വീട്ടിൽ ഉണ്ടാക്കാം ഒരു വ്യത്യസ്ത ബിരിയാണി
ചേരുവകൾ
ഖൈമ അരി - 3 കപ്പ്
ചൂട് വെള്ളം - 6 കപ്പ്
ചെമ്മീൻ - 200 ഗ്രാം
സ്ക്വിഡ് - 200 ഗ്രാം
കിങ് ഫിഷ് - 500 ഗ്രാം
സവാള - 4 എണ്ണം
തക്കാളി - 1 എണ്ണം
പച്ചമുളക് - 6 എണ്ണം
ഇഞ്ചി വലിയത് - 1 കഷണം
വെളുത്തുള്ളി - 10 അല്ലി
കറിവേപ്പില - 2 തണ്ട്
ചെറുനാരങ്ങ - 1 എണ്ണം
മഞ്ഞൾപ്പൊടി - കാൽ ടീസ്പൂൺ
മുളകുപൊടി - 3 ടീസ്പൂൺ
ഗരംമസാല - 1 ടീസ്പൂൺ
പട്ട, ഗ്രാമ്പൂ, ഏലക്ക - 3 എണ്ണം വീതം
ഉപ്പ്, നെയ്യ്, ഓയിൽ - ആവശ്യത്തിന്
തയാറാക്കുന്ന വിധം
പാത്രത്തിൽ ആവശ്യത്തിന് നെയ്യ്, ഓയിൽ ചേർത്ത് ചൂടാകുമ്പോൾ നേരിയതായി മുറിച്ച സവാള ചേർത്ത് ഫ്രൈ ചെയ്ത് മാറ്റിവെക്കുക. പട്ട, ഗ്രാമ്പൂ, ഏലക്ക കഴുകി വൃത്തിയായി വെച്ച അരി ആവശ്യത്തിന് ഉപ്പ് ചേർത്ത് മൂന്ന് മിനിറ്റ് വറുക്കുക. ഇതിലേക്ക് ആറ് കപ്പ് ചൂടുവെള്ളം ചേർത്തിളക്കി മൂടിവെച്ച് നെയ്ചോർ തയാറാക്കിവെക്കുക.
ശേഷം ഒരു പാനിൽ രണ്ട് ടേബിൾ സ്പൂൺ ഓയിൽ ഒഴിച്ച് ചൂടാകുമ്പോൾ ഉപ്പ്, മഞ്ഞൾപ്പൊടി, മുളകുപൊടി, ചെറുനാരങ്ങനീര് ചേർത്ത് മാരിനേറ്റ് ചെയ്ത് വെച്ച മിക്സഡ് ഫിഷ് ഷാലോ ഫ്രൈ ചെയ്ത് മാറ്റിവെക്കുക. ഇതേ ഓയിലിലേക്ക് നൈസായി നീളത്തിൽ മുറിച്ച മൂന്ന് സവാള നന്നായി വഴറ്റുക.
ശേഷം ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് ചതച്ചത്, ചെറുതായി മുറിച്ച തക്കാളി, മല്ലിയില ആവശ്യത്തിന് ഉപ്പ് ചേർത്തിളക്കി അഞ്ച് മിനിറ്റ് വഴറ്റുക. ചെറുനാരങ്ങനീര്, കറിവേപ്പില, ഗരംമസാല, ഫ്രൈ ചെയ്തുവെച്ച ഫിഷ് ചേർത്തിളക്കി മുകളിൽ തയാറാക്കി വെച്ച നെയ്ചോർ ചേർത്ത് നന്നായി പ്രസ് ചെയ്ത് മുളകിൽ ഫ്രൈ ചെയ്തുവെച്ച സവാള, ആവശ്യമെങ്കിൽ കുറച്ചു മല്ലിയില ചേർത്ത് പാൻ മൂടിവെച്ച് ചെറിയ തീയിൽ അഞ്ച് മിനിറ്റ് ചൂടാക്കിയ ശേഷം ചൂടോടെ റെയ്ത്ത, പിക്കിൾ എന്നിവയുടെ കൂടെ സെർവ് ചെയ്യാം.