അറേബ്യന്‍ നാടുകളിലെ 'കുബ്ബൂസ്' നമുക്ക് വീട്ടിലും ഉണ്ടാക്കാം..
അറേബ്യന്‍ നാടുകളിലെ ബ്രെഡ് ഇനമാണ് കുബ്ബൂസ്. വളരെ എളുപ്പത്തില്‍ കുബ്ബൂസ് നമുക്ക് വീട്ടിൽ ഉണ്ടാക്കിയെടുക്കാം...
ആവശ്യമായവ
മൈദ - നാല് കപ്പ്
ചൂടുവെള്ളം - അരക്കപ്പ്
യീസ്റ്റ്- അര ടീസ്പൂണ്‍
പാല്‍- ഒരു കപ്പ്
എണ്ണ- ഒരു ടേബിള്‍സ്പൂണ്‍
ഉപ്പ്- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
അരക്കപ്പ് ചെറുചൂടുവെള്ളത്തില്‍ അല്‍പ്പം പഞ്ചസാരയും ചേര്‍ത്ത് യീസ്റ്റ് കലക്കിവെക്കുക. പത്ത് മിനിട്ട് ഇങ്ങനെ വെച്ചാല്‍ മിശ്രിതം പതഞ്ഞുവരും. ഇനി മൈദയും യീസ്റ്റ് മിശ്രിതവും മിക്‌സ് ചെയ്യുക. ഇതിലേക്ക് ഒരു കപ്പ് ചെറുചൂടുള്ള പാല്‍ അല്‍പ്പാല്‍പ്പമായി ചേര്‍ക്ക് കുഴയ്ക്കുക. വളരെ ലൂസോ കൂടുതല്‍ കട്ടിയോ ആകാതെ മാവ് ചപ്പാത്തി പരുവത്തിനേക്കാള്‍ അല്‍പ്പം കൂടി ലൂസായ രീതിയില്‍, എന്നാല്‍ കയ്യില്‍ ഒട്ടിപ്പിടിക്കുകയും ചെയ്യാത്ത രീതിയില്‍ കുഴച്ചെടുക്കണം.
അഞ്ച് മിനിട്ടോളം അങ്ങോട്ടുമിങ്ങോട്ടുമിട്ട് കുഴച്ചെടുത്താല്‍ മാവ് വളരെ സോഫ്റ്റ് ആകും. മിക്‌സിംഗ് ബൗളില്‍ നിന്ന് മാറ്റി, വൃത്തിയായ അടുക്കള സ്ലാബിലോ മറ്റോ വെച്ച് ചെയ്യുന്നതാണ് നല്ലത്. ഈ കുഴയ്ക്കലിലാണ് കുബ്ബൂസിന്റെ മാര്‍ദ്ദവം ഉറപ്പാക്കുന്നത്. ഇനിയിത് വീണ്ടും പാത്രത്തിലേക്ക് മാറ്റി മുകളിലായി ഒരു ടേബിള്‍സ്പൂണ്‍ എണ്ണയോ നെയ്യോ പുരട്ടി ഒരു തുണി കൊണ്ടോ പ്ലാസ്റ്റിക് വ്രാപ്പ് കൊണ്ടോ അടച്ചുവെക്കുക.
രണ്ട് മണിക്കൂറോളം ചൂടുള്ള അന്തരീക്ഷത്തില്‍ ഇങ്ങനെ വെക്കണം. രണ്ട് മണിക്കൂറിന് ശേഷം മാവ് ഇരട്ടി വലുപ്പമായിട്ടുണ്ടാകും. ഒരിക്കല്‍ കൂടി പതിയെ മാവ് കുഴച്ചെടുക്കുക. അതിനെ ഉരുളകളാക്കി ഒരു ടവ്വല്‍ ഉപയോഗിച്ച് മൂടി പത്ത് മിനിട്ട് കൂടി വെക്കുക. ഇനി ചപ്പാത്തി പരത്തിയെടുക്കുന്നത് പോലെ ഓരോ ഉരുളയും വട്ടത്തില്‍ പരത്തിയെടുക്കുക. ആവശ്യത്തിന് മൈദ പൊടി മുകളില്‍ വിതറി നന്നായി പരത്തിയെടുക്കാം.
ഇനി ഒരു നോണ്‍സ്റ്റിക് പാത്രം അടുപ്പില്‍ വെച്ച് ചൂടാക്കുക. തീ മീഡിയം ആക്കി അതിലേക്ക് പരത്തിവെച്ച കുബ്ബൂസ് ഇട്ട് ഇരുവശവും പൊള്ളിച്ചെടുക്കുക. അല്‍പ്പം വെന്തതിന് ശേഷം ഒരു തവി ഉപയോഗിച്ച് അമര്‍ത്തിക്കൊടുത്താല് കുബ്ബൂസ് പൊങ്ങിവരും. *ഇങ്ങനെ ഓരോ കുബ്ബൂസും വേവിച്ചെടുക്കുക. കുബ്ബൂസ് റെഡി..