കറുത്ത പരിപ്പിന് ഇത്രയും രുചിയോ? ക്രീമിയായ പഞ്ചാബി വിഭവം വീട്ടിൽ തയ്യാറാക്കാം
കറുത്ത ഉഴുന്നും രാജ്മയും ചേർത്ത് തയ്യാറാക്കുന്ന പഞ്ചാബി വിഭവമാണ് ദാൽ മഖാനി. വെണ്ണയും ക്രീമും ചേർന്ന കട്ടിയുള്ള ഗ്രേവിയാണ് ഇതിന്റെ പ്രത്യേകത. സമയം എടുത്ത് പതുക്കെ വേവിക്കുമ്പോൾ പരിപ്പിന്റെ രുചി മസാലയുമായി നന്നായി ചേരും.
ഒരു കപ്പ് കറുത്ത ഉഴുന്ന്, കാൽ കപ്പ് രാജ്മ, ഒരു സവാള, രണ്ട് തക്കാളി, ഒരു ടേബിൾസ്പൂൺ ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, ഒരു ടീസ്പൂൺ മുളകുപൊടി, അര ടീസ്പൂൺ ഗരം മസാല, രണ്ട് ടേബിൾസ്പൂൺ വെണ്ണ, രണ്ട് ടേബിൾസ്പൂൺ ക്രീം, ഉപ്പ് എന്നിവ എടുക്കുക.
ഉഴുന്നും രാജ്മയും രാത്രി മുഴുവൻ കുതിർത്ത് നന്നായി വേവിക്കുക. പാനിൽ വെണ്ണ ചൂടാക്കി സവാളയും ഇഞ്ചി-വെളുത്തുള്ളി പേസ്റ്റും വഴറ്റുക. തക്കാളിയും മുളകുപൊടിയും ചേർത്ത് മസാല തയ്യാറാക്കുക. ഇതിലേക്ക് വേവിച്ച പരിപ്പും ആവശ്യത്തിന് വെള്ളവും ചേർത്ത് കുറഞ്ഞ തീയിൽ വേവിക്കുക. പരിപ്പ് കുറച്ച് ഉടച്ച് ഗ്രേവി കട്ടിയാക്കാം. അവസാനം ക്രീമും ഗരം മസാലയും ചേർത്ത് ചൂടോടെ വിളമ്പാം.