കുങ്കുമപ്പൂവുകൊണ്ട് രുചിയൂറുന്ന കുൽഫിയുണ്ടാക്കാം

​​​​​​​

പാൽ ഒരുപാക്ക്
കശുവണ്ടിപ്പരിപ്പ് അരക്കപ്പ്
ബദാം അരക്കപ്പ്
പിസ്ത അരക്കപ്പ്
 

മാങ്ങ, പിസ്ത എന്നിവകൊണ്ട് കുൽഫിയുണ്ടാക്കുന്നത് പതിവാണ്. എന്നാൽ കുങ്കുമപ്പൂവിട്ട മലായ് കുൽഫി ഒന്നു തയ്യാറാക്കി നോക്കാം. രബ്രി കേസർ മലായ് കുൽഫി എന്നാണ് ഇത് അറിയപ്പെടുന്നത്. വീട്ടിലുണ്ടാക്കാൻ വളരെ എളുപ്പം. കുങ്കുമപ്പൂവ്, ഡ്രൈ ഫ്രൂട്ട്സ് എന്നിവയാണ് ഇതിലടങ്ങിയിരിക്കുന്നത്. 

ഫുൾ ക്രീം മിൽക്ക്, പഞ്ചസാര, കുങ്കുമപ്പൂവ്, ഡ്രൈ ഫ്രൂട്ട്സ് എന്നിവ തിളപ്പിച്ച് ചെറുതായൊന്ന് കട്ടിയിലാക്കുക. ഇത് ചൂടാറിയശേഷം അച്ചുകളിലാക്കി 6-7 മണിക്കൂർ ഫ്രീസറിൽ വെക്കുക. ഇത്രേയുള്ളു കാര്യം. ഇതൊന്ന് വിശദമായി നോക്കാം.

ആവശ്യമായ സാധനങ്ങൾ
പാൽ ഒരുപാക്ക്
കശുവണ്ടിപ്പരിപ്പ് അരക്കപ്പ്
ബദാം അരക്കപ്പ്
പിസ്ത അരക്കപ്പ്
മഖാന(താമരവിത്ത്) അരക്കപ്പ്
പഞ്ചസാര ഒരു കപ്പ്
കുങ്കുമപ്പൂവ് അരക്കപ്പ്

തയ്യാറാക്കുന്ന വിധം
പാൽ തിളപ്പിച്ച് ക്രീമുപോലെയാക്കേണ്ടതുണ്ട്. അതിനായി ഒരു പാത്രത്തിൽ പാലെടുത്ത് ഒന്ന് തിളപ്പിക്കുക. പിന്നീട് തീ കുറച്ച് 10 മിനിറ്റ് നേരത്തേക്ക് പാൽ ഇളക്കിക്കൊണ്ടിരിക്കണം. മറ്റൊരു പാത്രത്തിൽ അൽപം ചൂടുള്ള പാലെടുത്ത് അതിൽ കുങ്കുമപ്പൂവ് കുതിർക്കാൻ വെക്കുക. 

കശുവണ്ടിപ്പരിപ്പ്, ബദാം, പിസ്ത, മഖാന എന്നിവ അരച്ചെടുത്ത് വെക്കുക. കുങ്കുമപ്പൂവ് ചേർത്തപാൽ നേരത്തേ തിളപ്പിച്ചു വെച്ച പാലിലേക്ക് ഒഴിക്കുക. അതിലേക്ക് അരച്ചുവെച്ച ഡ്രൈഫ്രൂട്ട്സ് ഇട്ട് ഇളക്കുക. പാൽ കുറുകുന്നതുവരെ കാത്തിരിക്കുക. ഇനി തീ ഓഫാക്കി ഇത് തണുപ്പിക്കാൻ വെക്കാം.

തണുപ്പിച്ച കുൽഫി അച്ചുകളിലോ കോണിലോ ഒഴിച്ചുവെക്കുക. ഐസ് ക്രിസ്റ്റലുകൾ ഉണ്ടാകുന്നത് തടയാൻ അലുമിനിയം ഫോയിലുകൾ കൊണ്ട് അച്ചുകൾ പൊതിയാവുന്നതാണ്. ഇവ രാത്രിമുഴുവനോ ആറേഴ് മണിക്കൂറോ ഫ്രീസറിൽ വെച്ചശേഷം ഉപയോഗിക്കാം.  

അച്ചുകളിൽനിന്ന് കുൽഫി പൊട്ടാതെ പുറത്തെടുക്കാൻ അവ ഫ്രീസറിൽനിന്ന് എടുത്ത് 5-10 മിനിറ്റ് നേരത്തേക്ക് വെള്ളത്തിൽ വെക്കുക. കുൽഫി ആവശ്യമെങ്കിൽ റോസ് പെറ്റൽസോ പിസ്തയോ ഉപയോഗിച്ച് അലങ്കരിക്കാവുന്നതാണ്.


16