പാൽ പിരിഞ്ഞുപോയോ? നല്ല സോഫ്റ്റ് പനീർ വീട്ടിൽ തന്നെയുണ്ടാക്കാം

 


വാങ്ങിവെച്ച പാൽ പിരിഞ്ഞുപോവുന്നത് പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ്. തിളപ്പിക്കാൻ വയ്ക്കുമ്പോഴാണ് പാൽ പലപ്പോഴും പിരിഞ്ഞു പോകാറ്. പലരും അപ്പോള്‍ തന്നെ അത് കളയാറാണ് പതിവ്. മറ്റുചിലർ തൈരാക്കാൻ മാറ്റിവയ്ക്കും.

എന്നാൽ പിരിഞ്ഞുപോയ പാൽ ഇനി വെറുതെ കളയേണ്ട. ഇതുവെച്ച് നല്ല പനീർ തയ്യാറാക്കാം. എങ്ങനെയാണ് പനീർ തയ്യാറാക്കുന്നതെന്ന് നോക്കാം.

ആദ്യം പിരിഞ്ഞു പോയ പാലിലേയ്ക്ക് മൂന്നോ നാലോ ടീസ്പൂൺ നാരങ്ങ നീര് ചേർത്ത് മാറ്റി വയ്ക്കാം. ശേഷം അരിപ്പ ഉപയോഗിച്ച് നന്നായി അരിച്ചെടുക്കാം. ബാക്കിയായ കട്ടകൾ നേർത്ത കോട്ടൺ തുണിയിലേയ്ക്കു മാറ്റി പിഴിഞ്ഞ് വെള്ളം മുഴുവനായി മാറ്റണം.

ശേഷം ഇതേ തുണി തന്നെ ഒരു കിഴിയുടെ മാതൃകയിൽ കെട്ടി ഒരു സ്റ്റീൽ പാത്രത്തിനു മുകളിൽ വയ്ക്കാം. മുകളിലായി ഭാരമുള്ള എന്തെങ്കിലും വസ്തു കൂടി വയ്ക്കുന്നത് നല്ല റിസള്‍ട്ട് നൽകും.

ഒരു മണിക്കൂറിനു ശേഷം ഭാരം മാറ്റാം, എന്നിട്ട് തുണി അഴിച്ചെടുക്കുക. ഒട്ടും നനവില്ലാതെ പനീർ ലഭിക്കും. ഇനി ആവശ്യാനുസരണം അവ മുറിച്ചെടുത്ത് ഉപയോഗിക്കാം.