ചൂടോടെ കുടിക്കാൻ ഇത് തയ്യാറാക്കി നോക്കൂ ...
ചേരുവകൾ
ചിക്കൻ ബ്രേസ്റ്റ്, ക്യാരറ്റ്, ബീൻസ്, സവാള, ബ്രോക്കോളി, സ്വീറ്റ് കോൺ, ക്യാപ്‌സിക്കം, രണ്ടു സ്പൂൺ റാഗി പൗഡർ, ഇഞ്ചിയും വെളുത്തുള്ളിയും ചതച്ചത്
തയാറാക്കുന്ന വിധം
ഒരു കുക്കറിൽ ചിക്കൻ ചേർക്കാം. അതിലേക്ക് ഒരു സ്പൂൺ കുരുമുളകുപൊടിയും ഒരു നുള്ള് ഉപ്പും ഒരു കപ്പ് വെള്ളവും ചേർത്ത് അടച്ചുവച്ച് ഒരു വിസിൽ അടിപ്പിക്കുക. ചിക്കൻ വേവുമ്പോഴേക്ക് അടുപ്പിൽ മറ്റൊരു പാത്രം വച്ച് ചൂടാകുമ്പോൾ അതിലേക്ക് എണ്ണയൊഴിച്ച് ചൂടായ എണ്ണയിലേക്ക് ചതച്ച വെളുത്തുള്ളിയും ഇഞ്ചിയും ഇട്ട് ഒന്ന് വഴറ്റുക. അതിനുശേഷം അതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന വെജിറ്റബിൾസ് ചേർക്കാം. ചെറിയ ചൂടിൽ അതൊന്നു വഴറ്റി വേവിക്കാൻ വയ്ക്കുക. ആ സമയം കൊണ്ട് ക്യാപ്സിക്കം ചെറുതായി അരിഞ്ഞു വയ്ക്കുക. കൂടാതെ ഒരു ചെറിയ ബൗളിൽ നേരത്തെ എടുത്ത രണ്ടു സ്പൂൺ റാഗി പൗഡർ ചെറു ചൂട് വെള്ളത്തിൽ കട്ടയില്ലാതെ കലക്കി വയ്ക്കുക. പിന്നെ വഴന്നു തുടങ്ങിയ വെജിറ്റബിൾസിലേക്ക് കുറച്ചു വെള്ളം ഒഴിച്ചു കൊടുക്കുക. അതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന ക്യാപ്സിക്കവും നേരത്തെ ചെറു ചൂടുവെള്ളത്തിൽ കലക്കിവച്ച റാഗി പൗഡറും ചേർക്കുക.
ആവശ്യത്തിന് വെള്ളം വേണമെങ്കിൽ കുറച്ചുകൂടി വെള്ളം ചേർക്കാവുന്നതാണ്. റാഗി പൗഡർ ചേർത്ത് കഴിഞ്ഞാൽ ഇളക്കിക്കൊണ്ടേയിരിക്കണം അല്ലെങ്കിൽ റാഗി പെട്ടെന്ന് കുറുകി അടിയിൽ പിടിക്കാനുള്ള സാധ്യത ഏറെയാണ്. ഈ സമയം കൊണ്ട് വെന്ത് കഴിഞ്ഞ ചിക്കൻ പീസ് എടുത്ത് ചെറു ചൂടോടെ തന്നെ ചെറിയ കഷണങ്ങളാക്കി മുറിച്ചെടുക്കുക. അതും കൂടി ഈ മിശ്രിതത്തിലേക്ക് ഇട്ടുകൊടുക്കുക. കൂടാതെ ചിക്കൻ വേവിച്ച വെള്ളം (ചിക്കൻ സ്റ്റോക്ക്) കൂടി ഈ സൂപ്പിലേക്ക് ചേർക്കണം അധികം വെള്ളമാകാതെ ശ്രദ്ധിക്കേണ്ടതുണ്ട്. സൂപ്പർ ഭാഗമായി കഴിയുമ്പോൾ അതിലേക്ക് ആവശ്യത്തിന് കുരുമുളകും ഉപ്പും ചേർത്ത് ചൂടോടെ കഴിക്കാം.