തേങ്ങാപ്പാലുകൊണ്ട് എളുപ്പത്തിലൊരു കോൾഡ് കോഫി
ചൂടുള്ള കാലാവസ്ഥയിൽ ഒരു കപ്പ് കോൾഡ് കോഫി കുടിക്കാൻ ആരാണ് ആഗ്രഹിച്ചുപോകാത്തത്! എന്നാൽ എന്നും കോൾഡ് കോഫി കഴിക്കുന്നവർ അതിന്റെ ഗുണദോഷങ്ങളെ കുറിച്ച് ബോധവാന്മാരാകേണ്ടതുണ്ട്. ഒരു സ്‌പെഷ്യൽ ചേരുവ ചേർത്ത് വീട്ടിൽതന്നെ എളുപ്പത്തിലൊരു കോൾഡ് കോഫി തയ്യാറാക്കിയാലോ? പായസത്തിലും കറികളിലും മാത്രമല്ല, കോഫിയിലും തേങ്ങാപ്പാൽ ചേർത്ത് രുചികരമായ കോൾഡ് കോഫി തയ്യാറാക്കാം.
ദിവസവും പാൽ ചേർത്ത കാപ്പി കഴിക്കുന്നതിന് പകരമാണ് ഇവിടെ തേങ്ങാപ്പാൽ ഉപയോഗിക്കുന്നത്. കട്ടിയുള്ള തേങ്ങാപ്പാൽ കാപ്പിക്ക് പ്രത്യേക രുചിതരും. പാലൊഴിച്ച കാപ്പി കുടിക്കാൻ പറ്റാത്തവർക്ക് അതിനുപകരമായി തേങ്ങാപ്പാൽ ചേർത്ത കാപ്പി പരീക്ഷിക്കാവുന്നതാണ്. എങ്ങനെയാണ് തേക്കാപ്പാൽ ചേർത്ത കോൾഡ് കോഫിയുണ്ടാക്കുക എന്ന് നോക്കാം.
കോൾഡ് കോഫിയുണ്ടാക്കാൻ തേങ്ങാപ്പാൽ തിളപ്പിക്കേണ്ടതില്ല. ആ സംശയം വേണ്ടേ വേണ്ട. പകരം തേങ്ങാപ്പാൽ തണുപ്പിക്കാവുന്നതാണ്. എന്നാൽ ചൂടു കാപ്പി തയ്യാറാക്കുമ്പോൾ തേങ്ങാപ്പാൽ ചെറുതായി ചൂടാക്കാവുന്നതാണ്. തിളപ്പിക്കരുത്. തേങ്ങാപ്പാൽ കട്ടപിടിച്ച് കേടാകാതിരിക്കാൻ ഇത് സഹായിക്കും.
കോൾഡ് കോഫി തയ്യാറാക്കാൻ ആവശ്യമായ സാധനങ്ങൾ
സ്‌ട്രോങ് കാപ്പി-ഒരു കപ്പ്
തേങ്ങാപ്പാൽ - പകുതി കപ്പ്
പഞ്ചസാര- 1 ടേബിൾ സ്പൂൺ
വാനില സത്ത്- അര ടീസ്പൂൺ
ഐസ് ക്യൂബ്
തയ്യാറാക്കുന്ന വിധം
തണുത്ത കാപ്പി, തേങ്ങാപ്പാൽ, പഞ്ചസാര, വാനില സത്ത് എന്നിവ മിക്‌സറിലിട്ട് അടിച്ചെടുക്കുക. കുറച്ച് ഐസ് ക്യൂബ് പൊടിച്ചെടുത്ത് ഒരു ഗ്ലാസിലേക്കിടുക. ഇതിലേക്ക് മിക്‌സ് ചെയ്‌തെടുത്ത കോഫി ഒഴിക്കുക. ഇത് കാപ്പി പൊടി, ചോക്ലേറ്റ് സിറപ്പ് എന്നിവ ഉപയോഗിച്ച് അലങ്കരിക്കാവുന്നതാണ്.