കുട്ടികളെ കൈയിലാക്കാൻ ഇത് നൽകൂ

 

ചേരുവകൾ

    വെണ്ണ - ½ കപ്പ്
    ശർക്കരപൊടി - ¾ കപ്പ്
    ഗോതമ്പുപൊടി -1 ½ കപ്പ് + 2 ടേബിൾ സ്‌പൂൺ
    ബേക്കിങ് പൗഡർ -1 ¼ ടീസ്പൂൺ
    കൊക്കോ പൗഡർ - 4 ടേബിൾസ്പൂൺ
    പാൽ -3 ടേബിൾസ്പൂൺ

ഫില്ലിങ്ങ്

    വറുത്ത കപ്പലണ്ടി -1 കപ്പ്
    കൊക്കോ പൗഡർ - 2 ടേബിൾസ്പൂൺ
    ശർക്കര പൊടി - 4 ടേബിൾസ്പൂൺ
    വെളിച്ചെണ്ണ - 1 ടേബിൾസ്പൂൺ
    ചൂടുവെള്ളം - ആവശ്യത്തിന്

തയാറാക്കുന്ന വിധം

ഒരു പാത്രത്തിൽ വെണ്ണയും ശർക്കരപ്പൊടിയും ചേർത്ത് നന്നായി യോജിപ്പിക്കുക.

ഇതിൽ ഗോതമ്പുപൊടിയും കൊക്കോ പൗഡറും ബേക്കിംഗ് പൗഡറും അരിച്ചു ചേർക്കുക. നന്നായി യോജിപ്പിച്ചെടുക്കുക. പാൽ ചേർത്തു കൈ കൊണ്ടു പതുക്കെ കുഴച്ചെടുക്കുക. ആവശ്യമെങ്കിൽ 1 ടേബിൾസ്പൂൺ പാൽ ചേർക്കാവുന്നതാണ്. എല്ലാം ചേർത്ത് യോജിപ്പിച്ച് ചപ്പാത്തി മാവ് പരുവത്തിൽ എടുക്കുക.

ഒരു ബട്ടർ പേപ്പർ എടുത്ത് അതിലേക്കു കുറച്ചു മാവു വച്ച് പരത്തിയെടുക്കുക. മീഡിയം കട്ടിയിൽ വേണം പരത്തിയെടുക്കാൻ. ഇനി ഇഷ്ടമുള്ള ആകൃതിയിൽ മുറിച്ചെടുക്കുക. ബേക്ക് ചെയ്‌തെടുക്കുന്നതിനായി ചുവടുകട്ടിയുള്ള പാത്രം അടുപ്പിൽ വച്ച് അടച്ചു 5 മിനിറ്റ്, മീഡിയം തീയിൽ ചൂടാക്കുക .അതിലേക്കു ഒരു സ്റ്റാൻഡ് വച്ച് കൊടുക്കുക. ആ സ്റ്റാൻഡിനു മുകളിൽ വെണ്ണ തടവിയ പ്ലേറ്റിൽ മുറിച്ചെടുത്ത ബിസ്ക്കറ്റ് വയ്ക്കാം. 20 മിനിറ്റ് ബേക്ക് ചെയ്‌ത് എടുക്കുക. ബേക്കിങ് സമയം ബിസ്ക്കറ്റിന്റെ കട്ടിയും എടുത്ത പാത്രവും അനുസരിച്ചു ഇരിക്കും. 15 മിനിറ്റ് കഴിയുമ്പോൾ തുറന്നു നോക്കിയിട്ടു വെന്തില്ലെങ്കിൽ വീണ്ടും വയ്ക്കാം. ബിസ്ക്കറ്റ് കുറച്ചു പൊന്തിവരുകയും നിറം മാറുകയും ചെയ്യും.

ബേക്ക് ചെയ്ത് എടുത്ത ശേഷം നന്നായി തണുക്കണം. അല്ലെങ്കിൽ ബിസ്ക്കറ്റ് പൊടിഞ്ഞുപോകും. ബിസ്ക്കറ്റ് തണുത്ത ശേഷം ഫില്ലിങ് നിറയ്ക്കാം.

ഫില്ലിങ്ങിനായി മിക്‌സിയുടെ ചെറിയ ജാറിൽ കപ്പലണ്ടി ആദ്യം ഒന്നു പൊടിച്ചെടുക്കുക. അതിലേക്കു വെള്ളം ഒഴിക്കെ ബാക്കി എല്ലാ ചേരുവകളും ചേർത്ത് വീണ്ടും ഒന്ന് അടിക്കുക. ഇനി ചൂടുവെള്ളം ആവശ്യത്തിന് ചേർത്ത് ആവശ്യമുള്ള കട്ടിയിൽ യോജിപ്പിച്ചെടുക്കാം. ഈ ഫില്ലിംഗ് ബിസ്‌ക്കറ്റിൽ തേച്ച് വേറെ ഒരു ബിസ്ക്കറ്റ് അതിനു മുകളിൽ വച്ച് അടച്ചെടുക്കാം.