

വളരെ സ്വാദിഷ്ഠമായ പീച്ച് പഴങ്ങള്‍ വിറ്റാമിന്‍ എയുടെയും സിയുടെയും കലവറയും പൊട്ടാസ്യവും നാരുകളും ധാരാളം അടങ്ങിയതുമാണ്. പുതുമയോടെ പറിച്ച് പഴുപ്പിച്ച പഴങ്ങളും ഉണക്കിയെടുത്ത പഴങ്ങളുമെല്ലാം ആഹാരത്തിന്റെ ഭാഗമാണ്. പരാഗണം നടക്കാനായി ഒന്നില്‍ക്കൂടുതല്‍ തൈകള്‍ നട്ടുവളര്‍ത്തേണ്ട കാര്യമില്ലെന്നതാണ് പീച്ച് മരങ്ങളുടെ പ്രത്യേകത. ഒരു മരത്തില്‍ നിന്നുതന്നെ സ്വപരാഗണം നടന്ന് കായകളുണ്ടാകുകയും ധാരാളം പഴുത്ത പഴങ്ങള്‍ പറിച്ചെടുക്കുകയും ചെയ്യാം.

തണുപ്പില്‍ അതിജീവിച്ച് വളരുന്ന പീച്ച് മരങ്ങള്‍ ഏകദേശം -23 ഡിഗ്രി സെല്‍ഷ്യസില്‍ വരെ നന്നായി വളര്‍ന്ന് കായകളുണ്ടാകും. നല്ല സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലം തെരഞ്ഞെടുത്താണ് പീച്ച് മരത്തിന്റെ തൈകള്‍ കൃഷി ചെയ്യുന്നത്. ചില പീച്ച് മരങ്ങളുടെ ശാഖകള്‍ ഏകദേശം 20 അടി വിസ്താരത്തില്‍ വ്യാപിക്കുകയും 15 അടി ഉയരത്തില്‍ ഉയരത്തില്‍ വളരുകയും ചെയ്യും. അതുകൊണ്ടുതന്നെ നല്ല വായുസഞ്ചാരമുള്ളതും മറ്റുള്ള ഉയര്‍ന്ന കെട്ടിടങ്ങളൊന്നും മരത്തിന്റെ വളര്‍ച്ച തടസപ്പെടുത്താത്ത സ്ഥലങ്ങളുമായിരിക്കണം രെഞ്ഞെടുക്കേണ്ടത്.

നല്ല നീര്‍വാര്‍ച്ചയുള്ളതും ധാരാളം ജൈവവസ്തുക്കളാല്‍ സമ്പുഷ്മായതുമായ മണ്ണാണ് പീച്ച് വളര്‍ത്താന്‍ യോജിച്ചത്. വെള്ളം കെട്ടിനില്‍ക്കുന്ന സ്ഥലത്ത് ഈ മരം ശരിയായി വളരുകയില്ല. വളര്‍ച്ചയ്ക്ക് ഏറ്റവും യോജിച്ചത് 6.5 നും 7.0 നും ഇടയില്‍ പി.എച്ച് മൂല്യമുള്ള മണ്ണാണ്.

ഏകദേശം 7.6 സെ.മീ ആഴമുള്ള കുഴിയെടുത്താണ് തൈകള്‍ നടുന്നത്. ഗ്രാഫ്റ്റ് ചെയ്ത തൈകളാണെങ്കില്‍ യോജിപ്പിച്ച ഭാഗം മണ്ണില്‍ നിന്നും ഏകദേശം 5 സെ.മീ ഉയരത്തിലായിരിക്കണം. നട്ടുകഴിഞ്ഞാല്‍ നന്നായി നനയ്ക്കണം. ഏകദേശം 15 സെ.മീ ഉയരത്തിലായി മണ്ണു കൊണ്ട് തടമെടുത്ത് വേരുകള്‍ക്ക് ചുറ്റിലുമായി വെള്ളം പിടിച്ചുനിര്‍ത്താനും പുതയിടാനും സൗകര്യമുണ്ടാക്കാം. കൂടുതല്‍ കായകള്‍ ഉത്പാദിപ്പിക്കാനായി വശങ്ങളിലേക്ക് വളരുന്ന ശാഖകള്‍ വെട്ടി ചെറുതാക്കാവുന്നതാണ്.

വസന്തകാലത്താണ് പ്രൂണിങ്ങ് നടത്താറുള്ളത്. മരത്തിന്റെ മധ്യഭാഗത്തായി വായുസഞ്ചാരവും സൂര്യപ്രകാശവും ധാരാളം ലഭിക്കണം. ഓരോ വര്‍ഷവും മരത്തിന് ആവശ്യമായ പരിചരണം നല്‍കണം. ഇലകള്‍ ചുരുണ്ടു പോകാനും മറ്റുള്ള കീടങ്ങള്‍ ആക്രമിക്കാനും സാധ്യതയുണ്ട്.

പീച്ച് മരത്തിലും തണുപ്പുകാലത്ത് ഇലകള്‍ കൊഴിയാറുണ്ട്. എന്നാലും വേനല്‍ക്കാലത്ത് മരത്തില്‍ ഉണ്ടായ പുഷ്പമുകുളങ്ങള്‍ വിടര്‍ന്ന് കായകളുണ്ടാകുന്ന പ്രവര്‍ത്തനം സുഗമമായി നടക്കാന്‍ തണുപ്പ് ആവശ്യമാണ്. സാധാരണയായി നവംബര്‍ മുതല്‍ ഫെബ്രുവരി 15 വരെയുള്ള കാലയളവിലാണ് മരങ്ങള്‍ തണുപ്പില്‍ വിശ്രമിക്കുന്നത്.

റെഡ് ബാരണ്‍ പീച്ച്  ഹൃദ്യമായ സുഗന്ധം തരുന്നയിനമാണ്. വലുപ്പമുള്ള ഇരട്ട ഇതളുകളോടുകൂടിയ ചുവന്ന പൂക്കളാണ് ഇവയ്ക്ക്. ഈ ഇനം ഏകദേശം 15 അടി ഉയരത്തില്‍ വളരുകയും നല്ല കടുംചുവപ്പ് നിറമുള്ള പഴങ്ങള്‍ ഉത്പാദിപ്പിക്കുകയും ചെയ്യും. വളരെ പെട്ടെന്ന് വളര്‍ന്ന് പഴങ്ങള്‍ ഉത്പാദിപ്പിക്കുന്ന ഇനമായ ഈ ഇനത്തിനും നല്ല സൂര്യപ്രകാശവും വെള്ളവും നല്‍കണം. കുമിള്‍ രോഗങ്ങള്‍ ആക്രമിക്കാറുണ്ട്. കുറഞ്ഞ പരിചരണത്താല്‍ ഏകദേശം മൂന്ന് മുതല്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ പഴങ്ങള്‍ വിളവെടുക്കാവുന്നതാണ്.