വിനായകചതുർത്ഥിയ്ക്ക് മോദകം തയ്യാറാക്കാം ശംഖ് പുഷ്പവും ചെമ്പരത്തിയും കൊണ്ട്..

ആദ്യം മോദകത്തിന്റെ ഉള്ളിൽ നിറയ്ക്കാനുള്ള ഫില്ലിംഗ്സ് തയ്യാറാക്കി എടുക്കാം.  ഒരു പാനിൽ തേങ്ങ ചേർത്ത് അതിലേക്ക് ശർക്കരയിട്ട് ചെറുതീയിൽ നന്നായി വഴറ്റുക. ശേഷം അതിലേക്ക് ഏലക്കാപ്പൊടി, ചുക്കുപൊടി എന്നിവ ചേർത്ത് നന്നായി ഇളക്കി എടുക്കുക.
 

ആവശ്യമായവ 

തേങ്ങ -1 കപ്പ് 
ശർക്കര - 1 കപ്പ്
ഏലക്കാപ്പൊടി - 1/2 ടീസ്പൂൺ
ചുക്ക് പൊടി - -1/2 ടീസ്പൂൺ
നീല ശംഖ്‌പുഷ്പം - 10 എണ്ണം 
ചെമ്പരത്തി പൂവ് - 10 എണ്ണം 
അരിപ്പൊടി - 2 കപ്പ്
വെള്ളം - 3 കപ്പ് 
ഉപ്പ് - ആവശ്യത്തിന് 

തയ്യാറാക്കുന്ന വിധം 

ആദ്യം മോദകത്തിന്റെ ഉള്ളിൽ നിറയ്ക്കാനുള്ള ഫില്ലിംഗ്സ് തയ്യാറാക്കി എടുക്കാം.  ഒരു പാനിൽ തേങ്ങ ചേർത്ത് അതിലേക്ക് ശർക്കരയിട്ട് ചെറുതീയിൽ നന്നായി വഴറ്റുക. ശേഷം അതിലേക്ക് ഏലക്കാപ്പൊടി, ചുക്കുപൊടി എന്നിവ ചേർത്ത് നന്നായി ഇളക്കി എടുക്കുക. ശേഷം തണുക്കാൻ വയ്ക്കാം. 

 ഇനി മോദകത്തിനുള്ള മാവ് തയ്യാറാക്കാം. അതിനായി ആദ്യം ഒരു പാത്രത്തിൽ ഒന്നര കപ്പ് വെള്ളം എടുത്ത് അതിലേക്ക് ആവശ്യത്തിന് ഉപ്പ് ഇടുക. ഇത് തിളച്ചു വരുമ്പോൾ അതിലേക്ക് കഴുകി വൃത്തിയാക്കി വെച്ചിരിക്കുന്ന ശംഖ്‌ പുഷ്പത്തിന്റെ ഇതളുകൾ ഇട്ടു കൊടുക്കുക. വെള്ളം നന്നായി തിളച്ച് നീല നിറമാകുമ്പോൾ ഇറക്കിവെച്ച് അരിച്ചെടുക്കുക. ഇനി ഒരു കപ്പ് അരിപ്പൊടി എടുത്ത് അതിലേക്ക് ഈ വെള്ളം അൽപ്പല്പമായി ചേർത്ത് മാവ് കുഴച്ചെടുക്കുക.

ഇതേ രീതിയിൽ വീണ്ടും ഒരു പാത്രത്തിൽ ഒന്നര കപ്പ് വെള്ളം തിളപ്പിക്കാൻ വയ്ക്കുക അതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർക്കുക. തിളച്ചു വരുമ്പോൾ അതിലേക്ക് കഴുകി വൃത്തിയാക്കി വച്ചിരിക്കുന്ന ചെമ്പരത്തി ഇതളുകൾ ചേർത്ത് കൊടുക്കുക. നന്നായി തിളച്ചു കഴിയുമ്പോൾ എടുത്ത് അരിച്ചെടുക്കുക. അരിച്ചെടുത്ത ഈ വെള്ളം ചേർത്ത് ബാക്കിയുള്ള ഒരു കപ്പ് അരിപ്പൊടി കുഴച്ചെടുക്കുക.

ഇനി മോദകം തയ്യാറാക്കാനുള്ള അച്ച് എടുത്ത് അതിന്റെ ഒരു ഭാഗത്ത് ശംഖുപുഷ്പം ചേർത്ത മാവും മറ്റൊരു ഭാഗത്ത് ചെമ്പരത്തിചേർത്ത മാവും വയ്ക്കുക. ഇനി ഫില്ലിങ്സ് വച്ച് അമർത്തി കൊടുക്കുക. ഇപ്പോൾ ഒരു ഭാഗം നീലനിറത്തിലും ഒരു ഭാഗം അല്പം ചുവപ്പുനിറത്തിലും ലഭിക്കും. ഇങ്ങനെ മാവ് മുഴുവൻ ചെയ്ത ശേഷം ആവിയിൽ വെച്ച് വേവിച്ചെടുക്കാം.