ഡിന്നറിന് തയ്യാറാക്കാം കിടിലൻ ഐറ്റം  

മീന്‍ വൃത്തിയാക്കി മുഴുവനോടെ ഇടയ്ക്കിടെ കത്തികൊണ്ട് വരഞ്ഞുവയ്ക്കണം.ഇതില്‍ ഉപ്പ്, കുരുമുളകുപൊടി പുരട്ടി കുറഞ്ഞത് അരമണിക്കൂര്‍ മാറ്റിവയ്ക്കുക.

 

ചേരുവകള്‍

കരിമീന്‍ (വലുത്) – 2 എണ്ണം

തക്കാളി – 2 എണ്ണം

ഇഞ്ചി, വെളുത്തുള്ളി അരച്ചത് – 2 ടേബിള്‍ സ്പൂണ്‍

ചെറിയ ഉള്ളി ചെറുതായി അരിഞ്ഞത് – 1 കപ്പ്

പച്ചമുളക് – 3 എണ്ണം

മുളകുപൊടി – ½ ടേബിള്‍ സ്പൂണ്‍

മല്ലിപൊടി – ½ ടേബിള്‍ സ്പൂണ്‍

മഞ്ഞള്‍പൊടി – ¼ ടേബിള്‍ സ്പൂണ്‍

കുരുമുളകുപൊടി – ½ ടേബിള്‍ സ്പൂണ്‍

തേങ്ങാപാല്‍ – കുറച്ച്

ഉപ്പ്, എണ്ണ, കറിവേപ്പില – ആവശ്യത്തിന്

വാഴയില – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

മീന്‍ വൃത്തിയാക്കി മുഴുവനോടെ ഇടയ്ക്കിടെ കത്തികൊണ്ട് വരഞ്ഞുവയ്ക്കണം.ഇതില്‍ ഉപ്പ്, കുരുമുളകുപൊടി പുരട്ടി കുറഞ്ഞത് അരമണിക്കൂര്‍ മാറ്റിവയ്ക്കുക.

ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് മീന്‍ രണ്ടു വശവും  പൊരിയ്ക്കുക.
ഒരു പാത്രത്തില്‍ 1 ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ച് ചെറിയ ഉള്ളി വഴറ്റുക.ചെറുതായി നിറം മാറുമ്പോള്‍ പച്ചമുളക് കീറിയത്, ഇഞ്ചി-വെളുത്തുള്ളി അരച്ചത് ചേര്‍ത്ത് വഴറ്റുക.ഇതില്‍ എല്ലാ പൊടിവര്‍ഗ്ഗങ്ങളും ചേര്‍ക്കുക. ഇതില്‍ അരിഞ്ഞ തക്കാളി ചേര്‍ത്ത് വഴറ്റുക.

ആവശ്യത്തിന് ഉപ്പും 2 ടേബിള്‍ സ്പൂണ്‍ വെള്ളം ഒഴിച്ച് കൂട്ടു തിളപ്പിയ്ക്കുക.ഇതില്‍ തേങ്ങാപാല്‍ ഒഴിയ്ക്കുക. ചാര്‍ കുറുകി വരുമ്പോള്‍ ഈ കൂട്ടിനെ നാലായി തിരിക്കുക.ചൂടില്‍ വാട്ടിയെടുത്ത വാഴയിലയില്‍ വഴറ്റിയ കൂട്ടുവച്ച് ഒരു മീന്‍ വയ്ക്കുക.

പുറത്തും കൂട്ട് വച്ച് ഇല പൊതിഞ്ഞ് കെട്ടിവയ്ക്കുക.രണ്ടാമത്തെ മീനിലും അതേ പടി തുടരുക.ഒരു പരന്ന പാത്രത്തില്‍ വെളിച്ചെണ്ണ തൂകി പൊതിഞ്ഞ മീന്‍ വച്ച് ചെറുതീയില്‍ അടച്ച് പൊരിച്ചെടുക്കുക. രണ്ടുവശവും ഒരുപോലെ പൊരിച്ച് എടുക്കാം.