നാടൻ രീതിയിൽ പാസ്ത തയ്യാറാക്കാം ഇങ്ങനെ
ചേരുവകൾ
മക്രോണി -400ഗ്രാം
ചിക്കൻ -250ഗ്രാം
വലിയ ഉള്ളി -2 എണ്ണം
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -1 ടീസ്പൂൺ
തക്കാളി -2 എണ്ണം
മഞ്ഞൾ പൊടി -1/2 ടീസ്പൂൺ
മുളക് പൊടി -1 ടീസ്പൂൺ
മല്ലിപ്പൊടി -1 ടീസ്പൂൺ
ഉപ്പ് - ആവശ്യത്തിന്
വെളിച്ചെണ്ണ -2 ടേബിൾ സ്പൂൺ
ഗരം മസാല -1/2 ടീസ്പൂൺ
കുരുമുളക് -1 ടീസ്പൂൺ
വറ്റൽ മുളക് -1 എണ്ണം
ചെറിയ ഉള്ളി -8,9 എണ്ണം
പേരും ജീരകം-1/2 ടീസ്പൂൺ
ഉലുവ -1/2 ടീസ്പൂൺ
കറുവപ്പട്ട ഇല -1 എണ്ണം
ഉണ്ടാക്കുന്ന വിധം
ഒരു പാനിൽ എണ്ണ ചൂടാക്കി അതിലേക്ക് വലിയ ഉള്ളി, ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്, തക്കാളി, പച്ചമുളക് എല്ലാം ഇട്ട് വഴറ്റി മഞ്ഞൾ പൊടി, മുളക് പൊടി, മല്ലിപ്പൊടി, ഗരം മസാല ഇവ ചേർത്ത് ഒന്നു വഴറ്റി അതിലേക്ക് കഴുകി വൃത്തിയാക്കിയ ചിക്കൻ ഇട്ടു കൊടുത്തു നന്നായി യോജിപ്പിച്ചെടുക്കുക. ആവശ്യത്തിന് ഉപ്പും വെള്ളവും ചേർത്ത് ചിക്കൻ വേവിച്ചെടുക്കുക.
ഒരു കുഴിയുള്ള പാത്രത്തിൽ വെള്ളവും ഒരു ടേബിൾ സ്പൂൺ ഓയിലും ഉപ്പും ചേർത്ത് നന്നായി തിളപ്പിക്കുക. തിള വന്നാൽ മക്രോണി ഇട്ടു വേവിച്ചെടുക്കുക. വെന്ത ശേഷം അരിപ്പ വെച്ച് വെള്ളം കളഞ്ഞു ഊറ്റി എടുക്കണം. വേറൊരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് അതിലേക്ക് തേങ്ങാ, ചെറിയ ഉള്ളി, ജീരകം, ഉലുവ, കുരുമുളക്, പട്ടയുടെ ഇല, വറ്റൽ മുളക് ഇവ ഇട്ട് നന്നായൊന്നു മൂപ്പിച്ചെടുത്തു അരച്ചെടുക്കണം.
അരപ്പ് മാറ്റി വെക്കണം. നേരത്തെ തയ്യാറാക്കിയ ചിക്കൻ കറിയിലേക്ക് വറുത്തരച്ച തേങ്ങാക്കൂട്ട് ചേർത്ത് ഒന്ന് തിളപ്പിച്ചെടുക്കണം. വേവിച്ചു വെച്ച മാക്രോണി ചേർത്ത് നന്നായൊന്നു യോജിപ്പിച്ചെടുക്കുക. ഒരു പാനിൽ എണ്ണ ചൂടാക്കി അതിലേക്ക് ചെറിയ ഉള്ളി അരിഞ്ഞതും ഉലുവയും കറിവേപ്പിലയും മക്രോണി മിക്സിലേക്ക് ഒഴിച്ച് കൊടുത്താൽ പാസ്ത റെഡി.