അടിപൊളി ഹൽവ ഉണ്ടാക്കാം, പഞ്ചസാരയും ശർക്കരയും ഇല്ലാതെ

മധുരപ്രിയർക്ക് ഏറെ ഇഷ്ടമുള്ള െഎറ്റമാണ് ഹൽവ. കോഴിക്കോട് എത്തിയാൽ ആരും വാങ്ങുന്നതാണ് ഹൽവ. പല നിറത്തിലും രുചിയിലുമുള്ളവ വിപണിയിൽ ലഭ്യമാണ്. കടകളിൽ നിന്ന് വാങ്ങുന്നതിനേക്കാൾ എളുപ്പത്തിൽ വീട്ടിൽ രുചികരമായി ഹൽവ തയാറാക്കാം. പഞ്ചസാരയും ശർക്കരയും ഇല്ലാതെ ഹൽവ ഉണ്ടാക്കിയാലോ? ഞെട്ടേണ്ട, വളരെ ഇൗസിയായി തയാറാക്കാം.
 

രണ്ട് കപ്പ് ഈന്തപ്പഴം കുരു മാറ്റി ഒരു കപ്പ് ചെറു ചൂടുവെള്ളത്തിൽ കുതിർക്കാൻ വയ്ക്കാം. 30 മിനിറ്റ് നേരം മാറ്റിവയ്ക്കാം. നന്നായി കുതിർന്നതിനു ശേഷം മിക്സിയിൽ നന്നായി അരച്ചെടുക്കാം. 2 സ്പൂൺ കോൺഫ്ളവർ എടുക്കാം, അതിലേക്ക് കാൽകപ്പ് വെള്ളം ചേർത്ത് നന്നായി ‍യോജിപ്പിച്ച് മാറ്റിവയ്ക്കണം. ഒരു പാനിൽ ആവശ്യത്തിന് നെയ്യ് ചേർത്ത് കശുവണ്ടി വറുത്തെടുക്കണം.

അതേ പാനിൽ തന്നെ അരച്ചു വച്ചിരിക്കുന്ന ഈന്തപ്പഴം വെള്ളം വറ്റുന്നിടം വരെ വഴറ്റി എടുക്കണം. അതിലേക്ക് മിക്സ് ചെയ്ത കോൺഫ്ളവറും ചേർക്കണം. നന്നായി കുറുക്കി എടുക്കണം. അതിലേക്ക് ഒരു സ്പൂൺ നെയ്യും ഏലയ്ക്കപ്പൊടിയും വറുത്ത കശുവണ്ടിയും വെള്ള എള്ളും ചേർത്ത് നന്നായി ഇളക്കണം. ശേഷം തീ അണയ്ക്കാം. മറ്റൊരു പാത്രത്തിൽ അൽപം നെയ്യ് പുരട്ടിയിട്ട് ഇൗ ഹൽവ കൂട്ട് ചേർത്ത്  ആകൃതിയിലാക്കാം. നല്ലതുപോലെ തണുത്തതിനുശേഷം മുറിച്ചെടുക്കാം. രുചിയൂറും ഹൽവ റെഡി.