വെണ്ണയുടെ മണവും മസാലയുടെ രുചിയും; വീട്ടിൽ തന്നെ തയ്യാറാക്കാം ഈ സ്ട്രീറ്റ് ഫുഡ്
ആവശ്യമായ ചേരുവകൾ
- പാവ് ബ്രെഡ് – 4–6 എണ്ണം
- ഉരുളക്കിഴങ്ങ് – 2 എണ്ണം
- കോളിഫ്ലവർ – 1 കപ്പ്
- പച്ചപ്പട്ടാണി – ½ കപ്പ്
- കാരറ്റ് – 1 എണ്ണം
- സവാള – 2 എണ്ണം
- തക്കാളി – 3 എണ്ണം
- ക്യാപ്‌സിക്കം – 1 എണ്ണം
- ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് – 1 ടേബിൾസ്പൂൺ
- പാവ്ഭാജി മസാല – 2 ടീസ്പൂൺ
- മുളകുപൊടി – ½–1 ടീസ്പൂൺ
- മഞ്ഞൾപ്പൊടി – ¼ ടീസ്പൂൺ
- വെണ്ണ – 3–4 ടേബിൾസ്പൂൺ
- എണ്ണ – 1 ടേബിൾസ്പൂൺ
- നാരങ്ങ – 1 എണ്ണം
- മല്ലിയില – ആവശ്യത്തിന്
- ഉപ്പ് – ആവശ്യത്തിന്
- വെള്ളം – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ആദ്യം ഉരുളക്കിഴങ്ങ്, കോളിഫ്ലവർ, കാരറ്റ്, പച്ചപ്പട്ടാണി എന്നിവ ആവശ്യത്തിന് വെള്ളവും ഉപ്പും ചേർത്ത് വേവിച്ചെടുക്കുക. വെന്തുകഴിഞ്ഞാൽ വെള്ളം അധികമുണ്ടെങ്കിൽ ഊറ്റിമാറ്റി പച്ചക്കറികൾ നന്നായി ഉടച്ചെടുക്കുക. ഒരു പാനിൽ എണ്ണയും അല്പം വെണ്ണയും ചൂടാക്കി ചെറുതായി അരിഞ്ഞ സവാള ചേർത്ത് വഴറ്റുക. സവാള മൃദുവായാൽ ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ചേർത്ത് പച്ചമണം മാറുന്നതുവരെ വഴറ്റണം.
ശേഷം അരിഞ്ഞ തക്കാളിയും ക്യാപ്‌സിക്കവും ചേർത്ത് വേവിക്കുക. തക്കാളി മൃദുവായാൽ പാവ്ഭാജി മസാല, മുളകുപൊടി, മഞ്ഞൾപ്പൊടി, ഉപ്പ് എന്നിവ ചേർത്ത് നന്നായി ഇളക്കുക. ഇതിലേക്ക് ഉടച്ചുവച്ച പച്ചക്കറികൾ ചേർത്ത് ആവശ്യത്തിന് വെള്ളവും അല്പം വെണ്ണയും ഒഴിക്കുക. മാഷർ ഉപയോഗിച്ച് പച്ചക്കറികൾ വീണ്ടും ഉടച്ചുകൊണ്ട് മിശ്രിതം കട്ടിയുള്ളതും ഒരേ ഘടനയുള്ളതുമാകുന്നതുവരെ വേവിക്കുക. അവസാനം മല്ലിയിലയും നാരങ്ങാനീരും ചേർത്ത് തീ ഓഫ് ചെയ്യാം.
പാവ് ബ്രെഡ് നടുവിൽ മുറിച്ച് ഒരു തവയിൽ വെണ്ണ പുരട്ടി ഇരുവശവും ചെറുതായി മൊരിച്ചെടുക്കുക. തയ്യാറാക്കിയ ചൂടുള്ള പച്ചക്കറി മസാല ഒരു പ്ലേറ്റിൽ വിളമ്പി മുകളിൽ അല്പം വെണ്ണയും മല്ലിയിലയും ചേർക്കാം. വറുത്ത പാവും അരിഞ്ഞ സവാളയും നാരങ്ങാക്കഷ്ണങ്ങളും കൂടെ വിളമ്പിയാൽ മുംബൈ തെരുവോര രുചി വീട്ടിലും ആസ്വദിക്കാം.