രുചിയോടെ തയാറാക്കാം ചിക്കൻ റോസ്റ്റ് !

 

ചേരുവകൾ

    ചിക്കൻ - 1 കിലോ
    സവാള - 1 1/2 അരിഞ്ഞത്
    ഇഞ്ചി – വെളുത്തുള്ളി പേസ്റ്റ് - 1 ടേബിൾ സ്പൂൺ
    ഇഞ്ചി - 1 ചെറിയ കഷണം
    വെളുത്തുള്ളി - 4 അല്ലി
    പച്ചമുളക് - 3 എണ്ണം
    തൈര് - 3/4 ടേബിൾ സ്പൂൺ
    നാരങ്ങാ നീര് - 1 ടീസ്പൂൺ
    മല്ലിപ്പൊടി - 2 ടേബിൾ സ്പൂൺ
    മുളകുപൊടി - 1 1/2 ടേബിൾ സ്പൂൺ
    മഞ്ഞൾപ്പൊടി - 1 ടീസ്പൂൺ
    കുരുമുളകു ചതച്ചത്- 3 ടീസ്പൂൺ
    ഗരം മസാല - 2 ടീസ്പൂൺ
    തക്കാളി - 1
    കറിവേപ്പില, വറ്റൽ മുളക്, കടുക്, പെരുംജീരകം, എണ്ണ താളിക്കാൻ ആവശ്യത്തിന്
    ഉപ്പ് – ആവശ്യത്തിന്

ഗരംമസാല തയാറാക്കാൻ

3 ഏലയ്ക്ക, കറുവപ്പട്ട, ഗ്രാമ്പു, തക്കോലം, ഒരു നുള്ള് ജീരകം, ഒന്നരടീസ്പൂൺ പെരുംജീരകം 1 ടേബിൾസ്പൂൺ കുരുമുളക് എന്നിവ പാനിൽ ചൂടാക്കി മിക്സിയിൽ പൊടിച്ചെടുത്താൽ ഗരം മസാലക്കൂട്ട് റെഡിയായി.

തയാറാക്കുന്ന വിധം

വൃത്തിയാക്കിയ ചിക്കൻ ചുവടു കട്ടിയുള്ള പാത്രത്തിൽ എടുക്കുക. ഇതിലേക്ക് 1 ടീസ്പൂൺ മഞ്ഞൾപ്പൊടി, 1 ടേബിൾസ്പൂൺ മുളകുപൊടി, 3/4 ടീസ്പൂൺ മല്ലിപ്പൊടി,1 ടീസ്പൂൺ കുരുമുളകു ചതച്ചത്, 2 ടീസ്പൂൺ ഗരംമസാല, ആവശ്യത്തിന് ഉപ്പ്, ചെറുതായി അരിഞ്ഞ വെളുത്തുള്ളിയും ഇഞ്ചിയും എന്നിവ 2 ഗ്ലാസ്‌ വെള്ളം ചേർത്ത് വേവിച്ചെടുക്കണം. വെള്ളം നന്നായി വറ്റണം.

ഗ്രേവി തയാറാക്കാൻ

പാനിൽ എണ്ണ ചൂടാക്കി കടുക്, പെരുംജീരകം, വറ്റൽമുളക്, കറിവേപ്പില എന്നിവ ഏതാനും സെക്കൻഡ് ഇളക്കണം. ഇതിലേക്കു സവാള അരിഞ്ഞതു ചേർക്കാം. സവാള വഴന്നു കഴിഞ്ഞാൽ  ഇഞ്ചി– വെളുത്തുള്ളി പേസ്റ്റ് ചേർക്കാം. ഇതിലേക്കു മൂന്നു പച്ചമുളക് വട്ടത്തിൽ അരിഞ്ഞതും ചേർത്ത്  പച്ചമണം മാറുംവരെ ഇളക്കണം. തക്കാളി അരിഞ്ഞത്, തൈര്, നാരങ്ങനീര് എന്നിവയും ചേർക്കാം.

തീ നന്നായി കുറച്ച ശേഷം പൊടികൾ ഓരോന്നായി ഇട്ടു കൊടുക്കാം. മഞ്ഞൾപ്പൊടി, മുളകുപൊടി, മല്ലിപ്പൊടി, കുരുമുളകു ചതച്ചത് തുടങ്ങിയവ ചേർക്കാം.

ഈ ഗ്രേവിയിലേക്കു തയാറാക്കിവച്ചിരിക്കുന്ന കോഴിക്കഷണങ്ങൾ ചേർക്കാം. തീ അൽ‍പം കൂട്ടി നന്നായി കുറുക്കിയെടുക്കണം. ആവശ്യത്തിനു കറിവേപ്പിലയും ചേർക്കാം. ഫ്രൈഡ് റൈസ്, ചോറ്, അപ്പം, പൊറോട്ട, ചപ്പാത്തി തുടങ്ങി ‌എന്തിന്റെയും കൂടെ ചേരുന്ന ചിക്കൻ റോസ്റ്റാണിത്.