തക്കാളി-കാരറ്റ് തേങ്ങാപ്പാൽ സ്പെഷ്യൽ

 

  ചേരുവകൾ

    കാരറ്റ് (കഷ്ണങ്ങളാക്കിയത്) - ആവശ്യത്തിന്
    തക്കാളി (കഷ്ണങ്ങളാക്കിയത്) - 3-4 എണ്ണം
    സവാള (അരിഞ്ഞത്) - 1 എണ്ണം
    തേങ്ങാപ്പാൽ - 1 കപ്പ്
    വെളുത്തുള്ളി (ചതച്ചത്) - 4-5 അല്ലി
    കുരുമുളക് - 1 ടീസ്പൂൺ
    വഴനയില- 1 എണ്ണം
    തക്കാളി കെച്ചപ്പ് - 1 ടേബിൾ സ്പൂൺ
    പഞ്ചസാര - ഒരു നുള്ള്
    വെജിറ്റബിൾ സ്റ്റോക്ക് - ആവശ്യത്തിന്
    വെളിച്ചെണ്ണ അല്ലെങ്കിൽ എണ്ണ - ആവശ്യത്തിന്
    ഉപ്പ് - പാകത്തിന്
    മല്ലിയില - അലങ്കരിക്കാൻ

തയ്യാറാക്കുന്ന വിധം

    ആദ്യമായി ഒരു പ്രഷർ കുക്കർ അടുപ്പിൽ വെച്ച് അല്പം എണ്ണ ഒഴിക്കുക. എണ്ണ ചൂടാകുമ്പോൾ ചതച്ച വെളുത്തുള്ളി ചേർത്ത് പൊൻനിറമാകുന്നത് വരെ വഴറ്റുക.
    ഇതിലേക്ക് അരിഞ്ഞ സവാള, വഴനയില, കുരുമുളക് എന്നിവ ചേർത്ത് സവാള വഴന്നു വരുന്നതു വരെ ഇളക്കുക.
    ശേഷം തക്കാളിയും കാരറ്റും ചേർത്ത് യോജിപ്പിക്കുക. തക്കാളി മൃദുവാകുന്നത് വരെ ഏകദേശം 5 മിനിറ്റ് വേവിക്കണം.
    ഇതിലേക്ക് ഉപ്പ്, ഒരു നുള്ള് പഞ്ചസാര, തക്കാളി കെച്ചപ്പ് എന്നിവ ചേർത്ത് ഇളക്കുക. ഇനി വെജിറ്റബിൾ സ്റ്റോക്ക് ഒഴിച്ച് കുക്കർ അടച്ച് നാലോ അഞ്ചോ വിസിൽ വരുന്നത് വരെ വേവിക്കുക.
    പ്രഷർ മാറിയ ശേഷം കുക്കർ തുറന്ന് ഒരു ബ്ലെൻഡർ ഉപയോഗിച്ച് ഈ മിശ്രിതം നന്നായി അടിച്ചെടുക്കാം. ശേഷം ഇത് അരിച്ചെടുക്കാം.അത് ഒരു പാനിലേക്ക് ഒഴിച്ച് തിളപ്പിക്കാം.
    സൂപ്പ് കുറുകി വരുമ്പോൾ തീ കുറച്ച് വയ്ക്കുക. തിള നിലയ്ക്കുമ്പോൾ ഇതിലേക്ക് തേങ്ങാപ്പാൽ ചേർത്ത് സാവധാനം ഇളക്കുക.
    തേങ്ങാപ്പാൽ ഒഴിച്ച ശേഷം സൂപ്പ് കൂടുതൽ തിളപ്പിക്കരുത്. മുകളിൽ അല്പം തേങ്ങാപ്പാലും മല്ലിയിലയും തൂവി അലങ്കരിച്ചാൽ സ്വാദിഷ്ടമായ തേങ്ങാപ്പാൽ സൂപ്പ് തയ്യാർ. ഇത് ചൂടോടെ കുടിച്ചു നോക്കൂ.