കുട്ടികൾക്ക് കൊടുക്കാം രുചിനിറഞ്ഞൊരു മുട്ടയപ്പം

 

ചേരുവകൾ

 പച്ചരി ഒന്നരക്കപ്പ്, പഞ്ചസാര അഞ്ച് ടേബിൾ സ്പൂൺ, മുട്ട ഒന്ന്, ഏലക്ക അഞ്ചെണ്ണം പൊടിച്ചത്, തേങ്ങാപ്പാൽ, ഉപ്പ് പാകത്തിന്, എണ്ണ  വറുക്കാൻ ആവശ്യത്തിന്.

തയാറാക്കുന്ന വിധം

പച്ചരി രണ്ടു മണിക്കൂർ കുതിർത്ത ശേഷം കുറുകിയ തേങ്ങാപ്പാലിൽ പേസ്റ്റ് പോലെ അരച്ചെടുക്കുക. അതിനുശേഷം പഞ്ചസാര, ഏലയ്ക്ക, മുട്ട എന്നിവ ചേർത്ത് ഒന്നുകൂടി നന്നായി അരച്ചെടുക്കണം. ദോശമാവിന്റേതാണു പരുവം. ഇൗ കൂട്ട് അരമണിക്കൂർ വച്ചശേഷം പാനിൽ എണ്ണയൊഴിച്ച് നല്ലതുപോലെ ചൂടാകുമ്പോൾ ടേബിൾ സ്പൂൺ കൊണ്ടു കോരി ഒഴിക്കുക. തീ കുറച്ചുവച്ചു വേവിക്കണം. ഒരുവശം വെന്തു കഴിയുമ്പോൾ മാത്രമേ തിരിച്ചിട്ടു വേവിക്കാവൂ. ഒരുപാടു വേവിച്ചാൽ മൊരിഞ്ഞു കട്ടിയുള്ളതാകും.

ശ്രദ്ധിക്കാൻ

∙തേങ്ങയ്ക്കു കൃത്യമായ അളവില്ല. ഒാരോ തേങ്ങയിൽ നിന്നും കിട്ടുന്നത് വ്യത്യസ്ത അളവിലുള്ള പാലായിരിക്കും. ഏകദേശം അര മുറി തേങ്ങയുടെ കട്ടിപ്പാൽ മതിയാകും.  

∙അരി അരയ്ക്കുമ്പോൾ കുറച്ചു മാത്രം തേങ്ങാ പാൽ ചേർത്ത് അരയ്ക്കണം.

∙മുട്ട, പഞ്ചസാര എന്നിവ ചേർത്തരയ്ക്കുമ്പോൾ വെള്ളത്തിന്റെ അളവ് കൂടുതലായി വരും. പഞ്ചസാര ചേർക്കുമ്പോൾ നിങ്ങളുടെ മധുരത്തിനനുസരിച്ച് ക്രമപ്പെടുത്തുകയും ചെയ്യാം.