മീൻ പെരട്ട് കൊതിപ്പിക്കും രുചിയിൽ തയ്യാറാക്കാം ...
തയ്യാറാക്കുന്ന വിധം
ഇതിനായി ഏത് മീൻ വേണമെങ്കിലും എടുക്കാം. എങ്കിലും അൽപം മാംസമുള്ള തരം മീനാണ് ഏറെ നല്ലത്. ഇത് ഇടത്തരം കഷ്ണങ്ങളാക്കി മുറിയ്ക്കാം. നല്ലതുപോലെ കഴുകി വൃത്തിയാക്കി വെള്ളം കളഞ്ഞ് എടുക്കാം.
400 ഗ്രാം മീനിനുള്ള മസാലപ്പൊടികളാണ് ഇവിടെ പറയുന്നത്. കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, 2 ടേബിൾസ്പൂൺ കശ്മീരി മുളക്പൊടി, അര ടീസ്പൂൺ ഉപ്പ്, 1 ടീസ്പൂൺ ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് എന്നിവ വേണം. ഇതെല്ലാം പുരട്ടി മീൻ അര മണിക്കൂർ വയ്ക്കുക.
ഒരു പാൻ അടുപ്പിൽ വച്ച് ഉണക്കമുളക് മൂപ്പിച്ചെടുക്കണം. ഇത് ഏകദേശം ബ്രൗൺ നിറമാകണം. പിന്നീട് ഇത് മാറ്റി ചെറിയ ഉള്ളി 30 എണ്ണം ചേർത്ത് ഡാർക്ക് ബ്രൗൺ ആകുന്നത് വരെ ഇളക്കാം. കരിയരുത്.
മുളകിന്റെയും ഉള്ളിയുടേയും ചൂട് പോയിക്കഴിഞ്ഞാൽ ഇതിലേയ്ക്ക് ഒരു ചെറിയ കഷ്ണം വാളൻ പുളി, കാൽ കപ്പ് വെളളം എന്നിവ ചേർത്ത് നല്ലതുപോലെ അരയ്ക്കാം. ഒരു നെല്ലിക്കയുടെ പകുതി വലിപ്പം പുളി മതിയാകും. കൂടുതലായാൽ പുളി കൂടും.
പാനിലേയ്ക്ക് വെളിച്ചെണ്ണ പാകത്തിന് ഒഴിയ്ക്കാം. ഇത് ചൂടായിക്കഴിഞ്ഞാൽ മീൻ ഇതിലേയ്ക്കിട്ട് വറുക്കാം. ഇരു വശവും മാറ്റി വറുത്തെടുക്കണം. നല്ലതുപോലെ ഫ്രൈ ആകുമ്പോൾ ഇത് പുറത്തെടുക്കാം.
ഇതേ എണ്ണയിൽ കടുക് പൊട്ടിയ്ക്കുക. ഇതിലേയ്ക്ക് പിന്നീട് ഇഞ്ചി കഷ്ണങ്ങൾ, വെളുത്തുള്ളി നീളത്തിൽ അരിഞ്ഞത്, ചെറിയുള്ളി അരിഞ്ഞത്, കറിവേപ്പില, ക്രഷ് ചെയ്ത അൽപം ഉണക്കമുളക് എന്നിവ ചേർത്ത് മൂപ്പിയ്ക്കണം. ഇതിലേയ്ക്ക് അരച്ച പുളിക്കൂട്ട് ചേർത്തിളക്കണം. ഇത് നല്ലതുപോലെ ചേർത്തിളക്കുക.
ഇതിലേയ്ക്ക് വറുത്ത് വച്ച മീൻ കഷ്ണങ്ങൾ ചേർത്തിളക്കാം. അൽപനേരം ഇളക്കി മസാല ഇതിൽ പിടിച്ച് കഴിയുമ്പോൾ കറിവേപ്പില ചേർക്കാം. അൽപം നാരങ്ങാനീരു കൂടി വേണമെങ്കിൽ ചേർത്തിളക്കി വാങ്ങി വയ്ക്കാം.