പനീർ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തിയാൽ..

സസ്യഭക്ഷണം കഴിക്കുന്നവർക്ക് ലഭ്യമായ പ്രോട്ടീൻറെ ഒന്നാന്തരം സ്രോതസ്സാണ് പനീർ. ശരീരത്തിൻറെ ശരിയായ പ്രവർത്തനത്തിന് ആവശ്യമായ ഒൻപത് അമിനോ ആസിഡുകളും ഇതിൽ അടങ്ങിയിരിക്കുന്നു. ചീസിനെ അപേക്ഷിച്ച് കൂടുതൽ ആരോഗ്യകരമായതിനാൽ ഇത് നിത്യവും കഴിക്കാവുന്നതുമാണ്.

 

1. പ്രോട്ടീന്‍റെ സമ്പന്ന സ്രോതസ്സ്

സസ്യഭക്ഷണം കഴിക്കുന്നവർക്ക് ലഭ്യമായ പ്രോട്ടീൻറെ ഒന്നാന്തരം സ്രോതസ്സാണ് പനീർ. ശരീരത്തിൻറെ ശരിയായ പ്രവർത്തനത്തിന് ആവശ്യമായ ഒൻപത് അമിനോ ആസിഡുകളും ഇതിൽ അടങ്ങിയിരിക്കുന്നു. ചീസിനെ അപേക്ഷിച്ച് കൂടുതൽ ആരോഗ്യകരമായതിനാൽ ഇത് നിത്യവും കഴിക്കാവുന്നതുമാണ്.

    ഭാരനഷ്ടത്തിന് മികച്ചത്

കാർബോ കുറഞ്ഞതും പ്രോട്ടീൻ കൂടിയതുമായ പനീർ ഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർക്ക് പറ്റിയ മികച്ച ആഹാരമാണ്. ദീർഘനേരം വിശക്കാതിരിക്കാൻ സഹായിക്കുമെന്നതിനാൽ അനാരോഗ്യകരമായ സ്നാക്സ് കഴിക്കുന്ന ശീലം ഒഴിവാക്കാൻ പനീർ സഹായിക്കും.എന്നാൽ കാലറി അധികമായതിനാൽ അമിതമായ അളവിൽ കഴിക്കാതിരിക്കാനും ശ്രദ്ധിക്കണം.

    പേശികൾക്കും നല്ലത്

ഉയർന്ന നിലവാരത്തിലുളള പ്രോട്ടീനുള്ളതിനാൽ പേശികളുടെ നിർമാണത്തിനും അറ്റകുറ്റപണികൾക്കും പനീർ സഹായിക്കും. ബോഡി ബിൽഡർമാരും അത്‌ലറ്റുകളുമൊക്കെ ഇതിനാൽ തന്നെ പനീർ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താറുണ്ട്.


    പ്രമേഹം നിയന്ത്രിക്കും

ഇൻസുലിൻ ഉത്പാദനത്തിന് സഹായിക്കുന്ന ട്രിപ്റ്റോഫാൻ എന്ന അമിനോ ആസിഡ് പനീറിൽ അടങ്ങിയിരിക്കുന്നു. രക്തത്തിലെ പഞ്ചസാര പെട്ടെന്ന് ഉയരാതിരിക്കാനും ഇത് സഹായകമാണ്.

    എല്ലുകൾക്കും പല്ലുകൾക്കും മികച്ച പോഷണം

കാൽസ്യവും ഫോസ്ഫറസും പനീറിൽ ധാരാളം ഉള്ളതിനാൽ എല്ലുകളുടെയും പല്ലുകളുടെയും വളർച്ചയ്ക്ക് ഇത് നല്ലതാണ്.

    പ്രതിരോധസംവിധാനത്തിന് ഊർജം

പനീറിൽ അടങ്ങിയിരിക്കുന്ന ഉയർന്ന തോതിലെ സിങ്ക് പ്രതിരോധ സംവിധാനത്തെ മെച്ചപ്പെടുത്തുന്നു. ജലദോഷം, പനി, അണുബാധ പോലെയുള്ളവയുടെ സാധ്യത കുറയ്ക്കാനും ഇത് സഹായകമാണ്. അസുഖം വരുമ്പോൾ ശരീരത്തിന് ഊർജം നൽകാൻ പനീറിലെ പ്രോട്ടീൻ ഉപകരിക്കും.

    തലച്ചോറിൻറെ മികവ്

തലച്ചോറിൻറെ നല്ല ആരോഗ്യത്തിന് അത്യാവശ്യം വേണ്ടുന്ന വൈറ്റമിൻ ബി12 പനീറിൽ സമൃദ്ധമായി അടങ്ങിയിരിക്കുന്നു. നാഡീവ്യൂഹ വ്യവസ്ഥയുടെ ശരിയായ പ്രവർത്തനത്തിന് സഹായിക്കുന്ന വൈറ്റമിൻ ബി12 ധാരണ ശേഷിയെ ബാധിക്കുന്ന പ്രശ്നങ്ങളെയും തടയുന്നു. പലപ്പോഴും വൈറ്റമിൻ ബി12 അഭാവം സസ്യാഹാരികളിൽ കാണപ്പെടാറുണ്ട്. ഇത് പരിഹരിക്കാൻ ഭക്ഷണത്തിൽ പനീർ ഉൾപ്പെടുത്തുന്നത് സഹായകമാകും.