ഇത് ഉണ്ടെങ്കിൽ ഊണ് കഴിക്കാൻ വേറൊന്നും വേണ്ട !

 

ചേരുവകൾ

1. ചെറുമണിക്കടല കുതിർത്ത് അൽപം മുളകുപൊടിയും മഞ്ഞൾപൊടിയും ഉപ്പും ഇട്ട് നന്നായി വേവിച്ച് ഊറ്റിവെച്ചത് - 1 കപ്പ്

2. മൂപ്പുള്ള ഏത്തക്കയും ചേനയും തൊലി കളഞ്ഞ് ചെറിയ ചതുരക്കഷണങ്ങളാക്കിയത് - ഒാരോ കപ്പ്‌ വീതം

3. കുമ്പളങ്ങ ചെറിയ കഷണങ്ങളാക്കിയത് - 1/2 കപ്പ്‌

4. പച്ചമുളക് പൊടിയായി അരിഞ്ഞത് - 1 ടീസ്പൂൺ

5. ചിരകിയ തേങ്ങ - ഒന്ന് (ഇടത്തരം)

6. ജീരകം - 1/2 ടീസ്പൂൺ

7. ഉപ്പ് - പാകത്തിന്

8. കറിവേപ്പില - ആവശ്യത്തിന്

9. വെളിച്ചെണ്ണ - ആവശ്യത്തിന്

10. കടുക് - 1/2 ടീസ്പൂൺ

11. വറ്റൽമുളക് - 2 എണ്ണം (നുറുക്കിയത്)

12. കുരുമുളക് ക്രിസ്പിയായി പൊടിച്ചത് - 1 ടീസ്പൂൺ.

തയാറാക്കുന്ന വിധം:

ഒരു പാത്രത്തിൽ വേവിച്ച കടല, കായ, ചേന, കുമ്പളം, പച്ചമുളക് എന്നിവ വേവാൻ പാകത്തിന് വെള്ളവും ഒഴിച്ച് തിളപ്പിക്കുക. തിള വരുമ്പോൾ ആവശ്യത്തിന് ഉപ്പും ചേർത്ത് വീണ്ടും നന്നായി വേവിക്കുക. അതിലേക്ക് ചിരകിവെച്ച തേങ്ങയിൽ മൂന്നിലൊരു ഭാഗവും ജീരകവും അരച്ചെടുത്ത് കടലക്കൂട്ടിൽ ചേർത്ത് ഇളക്കി യോജിപ്പിക്കുക. തിളവന്നാൽ ഇറക്കിവെക്കുക.

മറ്റൊരു ചട്ടിയിൽ ബാക്കിയുള്ള തേങ്ങയും കറിവേപ്പിലയും സ്വർണനിറമാകുന്നതുവരെ വെളിച്ചെണ്ണയിൽ വറുത്ത് കറിയിലേക്ക് ചേർത്തുകൊടുക്കാം. അതിലേക്ക് അൽപം വെളിച്ചെണ്ണയിൽ കടുകും മുളകും മൂപ്പിച്ചൊഴിക്കാം. കുരുമുളകുപൊടി ചേർത്തശേഷം എല്ലാം നന്നായി യോജിപ്പിക്കുക. കൂട്ടുകറി റെഡി. മധുരം ആവശ്യമുള്ളവർ പാകപ്പെടുത്തുമ്പോൾ ഒരു കഷണം ശർക്കര ചേർത്താൽ മതി.