എബോള വകഭേദത്തിന് പ്രതീക്ഷയായി റഷ്യൻ വാക്‌സിൻ പ്രഖ്യാപനം
പുതിയ എബോള വൈറസ് വകഭേദത്തിനെതിരെ വാക്‌സിൻ വികസിപ്പിച്ചതായി റഷ്യ. തങ്ങളുടെ ശാസ്ത്രജ്ഞരാണ് നേട്ടം കൈവരിച്ചതെന്ന് റഷ്യൻ ആരോഗ്യ മന്ത്രി മിഖായേൽ മുറാഷ്‌കോ അവകാശപ്പെട്ടു. അന്താരാഷ്ട്ര തലത്തിൽ വർധിച്ചുവരുന്ന ആശങ്കകൾക്കിടെയാണ് പ്രഖ്യാപനം. നിലവിൽ അംഗീകൃത വാക്‌സിനോ പ്രത്യേക ചികിത്സയോ ലഭ്യമല്ലാത്ത അപൂർവമായ ബുണ്ടിബുഗ്യോ വകഭേദത്തിനെതിരെ ഈ വാക്‌സിൻ സംരക്ഷണം നൽകിയേക്കാം എന്നാണ് പ്രതീക്ഷ.
പുതിയ എബോള വൈറസ് വകഭേദത്തിനെതിരെ വാക്‌സിൻ വികസിപ്പിച്ചതായി റഷ്യ. തങ്ങളുടെ ശാസ്ത്രജ്ഞരാണ് നേട്ടം കൈവരിച്ചതെന്ന് റഷ്യൻ ആരോഗ്യ മന്ത്രി മിഖായേൽ മുറാഷ്‌കോ അവകാശപ്പെട്ടു. അന്താരാഷ്ട്ര തലത്തിൽ വർധിച്ചുവരുന്ന ആശങ്കകൾക്കിടെയാണ് പ്രഖ്യാപനം. നിലവിൽ അംഗീകൃത വാക്‌സിനോ പ്രത്യേക ചികിത്സയോ ലഭ്യമല്ലാത്ത അപൂർവമായ ബുണ്ടിബുഗ്യോ വകഭേദത്തിനെതിരെ ഈ വാക്‌സിൻ സംരക്ഷണം നൽകിയേക്കാം എന്നാണ് പ്രതീക്ഷ.
ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലും അയൽ രാജ്യമായ ഉഗാണ്ടയിലും ബുണ്ടിബുഗ്ഗൊ എബോള പൊട്ടിപ്പുറപ്പെടുന്നതിനെ തുടർന്നാണ് ആശങ്ക ഉയരുന്നത്. മധ്യ ആഫ്രിക്കയിൽ അതിവേഗം പടർന്നുപിടിക്കുമെന്ന ഭീതി കണക്കിലെടുത്ത് ലോകാരോഗ്യ സംഘടന ഈ രോഗബാധയെ അന്താരാഷ്ട്ര ശ്രദ്ധ നേടിയ പൊതുജനാരോഗ്യ അടിയന്തരാവസ്ഥയായി (PHEIC) പ്രഖ്യാപിച്ചിരുന്നു. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് രോഗബാധ ഇതിനോടകം നിരവധി സ്ഥിരീകരിച്ച കേസുകളിലേക്കും മരണങ്ങളിലേക്കും നയിച്ചിട്ടുണ്ട്.
റഷ്യയുടെ വാക്‌സിൻ പ്രഖ്യാപനം ആഗോള ശ്രദ്ധ നേടിയിട്ടുണ്ടെങ്കിലും വാക്‌സിൻ വ്യാപകമായി ഉപയോഗിക്കാൻ സുരക്ഷിതവും ഫലപ്രദവുമാണോ എന്നകാര്യത്തിൽ സ്ഥിരീകരണം വന്നിട്ടില്ല. മനുഷ്യരിൽ നടത്തിയ ക്ലിനിക്കൽ ട്രയലുകളിൽ നിന്നുള്ള ഡാറ്റ, പ്രസിദ്ധീകരിക്കപ്പെട്ട വിവരങ്ങൾ എന്നിവയടക്കം ഇക്കാര്യത്തിൽ നിർണായകമാണെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
വാക്‌സിൻ വികസിപ്പിച്ചത് സംബന്ധിച്ച വിശദാംശങ്ങൾ ദക്ഷിണാഫ്രിക്കയിലെ റഷ്യൻ എംബസി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്‌സിൽ പങ്കുവെച്ചിട്ടുണ്ട്. കോംഗോയിൽ നിലവിൽ രോഗബാധ പടർത്തുന്ന ബുണ്ടിബുഗ്യോ എബോളവൈറസ് വകഭേദത്തിനെതിരെ ഈ വാക്‌സിൻ സംരക്ഷണം നൽകിയേക്കാം എന്നാണ് റഷ്യൻ ആരോഗ്യ മന്ത്രി മിഖായേൽ മുറാഷ്‌കോ അവകാശപ്പെടുന്നത്.
ബുണ്ടിബുഗ്യോ വകഭേദം താരതമ്യേന അറിയപ്പെടാത്ത എബോള വൈറസ് വിഭാഗങ്ങളിൽ ഒന്നാണെങ്കിലും ഏറെ അപകടകരമാണ്. സാധാരണമായ സയർ എബോള വൈറസ് വകഭേദങ്ങളിൽനിന്ന് വ്യത്യസ്തമായി ബുണ്ടിബുഗ്യോ വൈറസിനെതിരെ നിലവിൽ പൂർണമായി അംഗീകരിക്കപ്പെട്ട വാക്‌സിനുകളോ ചികിത്സകളോ ലഭ്യമല്ലെന്ന് ലോകാരോഗ്യ സംഘടനയുടെയും റോയിട്ടേഴ്‌സ് വാർത്താ ഏജൻസിയുടെയും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
വൈറസിന്റെ വിഭാഗം, ആരോഗ്യ സംരക്ഷണ സംവിധാനങ്ങളുടെ ലഭ്യത എന്നിവയെ ആശ്രയിച്ച് എബോള രോഗബാധയുടെ മരണനിരക്ക് 25 ശതമാനം മുതൽ 90 ശതമാനം വരെയാകാം എന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്. നിലവിൽ, വ്യാപകമായി അംഗീകരിക്കപ്പെട്ട ഒരേയൊരു എബോള വാക്‌സിൻ Ervebo ആണ്. ഇത് സയർ എബോളവൈറസിനെതിരെ ഉള്ളതാണ്. Zabdeno, Mvabea എന്നിവയുൾപ്പെടെ മറ്റ് അംഗീകൃത വാക്‌സിനുകളും സയർ എബോള വൈറസിനെ ലക്ഷ്യമിട്ടുള്ളവയാണ്, അവ ബുണ്ടിബുഗ്യോ വകഭേദങ്ങൾക്കെതിരെ ഫലപ്രദമായി പ്രവർത്തിക്കുമെന്ന് സ്ഥിരീകരിച്ചിട്ടില്ല.