ചായയ്ക്ക് പകരം ഒരു കപ്പ് ഫിൽറ്റർ കോഫി തയ്യാറാക്കിയാലോ 

ചേരുവകള്‍

കാപ്പിപ്പൊടി
പാല്‍

 

ചേരുവകള്‍

കാപ്പിപ്പൊടി
പാല്‍
പഞ്ചസാര
തയ്യാറാക്കുന്ന വിധം

മിക്ക പാത്രക്കടകളിലും ഫില്‍റ്റര്‍ കോഫിക്ക് വേണ്ട ഫില്‍റ്റര്‍ വാങ്ങിക്കാന്‍ കിട്ടും. രണ്ട് മൂന്ന് ഗ്ലാസ് പോലെ തോന്നിപ്പിക്കുന്ന ഭാഗങ്ങളുള്ള ഒരു ചെറിയ പാത്രമാണത്. അതിന്റെ ഏറ്റവും മുകളില്‍ ഒരു അടപ്പും താഴെ പിടിയുള്ള ഒരു ഭാഗവും അതിനുതാഴെ ചെറിയ തുളകളുള്ള ഒരു ഭാഗവും ഏറ്റവും താഴെയായി കാപ്പിസത്ത് വന്നടിയാനുള്ള പാത്രവുമാണ്.

ആദ്യം കാപ്പിപ്പൊടി ഗ്ലാസ് പോലെയുള്ള തുളകളുള്ള ഭാഗത്ത് നിരത്തി കൈ കൊണ്ടോ സ്പൂണ്‍ കൊണ്ടോ അമര്‍ത്തിവെക്കണം. കടുപ്പമുള്ള കാപ്പിക്ക് 4 ടീസ്പൂണ്‍ വരെ പൊടി ഇടാം. കടുപ്പം കുറച്ച് മതിയെങ്കില്‍ 2-3 ടീസ്പൂണ്‍ മതിയാകും.

അതിനുശേഷം പിടിയുള്ള ദണ്ഡ് പോലുള്ള ഭാഗം പൊടിക്ക് മുകളില്‍ അമര്‍ത്തിവെക്കുക.

ഇനി ഒരു പാത്രത്തില്‍ വെള്ളം തിളപ്പിച്ച് കുമിളകള്‍ വരുമ്പോള്‍ ആ കാപ്പിപ്പൊടിക്ക് മുകളില്‍ ദണ്ഡിന് മുകളിലായി ഒഴിക്കണം. പാത്രത്തിന്റെ മുക്കാല്‍ഭാഗത്തോളം വെള്ളം ഒഴിക്കാം.

ഇനി അടപ്പ് കൊണ്ട് അത് മുറുക്കി അടയ്ക്കുക.

തുളകളുടെ വലുപ്പം അനുസരിച്ച് തിളച്ച വെള്ളം വളരെ പതുക്കെ വെള്ളം കാപ്പിപ്പൊടിയിലൂടെ ഊര്‍ന്നിറങ്ങി ആ ഊറല്‍ അഥവാ കാപ്പിസത്ത് താഴേക്ക് വന്നുവീഴും. പത്തിരുപത് മിനിട്ട് മുതല്‍ ഒരു മണിക്കൂര്‍ വരെ ഇതിന് സമയമെടുക്കാം. മൊത്തം ഊര്‍ന്നിറങ്ങിയോ എന്ന് അടപ്പ് തുറന്ന് പരിശോധിക്കാം.

ഇനി പാല്‍ (ഫില്‍റ്റര്‍ കോഫിയില്‍ വെള്ളം ചേര്‍ക്കാത്തതാണ് രുചികരം, ആവശ്യമെങ്കില്‍ കുറച്ച് വെള്ളം ഒഴിക്കാം.) പഞ്ചസാരയും ചേര്‍ത്ത് തിളപ്പിച്ചെടുക്കുക.

ഒരു കപ്പിലേക്ക് 1/4,1/3 ഭാഗം കാപ്പിസത്ത് ഒഴിക്കുക. അതിലേക്ക് തിളച്ച പാല്‍ ഉയര്‍ത്തി ഒഴിക്കുക. രുചികരമായ ഫില്‍റ്റര്‍ കോഫി തയ്യാര്‍.

ഫില്‍റ്റര്‍ കോഫി തയ്യാറാക്കാന്‍ നേരത്തെ തന്നെ കാപ്പിപ്പൊടി ഫില്‍റ്റര്‍ ചെയ്തുവെക്കാന്‍ ഓര്‍ക്കുക.