സാലഡില്‍ മാത്രമല്ല, ഇങ്ങനെ പാന്‍കേക്ക് ആക്കി കഴിക്കൂ കാബേജ്
തയ്യാറാക്കുന്ന വിധം
ഒരു മുട്ടയും അല്‍പം കാബേജും ഉണ്ടെങ്കില്‍ രുചികരമായ പാന്‍കേക്ക് തയാറാക്കാം. പോഷകസമൃദ്ധമായ ഈ വിഭവം പെട്ടെന്ന് ഉണ്ടാക്കിയെടുക്കാം എന്ന് മാത്രമല്ല, പെട്ടെന്ന് വയറും നിറയും. 'ഡോണ്‍ കാബേജ്' എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവച്ച ഈ റെസിപ്പി ഇതിനോടകം ലക്ഷക്കണക്കിന് പേര്‍ കണ്ടുകഴിഞ്ഞു. ഇത് ഉണ്ടാക്കുന്ന രീതി നോക്കാം.
ആദ്യം തന്നെ കാബേജ് നീളത്തില്‍ നൈസായി അരിയുക. 150 ഗ്രാം കാബേജിന് ഒരു മുട്ട എന്ന രീതിയിലാണ് എടുക്കേണ്ടത്. ഇതിലേക്ക് ഒരു മുട്ട പൊട്ടിച്ച് ഒഴിക്കുക. ഇതിലേക്ക് അല്‍പ്പം ഉപ്പും കുരുമുളക് പൊടിയും കൂടി തൂവിയ ശേഷം, നന്നായി ഇളക്കി മാറ്റിവയ്ക്കുക. കുറച്ചു കഴിഞ്ഞ് നോക്കുമ്പോള്‍ വെള്ളം ഊറി വന്ന് നില്‍ക്കുന്നതായി കാണാം. ഇതും കാബേജും ചേര്‍ത്ത് വീണ്ടും നന്നായി ഇളക്കുക. ഈ സമയത്ത് കാബേജും മുട്ടയും ഒരുമിച്ചു ചേര്‍ന്ന് നന്നായി മിക്സായി മാവ് പരുവത്തില്‍ ആയത് കാണാം. ഇത് കൂടുതല്‍ നേരം വെക്കാതെ അപ്പോള്‍ത്തന്നെ ചുട്ടെടുക്കുക. ഒരു പാന്‍ അടുപ്പത്തു വെച്ച് നന്നായി ചൂടാക്കുക. ഇതിലേക്ക് അല്‍പ്പം എണ്ണ പുരട്ടിയ ശേഷം, ഈ മിക്സ് ഒഴിക്കുക. കുറഞ്ഞ തീയില്‍ വേവിച്ചെടുക്കുക. കാബേജ് മുട്ട പാന്‍കേക്ക് റെഡി! pancake