സദ്യക്കൊപ്പം കറിവേപ്പില അച്ചാര്‍ ആയാലോ?

 

ആവശ്യമായ സാധനങ്ങള്‍

കറിവേപ്പില, ഉലുവ, ജീരകം, കടലപ്പരിപ്പ്, വെളുത്തുള്ളി, ഇഞ്ചി, വാളന്‍പുളി, എള്ളെണ്ണ, മുളകുപൊടി, മഞ്ഞപ്പൊടി, കായപ്പൊടി, വിനാഗിരി, ശര്‍ക്കര, ഉപ്പ്


തയ്യാറാക്കുന്ന വിധം

നന്നായി കഴുകിയെടുത്ത കറിവേപ്പില ഈര്‍പ്പം കളയാന്‍ വെക്കുക. ഇതേസമയം ഒരു പാത്രത്തില്‍ തിളച്ച വെള്ളമെടുത്ത് ഒരു കഷ്ണം വാളന്‍ പുളി ചേര്‍ത്തു വെക്കുക. ഇതിലേക്ക് ഈര്‍പ്പം കളഞ്ഞ കറിവേപ്പില കുതിരാനായി ഇട്ടുവെക്കുക. പാന്‍ ചൂടാക്കിയതിനു ശേഷം മൂന്ന് ടേബിള്‍ സ്പൂണ്‍ എള്ളെണ്ണ ഒഴിച്ച് ചൂടാക്കുക. ഇതിലേക്ക് അല്‍പ്പം ഉലുവ, ജീരകം , കടലപ്പരിപ്പ് എന്നിവ ,ചേര്‍ത്ത് ഇളക്കുക. ഇവ മൂന്നും മൂത്ത് വരുമ്പോള്‍ ഇതിലേക്ക് വെളുത്തുള്ളി ചേര്‍ക്കുക, ശേഷം നേരത്തെ കുതിര്‍ക്കാന്‍ വച്ച കറിവേപ്പില ഇതിലേക്ക് ചേര്‍ക്കുക.

കറിവേപ്പില ഒന്ന് മൊരിഞ്ഞുവരുമ്പോള്‍ ആവശ്യത്തിന് മുളകുപൊടി മഞ്ഞള്‍പ്പൊടി ചേര്‍ത്ത് വഴറ്റുക. ശേഷം സ്റ്റൗ ഓഫ് ചെയ്ത് ഈ കൂട്ട് തണുക്കാനായി മാറ്റിവെക്കുക. ശേഷം മികിസിയിലേക്ക് ഇത് മാറ്റി പുളിവെള്ളവും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് അരച്ചെടുക്കുക. ഒരു പാനെടുത്ത് കുറച്ച് എള്ളെണ്ണ കൂടി ചേര്‍ത്ത് ഈ മിശ്രിതം ചൂടാക്കിയെടുക്കുക. ശേഷം ഇഞ്ചിയും വെളുത്തുള്ളിയും വഴറ്റിയത് ചേര്‍ക്കുക, ഒപ്പം കായപ്പൊടിയും ചേര്‍ത്ത് ഇളക്കുക. ശേഷം വിനാഗിരിയും ശര്‍ക്കരയും കൂടി ചേര്‍ക്കുക. രുചിയൂറും അച്ചാര്‍ ഇനി സദ്യക്കൊപ്പം വിളമ്പാം.